Wednesday, October 22, 2008

ആറാം താള്‍ " പ്രൊജക്റ്റ്‌ മഹാമഹം "

ഒരു ചെറിയ മുന്നറിയിപ്പ് :- ഇതില്‍ ഒരല്പം ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ടെക്നോളജി കടന്നു വരും . താത്പര്യമില്ലതവരും , ഈ മേഖലയില്‍ അവഗാഹം ഇല്ലാത്തവരും സദയം ക്ഷമിക്കുക ...

ആശയങ്ങള്‍ കടല്‍ പോലെ വന്നിരുന്ന കാലമായിരുന്നു ഡിപ്ലോമ പഠന കാലം . പുതിയ പുതിയ ആശയങ്ങളും , അവയെക്കുറിച്ചുള്ള കൂലം കഷമായ ചര്‍ച്ചകളാലും മുഖരിതമായിരുന്നു ഞങ്ങളുടെ ക്ലാസും കാമ്പുസും . ഒരു എഡിസണോ ഫാരെടെയോ ഉയര്‍ന്നു വരും എന്ന് പലരും കണക്കു കൂട്ടി . എന്തോ വന്നില്ല . ആ കണക്കിനായിരുന്നു ആശയങ്ങളുടെ പ്രവാഹം ... എന്തൊക്കെ ബഹളമായിരുന്നു ...

പഠിച്ച ശാസ്ത്രം എത്ര കണ്ടു തിരു മണ്ടയില്‍ പ്രവേശിച്ചിട്ടുണ്ട് എന്ന് തെളിയിക്കാനുള്ള അവസരമാണ് പ്രൊജക്റ്റ്‌ . പഠിക്കുന്ന വിഷയവുമായി ബന്ധമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി , അതുപോയോഗിച്ചു ഒരു യന്ത്രമോ അല്ലെങ്കില്‍ ഒരു പ്രബന്ധമോ രചിക്കാം .

മുഖ്യ അധ്യാപകന്‍റെ അധ്യക്ഷതയില്‍ ക്ലാസ്സിനെ പല സംഘങ്ങലാക്കി തിരിച്ചു . ഇനി പരസ്പരം ചര്‍ച്ച ചെയ്തു ഒരു വിഷയത്തെ ആസ്പദമാക്കി പ്രൊജക്റ്റ്‌ ചെയ്യാം എന്ന് അദ്ദേഹം നയം വ്യക്തമാക്കി . ഞങ്ങള്‍ അഞ്ചു പേരും ഒരു പെണ്‍ കുട്ടിയും . കാര്യമായി വലിയ ഗന്ധം ഒന്നും ഞങ്ങള്‍ക്കാര്‍ക്കും ഇല്ല. പക്ഷെ ഞങ്ങളുടെ ഭാവം കണ്ടിരുന്നെന്കില്‍ ഐന്‍സ്റ്റീന്‍ വരെ എഴുന്നേറ്റു നിന്നു ബഹുമാനിക്കുമായിരുന്നു ... ഞങ്ങളിത് തകര്‍ത്തു തരിപ്പണം ആക്കിക്കളയും എന്ന ഭാവം ... കൂട്ടത്തില്‍ ഓംസ് തിയറി തെറ്റില്ലാതെ അറിയാമെന്ന ഒറ്റ കാരണത്താല്‍ അവര്‍ എന്നെ ടീം ലീഡര്‍ ആക്കി . ഈ അബദ്ധം അവര്‍ക്കെങ്ങിനെ പറ്റി എന്ന് ഇന്നും ഒരു പിടിയും കിട്ടാത്ത കാര്യം ... അത് പോട്ടെ ...

കൂലം കഷമായ , തല പൊളിക്കും ( " Brain stroming " ) വിധത്തിലുള്ള ചര്‍ച്ചക്കൊടുവില്‍ ആശയം വന്നു ... വിഷയം "Brush less generator " .വന്നത് ഈ തിരു മണ്ടയില്‍ തന്നെ എന്ന് സമ്മതിക്കുന്നു . കൂട്ടത്തിലുള്ള മഹാന്‍മാര്‍ എല്ലാം തലകുത്തിനിന്നു ആലോചന തുടങ്ങി . പാവം പാഞ്ചാലി ( ഒരേ ഒരു പെണ്‍ തരി --- സംഘത്തിലെ ) പറഞ്ഞു ... ഞാന്‍ നോട്ട്സ് ഉണ്ടാക്കാം . നിങ്ങള്‍ പ്രൊജക്റ്റ്‌ ചെയ്തു കൊള്ളൂ എന്ന് . സന്തോഷം ... ഞങ്ങളുടെ അഞ്ചംഗ സംഘത്തെ പഞ്ച പാണ്ടവരെന്നു വിളിച്ച കൂട്ടുകാരെ ഞങ്ങള്‍ സഹതാപത്തോടെ നോക്കി . മഹാ സമാധിയില്‍ നിന്നു എഴുന്നേറ്റ യോഗി , ലൌകിക സുഖ ദുഖങ്ങളില്‍ മുഴുകി നടക്കുന്ന സാധാരണക്കാരെ നോക്കുന്ന സഹതാപത്തോടെ ...

പ്രൊജക്റ്റ്‌ ഒരു വന്‍ വിജയമാക്കി അതേതു കമ്പനിക്ക്‌ വിക്കണം എന്ന്ന ചര്‍ച്ച വരെ നടന്നു . എന്‍റെ ഭഗവാനെ , ഇവിടെ എങ്ങിനെ തുടങ്ങണം എന്ത് ചെയ്യണം എന്ന ഒരു ധാരണയും ഇല്ലാ . അപ്പോഴേക്കും ആശയം എത്ര ലക്ഷത്തിനു വിക്കണം ... ഭഗവാനേ അവിടുന്ന് തന്നെ തുണ ... ഞാനല്ലേ സംഘത്തലവന്‍ . അവര്‍ക്കെന്തും ആകാമല്ലോ ...

മറ്റു സംഘങ്ങള്‍ എല്ലാം വര്‍ക്കു തുടങ്ങി . പഞ്ച പാണ്ടവരും പാഞ്ചാലിയും ബ്ലിങ്ങസ്യ എന്ന അവസ്ഥയിലാണ് . പാഞ്ചാലി പാവം അപകടം മണത്തു നോട്ട്സ് എഴുതിത്തുടങ്ങി . അത്രയെങ്കിലും ആയെന്നു പറയാമല്ലോ . പ്രായം കൊണ്ടു സംഘത്തിലെ സഹദേവന്‍ ആണെങ്കിലും , യുധിഷിര സ്ഥാനമായിരുന്നു എനിക്ക് .

ഒരു വൈകുന്നേരം നകുലന്‍ കാര്യം ഉണര്‍ത്തിച്ചു . " ജ്യെഷ്ട്ടാ കാര്യം ഈ പോക്കു പോയാല്‍ കുളമാകും . അതുകൊണ്ട് ബുദ്ധിപരമായി ചിന്തിച്ചപ്പോള്‍ ഈ ഉള്ളവന്‍റെ തലയില്‍ ഒരു ആശയം വരുന്നു ... ഞാന്‍ ഉണര്തിക്കട്ടെ ? ." എന്‍റെ മൌനം സമ്മതം ആയി എടുത്തു നകുലന്‍ കാര്യം പറഞ്ഞു . പ്രസ്തുത പ്രോജക്ടില്‍ ഉണ്ടാക്കേണ്ട മെഷീന്‍ കാശ് കൊടുത്തു കോയമ്പത്തൂരില്‍ നിന്നു വാങ്ങുക എന്നായിരുന്നു നകുലാഭിപ്രായം ... സത്യത്തിനും ധര്‍മ്മത്തിനും നിരക്കാത്ത ഈ അഭിപ്രായത്തെ യുധിഷിരനായ ഞാന്‍ തള്ളി എങ്കിലും പാഞ്ചാലിയടക്കമുള്ള സംഘത്തിന്‍റെ സമ്മര്‍ദ്ദത്തിനു വിധേയമായി ഈ പാവം യുധിഷിരനും സമ്മതിച്ചു ...

അങ്ങിനെ കോയമ്പത്തൂരില്‍ നിന്നും യന്ത്രം ( generator ) കൊണ്ടു വന്നു ... ഇനി ഇതെങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നറിയണ്ടേ ... അതറിയില്ലെങ്കില്‍ വൈവാ വോസി എന്ന കടമ്പയില്‍ എല്ലാം തകരും ... അതിന് വേണ്ടി യന്ത്രം അഴിച്ചു പണിഞ്ഞു പഠിക്കാന്‍ തീരുമാനമായി .

എല്ലാം വരച്ചെടുത്തു കുറിച്ചു വച്ച് ജനരേടര്‍ അഴിച്ചു ... ഏതോ മുജ്ജന്മ സുകൃതത്താല്‍ അതൊക്കെ മനസ്സിലായി . തിരിച്ചു നട്ടും ബൊള്ടും മുറുക്കുമ്പോഴും ആധിയായിരുന്നു . എന്‍റെ ഭഗവാനെ ഇതെങ്ങാനും പണി മുടക്കുമോ എന്ന് . സകല ദൈവങ്ങളെയും വിളിച്ചു വിളിച്ചു അത് സ്റ്റാര്‍ട്ട് ആക്കി . ദൈവമേ ശതകോടി പ്രണാമം ...

നോട്ട് : - നര്‍മത്തിന് വേണ്ടിയാണ് ഇതിലെ പലര്‍ക്കും ഒരു വിഡ്ഢി പരിവേഷം നല്‍കിയിരിക്കുന്നത് . ക്ലാസ്സില്‍ നല്ല മാര്‍ക്കോടെ ആണ് ഞങ്ങളെല്ലാം പാസ് ആയതും. സത്യത്തില്‍ നല്ലൊരു ധാരണയോടെ തന്നെയാണ് ഞങ്ങള്‍ പ്രൊജക്റ്റ്‌ ചെയ്തത് . ഇതിനെക്കുറിച്ച്‌ ഞങ്ങള്‍ നല്ലൊരു പഠനം തന്നെ നടത്തിയിട്ടാണ് തുടങ്ങിയത് . നല്ലൊരു റിപ്പോര്‍ട്ടും ഞങ്ങള്‍ ഉണ്ടാക്കി . പ്രൊജക്റ്റ്‌ കണ്ട പലരും ഇതു വ്യാവസ്സായികാടിസ്ഥാനത്തില്‍ എന്ത് കൊണ്ടു നിര്‍മ്മിച്ചു കൂടാ എന്ന് ചോദിച്ചതായി തുറന്നു പറയട്ടെ ... ചുരുക്കത്തില്‍ ആ പ്രൊജക്റ്റ്‌ വര്‍ക്ക് നേടിത്തന്ന വിവരം ഞങ്ങള്‍ക്കെവര്‍ക്കും പിന്നീട് പലപ്പോഴും സഹായകമായിരുന്നു ...

ഒപ്പം പ്രൊജക്റ്റ്‌ കാശ് കൊടുത്തു പുറമെ നിന്നു വാങ്ങുന്നത് ഒഴിവാക്കുക എന്‍റെ കൊച്ചു കൂട്ടുകാരെ എന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു കൊണ്ടു " പ്രൊജക്റ്റ്‌ മഹാമഹം " ഇവിടെ നിര്‍ത്തുന്നു ...

No comments: