Thursday, October 30, 2008

പത്താം താള്‍ ... " തുടയ്ക്ക് തുമ്പ പൂവേ ഈ കണ്ണീര് ... "

ലീവില്‍ പോകുമ്പോള്‍ ചെയ്യാറുള്ള കാര്യങ്ങളില്‍ ഒന്നാണിത് . ഏട്ടന്‍റെ മേശ തുറന്നു നോക്കുക എന്നത് . ഏട്ടന്‍റെ പഴയ ഒരു ജോഡി ചെരുപ്പ്,പേന,കുറെ പി.എസ്.സി റാങ്ക് ഫയലുകള്‍ , കുറെ നോട്ട് പുസ്തകങ്ങള്‍ എന്നിവയല്ലാതെ ഒന്നും അതിനകത്തില്ല എന്ന് വ്യക്തമായി അറിയാം എന്നിരുന്നാലും അത് തുറക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പിലേക്ക് പോകും ഞാന്‍ അറിയാതെ .അവിടെ ഏട്ടന്‍റെ സാമീപ്യമുണ്ട് ...

ഒന്‍പതു വയസ്സ് താഴെയുള്ള കുഞ്ഞനുജാനായിരുന്നത് കൊണ്ടോ എന്തോ എന്നറിയില്ല ഏട്ടനെന്നെ വല്ലാതെ സ്നേഹിച്ചിരുന്നു . എന്നെ പേരിനോടൊപ്പം "കുട്ടാ' എന്ന് ചേര്‍ത്ത് വിളിച്ചിരുന്നത് ഏട്ടന്‍ മാത്രം . നടക്കാന്‍ വയ്യാത്ത അച്ഛന്‍റെ സ്ഥാനത്ത് നിന്നു വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു ഏട്ടന്‍ . ഒരു കൊച്ചു ഗൃഹനാഥന്റെ സ്ഥാനം ഏറ്റെടുത്ത് . അത് കൊണ്ടു തന്നെ " എനിക്ക് തന്നെപ്പോലെ കളിച്ച് നടക്കാന്‍ പറ്റിയിട്ടില്ലെടോ , ഞാന്‍ ചെറുപ്പത്തിലെ വയസ്സനായി " എന്ന് ഏട്ടന്‍ പകുതി കളിയായും പകുതി കാര്യമായും പറയാറുള്ളത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു .

ഏട്ടന്‍ പഠിക്കാന്‍ അത്ര മിടുക്കനായിരുന്നില്ല . പത്താം ക്ലാസ്സില്‍ ചുരുങ്ങിയ മാര്‍ക്ക് വാങ്ങി ജയിച്ചപ്പോള്‍ , അതിന് ശേഷം കോളേജില്‍ അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി ഓടി നടന്നപ്പോള്‍ ഏട്ടന്‍ ഒരുപാടു വിഷമിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു . വര്‍ഷങ്ങള്‍ക്കു ശേഷം അതെ കടമ്പ നല്ലൊരു മാര്‍ക്ക് വാങ്ങി ഞാന്‍ കടന്നപ്പോള്‍ കുഞ്ഞനുജന്റെ വിജയത്തില്‍ എന്നെക്കാലേറെ സന്തോഷിച്ചത്‌ ആ മനുഷ്യനായിരുന്നു ...

ഏട്ടനെന്തിനും ഉത്സാഹമായിരുന്നു . തന്‍റെ ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരെ അറിയിക്കാതിരിക്കുന്നതില്‍ ഒരു പ്രത്യേക ശ്രദ്ധ വച്ചിരുന്നു അദ്ദേഹമെന്നും . ആരെയും ഒന്നും അറിയിക്കാതെ എപ്പോളും ഒരു ചിരിച്ച മുഖത്തോടെ നേരിടുന്ന ഏട്ടന്‍റെ മനോധൈര്യം ഇന്നും എനിക്കന്യം .

ഈശ്വരന്റെ കണക്കു കൂട്ടലുകള്‍ക്ക് തെറ്റ് പറ്റാറുണ്ടോ ?. ഉണ്ടാവില്ല . വലിയ പ്രോജക്ടുകള്‍ കിട്ടുമ്പോള്‍ നല്ല കഴിവുള്ളവരെ കമ്പനി അതിലേക്കു മാറ്റുന്ന പോലെ ഈശ്വരനും ചെയ്തു കാണും ... അത് ശരിയാണോ ?... ആണോ ? ... അത് വരെ കൈ പിടിച്ചു നടന്ന്‌, ഇനി താന്‍ തന്നെ നടന്നാല്‍ മതി എന്നും പറഞ്ഞ്‌ എവിടെയോ മറഞ്ഞു ഏട്ടന്‍. ഒരു പാടു നല്ല കുറെ ഓര്‍മ്മകള്‍ മാത്രം ബാക്കി വച്ചു കൊണ്ട് ...

നോട്ട് : - ഈ ശീര്‍ഷകം എനിക്കിഷ്ടപ്പെട്ട ഒരു മോഹന്‍ലാല്‍ സംഭാഷണത്തില്‍ നിന്നും കടമെടുത്തതാണ് ....

6 comments:

Anil cheleri kumaran said...

ഒട്ടു കണ്ണീരോടെ വായിച്ചു തീര്‍ത്തു. എന്താ പറയുക..
നിത്യശാന്തി നേരുന്നു.

mayilppeeli said...

നഷ്ടപ്പെടലിന്റെ വേദന.....നഷ്ടപ്പെട്ടവര്‍ക്കു മാത്രമറിയാനാകുന്ന വിങ്ങല്‍....ഒന്നും പറയാന്‍ തോന്നുന്നില്ല....നന്മകള്‍ നേരുന്നു....

BS Madai said...

ആ ഏട്ടന്‍ തന്ന സ്നേഹം വരികളില്‍ നിറഞു നില്‍ക്കുന്നു.... ആ നല്ല ഓര്‍മ്മകള്‍ പങ്കുവച്ചതിന് നന്ദി. എല്ല്ലാ നന്മകളും...

Jayasree Lakshmy Kumar said...

നിത്യശാന്തി നേരുന്നു, ഏട്ടന്
നന്മകളും ഒറ്റക്കു നടന്നു മുന്നേറാനുള്ള ത്രാണിയും ഈശ്വരൻ തരട്ടെ എന്ന പ്രാർത്ഥന അനിയനു വേണ്ടിയും

bijuneYYan said...

മനസ്സീത്തട്ടുന്ന ലേഖനം..

വിനോദ് said...

നന്മകള്‍ ...