Thursday, October 30, 2008

പത്താം താള്‍ ... " തുടയ്ക്ക് തുമ്പ പൂവേ ഈ കണ്ണീര് ... "

ലീവില്‍ പോകുമ്പോള്‍ ചെയ്യാറുള്ള കാര്യങ്ങളില്‍ ഒന്നാണിത് . ഏട്ടന്‍റെ മേശ തുറന്നു നോക്കുക എന്നത് . ഏട്ടന്‍റെ പഴയ ഒരു ജോഡി ചെരുപ്പ്,പേന,കുറെ പി.എസ്.സി റാങ്ക് ഫയലുകള്‍ , കുറെ നോട്ട് പുസ്തകങ്ങള്‍ എന്നിവയല്ലാതെ ഒന്നും അതിനകത്തില്ല എന്ന് വ്യക്തമായി അറിയാം എന്നിരുന്നാലും അത് തുറക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പിലേക്ക് പോകും ഞാന്‍ അറിയാതെ .അവിടെ ഏട്ടന്‍റെ സാമീപ്യമുണ്ട് ...

ഒന്‍പതു വയസ്സ് താഴെയുള്ള കുഞ്ഞനുജാനായിരുന്നത് കൊണ്ടോ എന്തോ എന്നറിയില്ല ഏട്ടനെന്നെ വല്ലാതെ സ്നേഹിച്ചിരുന്നു . എന്നെ പേരിനോടൊപ്പം "കുട്ടാ' എന്ന് ചേര്‍ത്ത് വിളിച്ചിരുന്നത് ഏട്ടന്‍ മാത്രം . നടക്കാന്‍ വയ്യാത്ത അച്ഛന്‍റെ സ്ഥാനത്ത് നിന്നു വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു ഏട്ടന്‍ . ഒരു കൊച്ചു ഗൃഹനാഥന്റെ സ്ഥാനം ഏറ്റെടുത്ത് . അത് കൊണ്ടു തന്നെ " എനിക്ക് തന്നെപ്പോലെ കളിച്ച് നടക്കാന്‍ പറ്റിയിട്ടില്ലെടോ , ഞാന്‍ ചെറുപ്പത്തിലെ വയസ്സനായി " എന്ന് ഏട്ടന്‍ പകുതി കളിയായും പകുതി കാര്യമായും പറയാറുള്ളത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു .

ഏട്ടന്‍ പഠിക്കാന്‍ അത്ര മിടുക്കനായിരുന്നില്ല . പത്താം ക്ലാസ്സില്‍ ചുരുങ്ങിയ മാര്‍ക്ക് വാങ്ങി ജയിച്ചപ്പോള്‍ , അതിന് ശേഷം കോളേജില്‍ അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി ഓടി നടന്നപ്പോള്‍ ഏട്ടന്‍ ഒരുപാടു വിഷമിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു . വര്‍ഷങ്ങള്‍ക്കു ശേഷം അതെ കടമ്പ നല്ലൊരു മാര്‍ക്ക് വാങ്ങി ഞാന്‍ കടന്നപ്പോള്‍ കുഞ്ഞനുജന്റെ വിജയത്തില്‍ എന്നെക്കാലേറെ സന്തോഷിച്ചത്‌ ആ മനുഷ്യനായിരുന്നു ...

ഏട്ടനെന്തിനും ഉത്സാഹമായിരുന്നു . തന്‍റെ ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരെ അറിയിക്കാതിരിക്കുന്നതില്‍ ഒരു പ്രത്യേക ശ്രദ്ധ വച്ചിരുന്നു അദ്ദേഹമെന്നും . ആരെയും ഒന്നും അറിയിക്കാതെ എപ്പോളും ഒരു ചിരിച്ച മുഖത്തോടെ നേരിടുന്ന ഏട്ടന്‍റെ മനോധൈര്യം ഇന്നും എനിക്കന്യം .

ഈശ്വരന്റെ കണക്കു കൂട്ടലുകള്‍ക്ക് തെറ്റ് പറ്റാറുണ്ടോ ?. ഉണ്ടാവില്ല . വലിയ പ്രോജക്ടുകള്‍ കിട്ടുമ്പോള്‍ നല്ല കഴിവുള്ളവരെ കമ്പനി അതിലേക്കു മാറ്റുന്ന പോലെ ഈശ്വരനും ചെയ്തു കാണും ... അത് ശരിയാണോ ?... ആണോ ? ... അത് വരെ കൈ പിടിച്ചു നടന്ന്‌, ഇനി താന്‍ തന്നെ നടന്നാല്‍ മതി എന്നും പറഞ്ഞ്‌ എവിടെയോ മറഞ്ഞു ഏട്ടന്‍. ഒരു പാടു നല്ല കുറെ ഓര്‍മ്മകള്‍ മാത്രം ബാക്കി വച്ചു കൊണ്ട് ...

നോട്ട് : - ഈ ശീര്‍ഷകം എനിക്കിഷ്ടപ്പെട്ട ഒരു മോഹന്‍ലാല്‍ സംഭാഷണത്തില്‍ നിന്നും കടമെടുത്തതാണ് ....

Wednesday, October 29, 2008

ഒന്‍പതാം താള്‍ ... " വെളിച്ചപ്പാട് മാമ "

ക്ലാസ്സിലെ എല്ലാ കണ്ണുകളും കൃഷ്ണന്‍ കുട്ടിയുടെ നേര്‍ക്കാണ് ... നാരായണന്‍ കുട്ടി മാഷ് ഒരു നിമിഷം അന്ധാളിച്ചു നിന്നു പോയി ... അല്ലെങ്കില്‍ പിന്നെ എങ്ങിനെ അന്ധാളിക്കാതിരിക്കും ? . ക്ലാസിലെ എല്ലാവരും വലുതാകുമ്പോള്‍ ആരായിത്തീരണം എന്നുള്ള ചോദ്യത്തിന് മാഷും , ഡോക്ടറും , എന്‍ജിനീയറും എന്നൊക്കെ മറുപടി പറയുമ്പോള്‍ ഒരു വിദ്വാന്‍ മാത്രം പറയുന്നു വെളിച്ചപ്പാട് ആയി തീരണം എന്ന് . ഈ വിദ്വാന്മാരെല്ലാം ആഗ്രഹിച്ചത്‌ ആയിട്ടല്ല , എങ്കിലും പറയുമ്പോള്‍ മാഷെന്നും , ഡോക്ടര്‍ എന്നും ഒക്കെയാണ് സാധാരണയായി കേള്‍ക്കാറുള്ളത് ... പക്ഷെ ഈ വിദ്വാന്‍ മാത്രം എന്തെ വെളിച്ചപ്പാടാകാന്‍ ഇഷ്ടപ്പെടുന്നത് ...

കൃഷ്ണന്‍ കുട്ടിയുടെ കാഴ്ചപ്പാടില്‍ വെളിച്ചപ്പാട് സ്ഥാനം മാഷന്മാര്‍ക്കും , എന്ജിനീയര്‍മാര്‍ക്കും എല്ലാം ഉപരിയായിരുന്നു .കാരണമുണ്ട് . തറവാട്ടിലെ എല്ലാവരും മുഖത്ത് നോക്കാന്‍ പോലും ഭയപ്പെടുന്ന വലിയ മാമ , മുത്തശ്ശി , കുഞ്ഞി മാമ തുടങ്ങിയവര്‍ തൊഴുതു വണങ്ങി നില്ക്കുന്നത് ഒരേ ഒരാളുടെ മുന്‍പില്‍ മാത്രം ... വെളിച്ചപ്പാടിന്‍റെ ...തറവാട്ടില്‍ ഉള്ളവര് മാത്രമോ , നാടു മുഴുവന്‍ ബഹുമാനിക്കുന്ന ആളല്ലേ വെളിച്ചപ്പാട് ... എന്‍ജിനീയറും , മാഷും , ഡോക്ടറും എന്നല്ല ഏത് തുക്കിടി സായ്‌വ് പോലും വെളിച്ചപ്പാടിനു മുന്‍പില്‍ തൊഴുതു നില്ക്കും .. അപ്പോള്‍പ്പിന്നെ വെളിച്ചപ്പാട് ആവുക തന്നെയല്ലേ ഏറ്റവും നല്ലത് .ഇതാണ് കൃഷ്ണന്‍ കുട്ടിയുടെ ലോജിക് .

എന്താ ക്ടാവേ ... ഹും ... അസമയത്ത് എന്‍റെ ഭൂത ഗണങ്ങളെ കണ്ടു ഭയന്നോ ?... അസമയത്തുള്ള യാത്ര ഒന്നും വേണ്ടാ .. എപ്പളും എന്‍റെ കണ്ണ് ഉണ്ടായീന്ന് വരില്യ ... എല്ലാം ഒന്നു സൂക്ഷിച്ചും കണ്ടും ചെയ്‌താല്‍ മതി ... ഭയപ്പെടന്ടാ ... എല്ലാം ഞാന്‍ കാത്തു കൊള്ളാം ... വെളിച്ചപ്പാട് മാമയുടെ മുന്‍പില്‍ വലിയമ്മാമ , മുത്തശ്ശി തുടങ്ങിയവരെല്ലാം തൊഴു കയ്യുകളോടെ നില്‍ക്കുകയാണ്‌ . ഇപ്പോള്‍ ദേവിയുടെ പ്രതി രൂപമാണ് വെളിച്ചപ്പാട് മാമ . എല്ലാവരും പഞ്ച പുച്ഛം അടക്കി നില്ക്കുന്നു . അപ്പോള്‍ പിന്നെ കൃഷ്ണന്‍ കുട്ടി ആഗ്രഹിച്ചതില്‍ എന്താണ് തെറ്റ് .

വര്‍ഷങ്ങള്‍ക്കു ശേഷം വെളിച്ചപ്പാട് മാമയെ അമ്പലത്തില്‍ വച്ചു കണ്ടപ്പോള്‍ കൃഷ്ണന്‍ കുട്ടി ചോദിച്ചു . "വെളിച്ചപ്പാട് മാമേ ... ശരിക്കും ദേവി മേലെ കയറിയിട്ട് തന്നെയാണോ കലി വരുന്നതു " . വെളിച്ചപ്പാട് മാമ മന്ദഹസിച്ചു കൊണ്ടു പറഞ്ഞു ... "എന്‍റെ കുട്ട്യേ ... അതൊരു പൊത്യാ ... അതഴിക്കണ്ടാ ... അതവിടെ ഇരുന്നോട്ടെ " ...

വര്‍ഷങ്ങള്‍ക്കു ശേഷം കൃഷ്ണന്‍ കുട്ടി വടക്കേ ഇന്ത്യയിലെ ഒരുയര്‍ന്ന ഉദ്യോഗത്തില്‍ നിന്നും പിരിഞ്ഞു നാട്ടില്‍ വന്നു സ്ഥിരതാമാസമാക്കിയപ്പോള്‍ ഒരിക്കല്‍ വീട്ടില്‍ വന്നിരുന്നു . സഹപാഠികള്‍ ആയ അച്ഛനും കൃഷ്ണന്‍ കുട്ടിയും പഴയ കഥകള്‍ പറഞ്ഞിരിക്കുമ്പോള്‍ കേട്ടതാണിത്‌ . അവരുടെ അനുവാദത്തോടെ ... ഞാനിവിടെ എഴുതുന്നു ...


നോട്ട് :- പേരുകള്‍ വ്യാജമാണ് . ക്ഷമിക്കുക ...

Monday, October 27, 2008

എട്ടാം താള്‍ ... " ഫസിലിക്ക ..."

പെട്ടി ട്രെയിനില്‍ കയറ്റി വയ്ക്കുമ്പോള്‍ ഫസിലിക്കയുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു . ഞാനത് കാര്യമാക്കിയില്ല . അദ്ദേഹം ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല . പെട്ടികളെല്ലാം കയറ്റി ഏട്ടനേയും കൂട്ടി ഞാന്‍ പ്ലാട്ഫോമില്‍ ഇറങ്ങി ...

ഫസീലിക്ക തിരിഞ്ഞു നില്‍ക്കുകയായിരുന്നു ... ഒന്നും മിണ്ടാതെ . " ഫസിലിക്കാ ... " . ഞാന്‍ വിളിച്ചു ... " അപ്പോള്‍ എല്ലാം പറഞ്ഞ പോലെ ..." ഇനി നമുക്കു അവിടെ വച്ചു കാണാം ..." .. എന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഞാന്‍ യാത്ര പറഞ്ഞു ... സന്തോഷം കൊണ്ടു വീര്‍പ്പു മുട്ടുകയായിരുന്നു ഞാന്‍ . നാലര വര്‍ഷങ്ങള്‍ക്കു ശേഷം നാടിനടുത്തേക്ക് ട്രാന്‍സ്ഫര്‍ . മുംബൈ നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നും രക്ഷപ്പെടല്‍ ... അവിടെ ജീവിക്കുന്നവുടെ ഒരു സ്വപ്നമാണ് എന്നും ആ തിരക്കുകളില്‍ നിന്നുമുള്ള ഒരു രക്ഷപ്പെടല്‍ . തികച്ചും ശാന്തമായ ഒരിടത്തേക്ക് ഉള്ള ഒരു ട്രാന്‍സ്ഫര്‍ .

പക്ഷെ എന്‍റെ സന്തോഷം ഒരു ഞൊടിയിടയില്‍ ഓടിയൊളിച്ചു . ഫസിലിക്ക തേങ്ങുകയായിരുന്നു ... ഒരു കുഞ്ഞിനെപ്പോലെ ... " താന്‍ വണ്ടിയില്‍ കയറി ഇരിക്കെടോ ... " എന്നെ വിളിക്കെണ്ടാ ... എനിക്ക് തന്നെ കാണുകയും വേണ്ടാ ... പൊയ്ക്കോ " ... ഒറക്കെ വിളിച്ചു പറഞ്ഞു ഫസിലിക്ക സ്റ്റേഷന് പുറത്തേക്ക് ഓടുകയായിരുന്നു ... അപ്പോള്‍ മാത്രമാണ് ഞാന്‍ ആദ്യമായി മനസ്സിലാക്കിയത് കഴിഞ്ഞ ഒരു വര്‍ഷത്തെ സൌഹൃദത്തില്‍ അദ്ദേഹം എന്നെ ഒരു സുഹൃത്തിനുപരി ഒരു അനിയനെപ്പോലെ സ്നേഹിച്ചിരുന്നു എന്ന് ...

ട്രെയിന്‍ പതുക്കെ സ്റ്റേഷന്‍ വിട്ടു പോകുകയായിരുന്നു ... സ്റ്റേഷന്റെ ഗേറ്റിനു അടുത്തുള്ള ബഞ്ചില്‍ ഫസിലിക്ക ഇരിക്കുന്നുണ്ടായിരുന്നു ... എങ്ങോട്ടോ ദൃഷ്ടി പായിച്ചുകൊണ്ട് ...

ആ യാത്ര എന്തോ എനിക്ക് ആസ്വദിക്കാനായില്ല . ഫസിലിക്കയുടെ വിതുമ്പുന്ന മുഖമായിരുന്നു മനസ്സില്‍ ...

Sunday, October 26, 2008

ഏഴാം താള്‍ ... മുത്തശ്ശി ... ഒരോര്‍മ്മക്കുറിപ്പ്‌ ...

എനിക്കോര്‍മ വയ്ക്കുമ്പോഴുള്ള മുത്തശ്ശിയെ കുറിച്ചുള്ള വിവരണങ്ങളില്‍ കൂടിയേ എനിക്ക് അവരെ അറിയൂ . എഴുപതുകളുടെ അവസാന പാദങ്ങളില്‍ , മുത്തശ്ശിയുടെ മൂന്നാം തലമുറയിലെ അവസാന കണ്ണികളില്‍ ഒരാളായി ഞാന്‍ ജനിക്കുന്നതിനു മുന്പേ മുത്തശ്ശി ഞങ്ങളെ വിട്ടു പോയിരുന്നു . അവസാന ഘട്ടങ്ങളില്‍ മുത്തശ്ശി പാടെ അന്ധയായിക്കഴിഞ്ഞിരുന്നു എന്നും കൂന്നു തുടങ്ങിയിരുന്നു എന്നും കേട്ടിട്ടുണ്ട് . എന്നിരുന്നാലും തന്‍റെ നോട്ടമെത്തിയില്ലെങ്കില്‍ ഒന്നും ശരിയാകില്ല എന്ന പിടിവാശിയോടെ എന്തിനും ഏതിനും മുത്തശ്ശി മുന്നില്‍ തന്നെയുണ്ടായിരുന്നു .

മുത്തശ്ശിക്ക് ആറ് മക്കളാണ് ... രണ്ടാമത്തെ മകളാണ് എന്‍റെ അമ്മമ്മ . ഈ ആറ് പേരുടേയും ഒത്തുകൂടല്‍ ഒരു രസമായിരുന്നു . മുത്തശ്ശി അവസാനം വരെ ഞങ്ങളുടെ കൂടെ തറവാട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത് .

പെണ്‍ സന്തതി വാഴില്ലെന്ന് പ്രശ്നത്തില്‍ കണ്ടതിനെ തുടര്‍ന്ന് തലമുറ നിലനിര്‍ത്താന്‍ മുത്തശ്ശിയെ ഒന്നര വയസ്സുള്ളപ്പോള്‍ ദത്തെടുത്തു കൊണ്ടു വരികയായിരുന്നു . പൂവന്‍ പഴത്തിന്റെ നിറമായിരുന്നു എന്‍റെ അമ്മക്ക് എന്ന് അവരുടെ മകളായ എന്‍റെ അമ്മമ്മ അഭിമാന പൂര്‍വ്വം പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട് . നിങ്ങള്‍ക്കൊന്നും അതിന്‍റെ നാലിലൊന്ന് നിറം കിട്ടിയിട്ടില്ലെന്ന് അമ്മമ്മ പറയുമ്പോള്‍ അങ്ങനെയൊരു മുത്തശ്ശിയുടെ മൂന്നാം പരമ്പരയിലെ ഒരു കണ്ണിയാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷതോടൊപ്പം അതിന് കാരണമാകിയ മുത്തശ്ശിയെ കാണാന്‍ കഴിയാത്തതിന്റെ വിഷമവും എനിക്കുണ്ടായിരുന്നു . താന്‍ അങ്ങനെ വലിഞ്ഞു കയറി വന്നവളൊന്നും അല്ല . ഒരു കുട്ടിച്ചാക്കു നിറയെ പണ്ടവും ആയിട്ടാണ് താന്‍ വന്നതെന്ന് മുത്തശ്ശി ദേഷ്യം പിടിപ്പിക്കുമ്പോള്‍ പറയാറുണ്ടെന്ന് എന്‍റെ അമ്മ ഒരു ചെറു ചിരിയോടെ പറയാറുണ്ട് .

നേരിട്ടു കണ്ടിട്ടില്ലെന്കിലും പലരില്‍ നിന്നും കേട്ടിട്ടുള്ള വിവരങ്ങളാണ് മുകളില്‍ എഴുതിയിരിക്കുന്നത് . അവരെ കുറിച്ചുള്ള ആദ്യത്തെ ലേഖനമായിരിക്കണം ഇത് . എന്താണ് ഇപ്പോള്‍ ഇതെഴുതാനുള്ള കാരണം എന്ന് ചോദിച്ചാല്‍ അറിഞ്ഞു കൂടാ . ഒരു പക്ഷെ മുത്തശ്ശി വിചാരിച്ചു കാണും ഈ മൂന്നാം തല മുറക്കാരന്‍ ഇതെഴുതനം എന്ന് . അതങ്ങിനെ തന്നെയാകട്ടെ . .. മുത്തശ്ശിയുടെ ഇഷ്ടം പോലെ ...

Wednesday, October 22, 2008

ആറാം താള്‍ " പ്രൊജക്റ്റ്‌ മഹാമഹം "

ഒരു ചെറിയ മുന്നറിയിപ്പ് :- ഇതില്‍ ഒരല്പം ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ടെക്നോളജി കടന്നു വരും . താത്പര്യമില്ലതവരും , ഈ മേഖലയില്‍ അവഗാഹം ഇല്ലാത്തവരും സദയം ക്ഷമിക്കുക ...

ആശയങ്ങള്‍ കടല്‍ പോലെ വന്നിരുന്ന കാലമായിരുന്നു ഡിപ്ലോമ പഠന കാലം . പുതിയ പുതിയ ആശയങ്ങളും , അവയെക്കുറിച്ചുള്ള കൂലം കഷമായ ചര്‍ച്ചകളാലും മുഖരിതമായിരുന്നു ഞങ്ങളുടെ ക്ലാസും കാമ്പുസും . ഒരു എഡിസണോ ഫാരെടെയോ ഉയര്‍ന്നു വരും എന്ന് പലരും കണക്കു കൂട്ടി . എന്തോ വന്നില്ല . ആ കണക്കിനായിരുന്നു ആശയങ്ങളുടെ പ്രവാഹം ... എന്തൊക്കെ ബഹളമായിരുന്നു ...

പഠിച്ച ശാസ്ത്രം എത്ര കണ്ടു തിരു മണ്ടയില്‍ പ്രവേശിച്ചിട്ടുണ്ട് എന്ന് തെളിയിക്കാനുള്ള അവസരമാണ് പ്രൊജക്റ്റ്‌ . പഠിക്കുന്ന വിഷയവുമായി ബന്ധമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി , അതുപോയോഗിച്ചു ഒരു യന്ത്രമോ അല്ലെങ്കില്‍ ഒരു പ്രബന്ധമോ രചിക്കാം .

മുഖ്യ അധ്യാപകന്‍റെ അധ്യക്ഷതയില്‍ ക്ലാസ്സിനെ പല സംഘങ്ങലാക്കി തിരിച്ചു . ഇനി പരസ്പരം ചര്‍ച്ച ചെയ്തു ഒരു വിഷയത്തെ ആസ്പദമാക്കി പ്രൊജക്റ്റ്‌ ചെയ്യാം എന്ന് അദ്ദേഹം നയം വ്യക്തമാക്കി . ഞങ്ങള്‍ അഞ്ചു പേരും ഒരു പെണ്‍ കുട്ടിയും . കാര്യമായി വലിയ ഗന്ധം ഒന്നും ഞങ്ങള്‍ക്കാര്‍ക്കും ഇല്ല. പക്ഷെ ഞങ്ങളുടെ ഭാവം കണ്ടിരുന്നെന്കില്‍ ഐന്‍സ്റ്റീന്‍ വരെ എഴുന്നേറ്റു നിന്നു ബഹുമാനിക്കുമായിരുന്നു ... ഞങ്ങളിത് തകര്‍ത്തു തരിപ്പണം ആക്കിക്കളയും എന്ന ഭാവം ... കൂട്ടത്തില്‍ ഓംസ് തിയറി തെറ്റില്ലാതെ അറിയാമെന്ന ഒറ്റ കാരണത്താല്‍ അവര്‍ എന്നെ ടീം ലീഡര്‍ ആക്കി . ഈ അബദ്ധം അവര്‍ക്കെങ്ങിനെ പറ്റി എന്ന് ഇന്നും ഒരു പിടിയും കിട്ടാത്ത കാര്യം ... അത് പോട്ടെ ...

കൂലം കഷമായ , തല പൊളിക്കും ( " Brain stroming " ) വിധത്തിലുള്ള ചര്‍ച്ചക്കൊടുവില്‍ ആശയം വന്നു ... വിഷയം "Brush less generator " .വന്നത് ഈ തിരു മണ്ടയില്‍ തന്നെ എന്ന് സമ്മതിക്കുന്നു . കൂട്ടത്തിലുള്ള മഹാന്‍മാര്‍ എല്ലാം തലകുത്തിനിന്നു ആലോചന തുടങ്ങി . പാവം പാഞ്ചാലി ( ഒരേ ഒരു പെണ്‍ തരി --- സംഘത്തിലെ ) പറഞ്ഞു ... ഞാന്‍ നോട്ട്സ് ഉണ്ടാക്കാം . നിങ്ങള്‍ പ്രൊജക്റ്റ്‌ ചെയ്തു കൊള്ളൂ എന്ന് . സന്തോഷം ... ഞങ്ങളുടെ അഞ്ചംഗ സംഘത്തെ പഞ്ച പാണ്ടവരെന്നു വിളിച്ച കൂട്ടുകാരെ ഞങ്ങള്‍ സഹതാപത്തോടെ നോക്കി . മഹാ സമാധിയില്‍ നിന്നു എഴുന്നേറ്റ യോഗി , ലൌകിക സുഖ ദുഖങ്ങളില്‍ മുഴുകി നടക്കുന്ന സാധാരണക്കാരെ നോക്കുന്ന സഹതാപത്തോടെ ...

പ്രൊജക്റ്റ്‌ ഒരു വന്‍ വിജയമാക്കി അതേതു കമ്പനിക്ക്‌ വിക്കണം എന്ന്ന ചര്‍ച്ച വരെ നടന്നു . എന്‍റെ ഭഗവാനെ , ഇവിടെ എങ്ങിനെ തുടങ്ങണം എന്ത് ചെയ്യണം എന്ന ഒരു ധാരണയും ഇല്ലാ . അപ്പോഴേക്കും ആശയം എത്ര ലക്ഷത്തിനു വിക്കണം ... ഭഗവാനേ അവിടുന്ന് തന്നെ തുണ ... ഞാനല്ലേ സംഘത്തലവന്‍ . അവര്‍ക്കെന്തും ആകാമല്ലോ ...

മറ്റു സംഘങ്ങള്‍ എല്ലാം വര്‍ക്കു തുടങ്ങി . പഞ്ച പാണ്ടവരും പാഞ്ചാലിയും ബ്ലിങ്ങസ്യ എന്ന അവസ്ഥയിലാണ് . പാഞ്ചാലി പാവം അപകടം മണത്തു നോട്ട്സ് എഴുതിത്തുടങ്ങി . അത്രയെങ്കിലും ആയെന്നു പറയാമല്ലോ . പ്രായം കൊണ്ടു സംഘത്തിലെ സഹദേവന്‍ ആണെങ്കിലും , യുധിഷിര സ്ഥാനമായിരുന്നു എനിക്ക് .

ഒരു വൈകുന്നേരം നകുലന്‍ കാര്യം ഉണര്‍ത്തിച്ചു . " ജ്യെഷ്ട്ടാ കാര്യം ഈ പോക്കു പോയാല്‍ കുളമാകും . അതുകൊണ്ട് ബുദ്ധിപരമായി ചിന്തിച്ചപ്പോള്‍ ഈ ഉള്ളവന്‍റെ തലയില്‍ ഒരു ആശയം വരുന്നു ... ഞാന്‍ ഉണര്തിക്കട്ടെ ? ." എന്‍റെ മൌനം സമ്മതം ആയി എടുത്തു നകുലന്‍ കാര്യം പറഞ്ഞു . പ്രസ്തുത പ്രോജക്ടില്‍ ഉണ്ടാക്കേണ്ട മെഷീന്‍ കാശ് കൊടുത്തു കോയമ്പത്തൂരില്‍ നിന്നു വാങ്ങുക എന്നായിരുന്നു നകുലാഭിപ്രായം ... സത്യത്തിനും ധര്‍മ്മത്തിനും നിരക്കാത്ത ഈ അഭിപ്രായത്തെ യുധിഷിരനായ ഞാന്‍ തള്ളി എങ്കിലും പാഞ്ചാലിയടക്കമുള്ള സംഘത്തിന്‍റെ സമ്മര്‍ദ്ദത്തിനു വിധേയമായി ഈ പാവം യുധിഷിരനും സമ്മതിച്ചു ...

അങ്ങിനെ കോയമ്പത്തൂരില്‍ നിന്നും യന്ത്രം ( generator ) കൊണ്ടു വന്നു ... ഇനി ഇതെങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നറിയണ്ടേ ... അതറിയില്ലെങ്കില്‍ വൈവാ വോസി എന്ന കടമ്പയില്‍ എല്ലാം തകരും ... അതിന് വേണ്ടി യന്ത്രം അഴിച്ചു പണിഞ്ഞു പഠിക്കാന്‍ തീരുമാനമായി .

എല്ലാം വരച്ചെടുത്തു കുറിച്ചു വച്ച് ജനരേടര്‍ അഴിച്ചു ... ഏതോ മുജ്ജന്മ സുകൃതത്താല്‍ അതൊക്കെ മനസ്സിലായി . തിരിച്ചു നട്ടും ബൊള്ടും മുറുക്കുമ്പോഴും ആധിയായിരുന്നു . എന്‍റെ ഭഗവാനെ ഇതെങ്ങാനും പണി മുടക്കുമോ എന്ന് . സകല ദൈവങ്ങളെയും വിളിച്ചു വിളിച്ചു അത് സ്റ്റാര്‍ട്ട് ആക്കി . ദൈവമേ ശതകോടി പ്രണാമം ...

നോട്ട് : - നര്‍മത്തിന് വേണ്ടിയാണ് ഇതിലെ പലര്‍ക്കും ഒരു വിഡ്ഢി പരിവേഷം നല്‍കിയിരിക്കുന്നത് . ക്ലാസ്സില്‍ നല്ല മാര്‍ക്കോടെ ആണ് ഞങ്ങളെല്ലാം പാസ് ആയതും. സത്യത്തില്‍ നല്ലൊരു ധാരണയോടെ തന്നെയാണ് ഞങ്ങള്‍ പ്രൊജക്റ്റ്‌ ചെയ്തത് . ഇതിനെക്കുറിച്ച്‌ ഞങ്ങള്‍ നല്ലൊരു പഠനം തന്നെ നടത്തിയിട്ടാണ് തുടങ്ങിയത് . നല്ലൊരു റിപ്പോര്‍ട്ടും ഞങ്ങള്‍ ഉണ്ടാക്കി . പ്രൊജക്റ്റ്‌ കണ്ട പലരും ഇതു വ്യാവസ്സായികാടിസ്ഥാനത്തില്‍ എന്ത് കൊണ്ടു നിര്‍മ്മിച്ചു കൂടാ എന്ന് ചോദിച്ചതായി തുറന്നു പറയട്ടെ ... ചുരുക്കത്തില്‍ ആ പ്രൊജക്റ്റ്‌ വര്‍ക്ക് നേടിത്തന്ന വിവരം ഞങ്ങള്‍ക്കെവര്‍ക്കും പിന്നീട് പലപ്പോഴും സഹായകമായിരുന്നു ...

ഒപ്പം പ്രൊജക്റ്റ്‌ കാശ് കൊടുത്തു പുറമെ നിന്നു വാങ്ങുന്നത് ഒഴിവാക്കുക എന്‍റെ കൊച്ചു കൂട്ടുകാരെ എന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു കൊണ്ടു " പ്രൊജക്റ്റ്‌ മഹാമഹം " ഇവിടെ നിര്‍ത്തുന്നു ...

അഞ്ചാം താള്‍ ... " കണ്ണീര്‍ മഴയത്ത് "

ലോകത്തിലെ എല്ലാ സംഭവങ്ങളും നല്ലതിന് വേണ്ടിയാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അതിനെ അനുകൂലിക്കുമോ അതോ എതിര്‍ക്കുമോ ? ... ഒരു പക്ഷെ അതല്പം ആശ്വാസം ഏകുന്നു എങ്കില്‍ അതങ്ങിനെ വിശ്വസിക്കാം അല്ലേ ? ... കുറച്ചല്പം സംശയിച്ചു ആണെന്കിലും വിശ്വസിക്കാന്‍ ഞാനങ്ങിനെ ശ്രമിക്കാറുണ്ട് .

ജീവിതത്തില്‍ എല്ലാം നമുക്കു നന്നായിത്തന്നെ സംഭവിക്കണം എന്ന് വാശി പിടിക്കുന്നതില്‍ എന്തര്‍ത്ഥം ?. ഒരു പക്ഷെ ഒരു ചെറിയ ദുഖം വലിയൊരു സുഖത്തിനു വേണ്ടിയായാലോ . അത് നല്ലതല്ലേ ? . പക്ഷെ അത് തിരിച്ചറിയാനാണ് ബുദ്ധിമുട്ട് . പലരും അദ്ദ്യമേ തളര്‍ന്നു പോകാറാണ് പതിവ് . സത്യം പറയാമല്ലോ ഈ ഞാനും . പിന്നീട് ആലോചിക്കും ... ഛേ മോശം വെറുതെ വിഷമിച്ചു . വേണ്ടായിരുന്നു ... അടുത്ത തവണ ... ഹാ കാണാം .. ഈ ഞാനുണ്ടല്ലോ ... എന്ത് മല മറിഞ്ഞാലും ശരി ... ദെ ... ഈ ചിരിച്ചുള്ള മുഖം .. അതങ്ങിനെതന്നെ ഇരിക്കും ... കളി നമ്മളോടോ ... എന്ന് ...

എവിടെ... വീണ്ടും തഥൈവ . ഇതെന്ടെ കാര്യം ... നിങ്ങളുടെയോ ?... പക്ഷെ ഞാന്‍ ജീവിതത്തില്‍ കണ്ടു മുട്ടിയ അപൂര്‍വ്വം ചിലരുണ്ട് കേട്ടോ . എന്‍റെ ഒരു അടുത്ത സുഹൃത്ത് . അദ്ദേഹം വല്ലാതെ സന്തോഷിച്ചു കണ്ടാല്‍ ഉറപ്പിച്ചോളൂ എന്തോ പ്രശ്നത്തിലാണ് ആള്‍ എന്ന് . എനിക്കിതേ വരെ അങ്ങിനെയാകാന്‍ പറ്റിയിട്ടില്ലാ എന്ന് തുറന്നു സമ്മതിക്കട്ടെ ...

വല്ലാതെ ബോറടിക്കുന്നെന്കില്‍ വായിക്കണ്ട കേട്ടോ ...

Sunday, October 19, 2008

നാലാം താള്‍ ... ഇരട്ടി മധുരം

വാരന്ത്യങ്ങലിലാണ് പണി കുറയുന്നത്‌ . അപ്പോളാണ് എഴുതാനും സമയം കിട്ടുന്നത് . ഈയിടെയായി ഞാന്‍ യാത്ര ചെയ്യുമ്പോള്‍ ഓര്‍മ വരുന്നതും , പുതുതായി തോന്നുന്ന ആശയങ്ങളും കടലാസ്സില്‍ എഴുതി സൂക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു . ഈയിടെയായി പുതു തലമുറ കടലാസും പേനയും കയ്യിലെടുക്കുന്നതുതന്നെ അപൂര്‍വ്വം . പിന്നെയാണ് മലയാളത്തില്‍ ആശയങ്ങള്‍ കുറിക്കുന്നത്.. . ഈ ശീലം ഇപ്പോളും കാത്തു സൂക്ഷിക്കുന്നവര്‍ ക്ഷമിക്കുക . ഞങ്ങളെപ്പോലെയുള്ള കുറച്ചു മടിയന്മാരെ കുറിച്ചു ആണ് ഈ പ്രസ്താവന . അതെന്തെന്കിലും ആകട്ടെ ... നമുക്കു കാര്യത്തിലേക്ക് വരാം ...

ഞാന്‍ പ്രീ - ഡിഗ്രി പരീക്ഷ എഴുതിയിരിക്കുന്ന കാലം . പുതുതായി പണികഴിച്ച വീടിന്റെ ഗൃഹപ്രവേശം , അവിടെക്കുള്ള മാറ്റം എന്നീ കാര്യങ്ങള്‍ ഈ കാലയളവില്‍ കഴിഞ്ഞുപോയി ... അവസാനം പരീക്ഷാ ഫലം വരുന്ന ദിവസം വന്നു . നല്ലൊരു മാര്‍ക്കോടെ പത്താം ക്ലാസ്സ് പാസ്സായെന്കിലും പ്രീ ഡിഗ്രി ക്ലാസ്സുകളില്‍ എനിക്കാ പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞില്ല . മലയാളം മീഡിയത്തില്‍ നിന്നും ഇംഗ്ലീഷിലേക്കു വന്നതിന്റെ ഒരു ഹാങ്ങ്‌ ഓവര്‍ അപ്പോളും ഉണ്ടായിരുന്നു . അതിനാല്‍ തന്നെ പരീക്ഷാ ഫലത്തെക്കുറിച്ച് എനിക്കുണ്ടായിരുന്ന ആകാംക്ഷ പറയാതെ അറിയാമല്ലോ . ഒപ്പം എന്റെ റിസള്‍ട്ട് പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന അച്ഛനമ്മമാര്‍ , ബന്ധുക്കള്‍ , കൂട്ടുകാര്‍, അധ്യാപകര്‍ . ഈ വസ്തുതകളെല്ലാം തന്നെ എന്റെ ഉള്ളില്‍ തീ കോരി നിറച്ചു .

എന്തിന് പറയുന്നു ആ ദിവസം വന്നെത്തി . പന്ത്രണ്ടു വര്ഷം മുന്പ് ഇന്‍റര്‍നെറ്റ് സംവിധാനമൊന്നും അത്ര പ്രയോഗത്തില്‍ വന്നിട്ടില്ല . ഇന്നിപ്പോള്‍ തലേ ദിവസം തന്നെ റിസള്‍ട്ട് അറിയാം . അന്നൊക്കെ പത്രം തന്നെ രക്ഷ . അതിന് വേണ്ടി പത്രമാപ്പീസുകളില്‍ കത്ത് കിടക്കുന്നവരും വിരളമല്ല . പുലര്‍ച്ചെ വരുന്ന പത്രക്കെട്ടുകളെ കാത്തിരിക്കുന്നവരും ഇലാതില്ല . എന്തായാലും ഞാന്‍ ധൈര്യം സംഭരിച്ച് വരുന്നതു വരട്ടെ എന്ന് കരുതി കാത്തിരുന്നു . ഏഴ് മണിയോടെ പത്രക്കാരന്‍ കടന്നു വന്നു . ഒരൊറ്റ ചാട്ടത്തില്‍ ഞാന്‍ പത്രം ചാടിപ്പിടിച്ച് നമ്പര്‍ പറത്തല്‍ തുടങ്ങി . "ഭഗവാനേ" എന്റെ നമ്പര്‍ ഉണ്ടായിരിക്കേണ്ട ഇടം ശൂന്യം . മറ്റു പ്രമുഖ പത്രങ്ങളിലും അതെ അവസ്ഥ .

എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു ഭഗവാനേ . ഞാനാകെ വിഷണ്ണനായി മൂകനായി ഇരുന്നു . എന്റെ അവസ്ഥ കണ്ടു വന്നവരെല്ലാം ആശ്വസിപ്പിച്ചു . ഇനിയെത്ര ചാന്‍സ് ഉണ്ടെടോ വിഷമിക്കാതെ എന്നെല്ലാം . എന്തൊക്കെയായാലും പോയത് പോയില്ലേ . ആശ്വാസ വചനങ്ങള്‍ ധാരധാരയായെത്തി . ഞാന്‍ ഒരു വിധം പൂര്‍വ അവസ്ഥിയിലെതി . എങ്കിലും പരാജയ വിഷമം ഉള്ളില്‍ കിടന്നു നീറി . മാര്‍ക്ക് ഷീറ്റ് വാങ്ങാന്‍ ഞാന്‍ കോളേജില്‍ പോയില്ല . വിജയികളുടെ ഇടയില്‍ ഈ പരാജിതനെന്തു കാര്യം . എല്ലാവരും പോയി കുറെ ദിവസം കഴിഞ്ഞു കിട്ടിയാല്‍ ഒരു മുണ്ടും തലയിലിട്ടു ആരും കാണാതെ പോയി മാര്‍ക്ക് ഷീറ്റ് വാങ്ങി വരാനായിരുന്നു പ്ലാന്‍ .

അങ്ങനെ ഞാന്‍ ഏട്ടനേയും കൂടെക്കൂട്ടി കോളേജില്‍ എത്തി . നേരെ ഓഫീസില്‍ പോയി . അറിയുന്നവരാരും ഇല്ലെന്നു ഉറപ്പു വരുത്തി ഞാന്‍ ഉള്ളില്‍ കടന്നു . സബ്ദം താഴ്ത്തി ഞാന്‍ അവിടെയിരുന്ന സ്ത്രീയോട് പറഞ്ഞു . പേരു വിനോദ് പ്രീ - ഡിഗ്രി സര്‍ട്ടിഫിക്കറ്റ് . അവര്‍ ജയിച്ചവരുടെ കൂട്ടത്തില്‍ എന്റെ മാര്‍ക്ക് ഷീറ്റ് ടാപ്പുനത് കണ്ടു ഞാന്‍ ഗദ്ഗദത്തോടെ പറഞ്ഞു . ക്ഷമിക്കണം ഞാന്‍ തോറ്റതാണ് . അവര്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി , കെട്ട് മാറ്റി വച്ചു തോറ്റവരുടെ കൂട്ടത്തില്‍ എന്റെ മാര്‍ക്ക് ഷീറ്റ് പരാതി . അത്ഭുതം അതവിടെയില്ല .ഉറപ്പു വരുത്താനായി അവര്‍ ജയിച്ചവരുടെ മാര്‍ക്ക് ശീട്ടുകളുടെ കൂട്ടത്തില്‍ എന്റെ മാര്‍ക്ക് ഷീറ്റ് പരാതി . അത്ഭുതം .... അതവിടെയിരിക്കുന്നു ...

അവരും സന്തോഷ ആധിക്യത്തില്‍ പറഞ്ഞു . ആര് പറഞ്ഞെടോ താന്‍ തോറ്റെന്നു . ഒന്നാം ക്ലാസ് മാര്‍ക്കും വാങ്ങി , എന്നിട്ട് പറയുന്നു തോറ്റെന്നു .... ആരാടോ താന്‍ തോറ്റെന്നു പറഞ്ഞതു ?... പത്രങ്ങള്‍ .... ഞാന്‍ പകുതി കരച്ചിലിലൂടെയും പകുതി ചിരിയിലൂടെയും പറഞ്ഞു . മാര്‍ക്ക് ഷീറ്റും വാങ്ങി ഞാന്‍ ഒരോട്ടമായിരുന്നു . പുറത്തു കാത്തു നില്ക്കുന്ന ഏട്ടന്‍റെ അടുത്തേക്ക് ...

വിവരം അറിഞ്ഞു എല്ലാവരും വിളിച്ചു അഭിനന്ദിച്ചു ... എന്തായാലും ആ ജയത്തിനു ഒരു ഇരട്ടി മധുരമുണ്ടായിരുന്നു ...

Saturday, October 18, 2008

മൂന്നാം താള്‍ .... ഒരു ഡി.ഇ.ഓ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മയ്ക്ക്‌ ...

കൃത്യമായിപ്പറഞ്ഞാല്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്പ് ആണത് . ഞാനന്ന് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു . സംസ്കൃതം രണ്ടാം ഭാഷയായി തിരഞ്ഞെടുത്തു രഘുവംശവും , കുമാരസംഭവവും മറ്റും പഠിക്കുന്ന കാലം . പഠിക്കുന്നു എന്നല്ലാതെ കാര്യമായ അവഗാഹം ഒന്നും എനിക്കില്ലായിരുന്നു എന്ന് തുറന്നു സമ്മതിക്കട്ടെ . എങ്കിലും സംസ്കൃതം പഠിച്ചത് നന്നായി എന്ന് പിന്നീട് പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട് . അതവിടെ നില്‍ക്കട്ടെ ...

അധ്യാപകരെപ്പോലെ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ ഭയാശങ്കകള്‍ ഉണര്‍ത്തുന്ന ഒരു കാര്യമാണ് ഡി.ഇ. ഓ യുടെ പരിശോധനാ സന്ദര്‍ശനം . ചോദ്യം ചോദിച്ചു വെള്ളം കുടിപ്പിക്കുമോ എന്ന് കുട്ടികള്‍ക്കും , ഈ വിഡ്ഢി കൂസ്മാണ്ഡം എന്ത് വങ്കത്തം ആണോ വിളിച്ചു പറയുക അതോടൊപ്പം അവരുടെ നിലവാരത്തെക്കുറിച്ച് എന്താവോ വിചാരിക്കുക എന്ന് അധ്യാപകര്‍ക്കും ഒരു പോലെ വ്യാകുലത ഉണര്‍ത്തുന്ന ഒന്നായിരുന്നു ഡി.ഇ.ഓ സന്ദര്‍ശനം .

ക്ലാസ്സില്‍ ഒന്നമാനെന്നു മാര്‍ക്കുകളില് തെളിയിച്ചുട്ടള്ളതിനാല്‍‍ ഒന്നാം സ്ഥാനം അലങ്കരിക്കാന്‍ ഭാഗ്യ സിദ്ധിച്ചിട്ടുള്ള ഈയുള്ളവനെപ്പിടിച്ചു ഡി.ഇ.ഓ കാണാന്‍ ഇടയുള്ള ഒരിടത്ത് ഇരുത്തി . ആദ്യത്തെ ചോദ്യ്വര്‍ഷം ഈ ഉള്ളവന്റെ നേര്‍ക്ക്‌ . അവര്‍ക്കുണ്ടോ അറിയുന്നു പരമാര്‍ത്ഥം . എന്തുമാകട്ടെ എന്ന് ഞാനും കരുതി . ഒന്നും അറിയാത്തവന് എന്ത് ഭയക്കാന്‍ .


കൃത്യ സമയത്തു ഡി.ഇ.ഓ വന്നു . ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അതൊരു സംസ്കൃതം ക്ലാസ് ആയിരുന്നു . ഡി.ഇ.ഓ വന്നു പതിവു കണക്കെടുപ്പ് നടത്തി . ക്ലാസ് ടീച്ചറോട് എന്തൊക്കെയോ ചോദിച്ചു . സാധാരണ സംസ്കൃതം ക്ലാസ്സുകളില്‍ ഡി. ഇ .ഓ മാര്‍ ഒന്നും ചോദിക്കാറില്ല . ഇനി ഉണ്ടോ എന്നെനിക്കറിയില്ല . എന്തോ അന്ന് അവര്‍ ഒരു ചോദ്യം , ബലിയാടുണ്ടല്ലോ കണ്‍ വെട്ടത്തു ഞാന്‍ .... കുട്ടി സംസ്കൃതത്തില്‍ "എന്‍റെ പേരെന്താണെന്ന് ചോദിക്കണം " ... ഉള്ളില്‍ നിനും ഉയര്‍ന്നു വന്ന ആന്തല്‍ മുഖത്ത് കാണാതെ ഞാന്‍ ഒളിപ്പിച്ചു . പറയാതിരുന്നാല്‍ ഡി.ഇ.ഓ , ടീച്ചര്‍ എന്നിവര്‍ എന്ത് കരുതും , അതും ക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരന്‍ . ഭഗവാനെ ഗുരുവായൂരപ്പാ എന്നും വിളിച്ചു ഒരു കാച്ചു കാച്ചി . " ത്വം കിം ഭവസി ? ". ഡി .ഇ ഓ യുടെ മുഖത്ത് സംതൃപ്തിയുടെ പുഞ്ചിരി . ഓ ... ഇവന്‍ ആള് കൊള്ളാമല്ലോ എന്ന് ... ക്ലാസ്സിലാകെ ഒരു ദീര്‍ഖ നിശ്വാസം . സച്ചിന്‍റെ ഒരു ക്യാച്ച് മറു ടീം കാരന്‍ കൈവിടുമ്പോള്‍ ഗ്യാലറിയില്‍ നിന്നുയരുന്ന നെടു നിശ്വാസം പോലെ . ഓ .... ഇവന്‍ മാനം രക്ഷിച്ചു എന്ന് ടീച്ചറും ധരിച്ചു കാണും . പക്ഷെ ഞാന്‍ പറഞ്ഞതെന്താണെന്ന് ടീച്ചര്‍ കേട്ടില്ലായിരുന്നു .

യാത്ര പറഞ്ഞു ഡി.ഇ.ഓ കടന്നു പോയി . പോയ വശം ടീച്ചര്‍ അടുത്ത് വന്നു ടീച്ചര്‍ അഭിനന്ദിച്ചു . കൊള്ളാം നന്നായി . ആകട്ടെ എന്താടോ താന്‍ ഉത്തരം പറഞ്ഞതു . തെല്ലഭിമാനത്തോടെ ഞാന്‍ പറഞ്ഞു "ത്വം കിം ഭവസി" . ഇതി കര്തവ്യതാ മൂഢന്‍ ആയി ടീച്ചര്‍ കസേരയിലെക്കിരുന്നു ... കളഞ്ഞില്ലെടോ താന്‍ . ഭാഗ്യം അവര്ക്കു സംസ്കൃതം അറിയാതിരുന്നത്‌ ... ഒന്നും മനസ്സിലാകാതെ നിന്ന ഞാന്‍ , ഞാന്‍ പറഞ്ഞ ഉത്തരത്തിന്റെ യഥാര്ത്ഥ അര്ത്ഥം കെട്ട് ചിരിക്കണോ , കരയണോ എന്നറിയാതെ നില്‍കുമ്പോള്‍ പുറകില്‍ നിന്നും കൂട്ടുകാരുടെ ചിരിയുയര്‍ന്നു ... അതിന്റെ യഥാര്ത്ഥ അര്‍ഥം ഇതായിരുന്നു . " നിങ്ങള്‍ എന്ത് സാധനമാണ് എന്ന് " . പോരെ പൂരം ... പറയേണ്ടിയിരുന്നത് .. "തവ നാമധേയം കിം " എന്നായിരുന്നു .

ഇന്നും സംസ്കൃതം അറിയാവുന്നവരോട് സംസ്കൃതത്തില്‍ പേരു ചോദിക്കുമ്പോള്‍ ഞാന്‍ ഈ സംഭവം ഓര്‍ക്കും . പിന്നെ ഞാനൊരു മഹാ വിഡ്ഢി ആണെന്നുന്നും ആരും കരുതണ്ട . മൂന്ന് വര്ഷം കൊണ്ടു സംസ്കൃതം നന്നായി പഠിച്ചു ആ വര്ഷത്തെ ജില്ലാ തലത്തില്‍ സംസ്കൃത കഥാ രചനയില്‍ ഒന്നാം സ്ഥാനം നേടിയെടുത്തതിനു ശേഷമാണ് ഞാന്‍ അടങ്ങിയുള്ളൂ എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ലെന്നു കരുതുന്നു .



രണ്ടാം താള്‍ ... ഇതും കടന്നു പോകും


ഇതിന് കടപ്പാട് മുന്‍ പ്രസിഡണ്ട്‌ ശ്രീ അബ്ദുല്‍ കലാം അവര്കളിലൂടെ " Light From many lamps" എന്ന പുസ്തകത്തിന് .


കുറെ വര്‍ഷങ്ങള്‍ക്കു മുന്പേ നടന്ന ഒരു സംഭവമാണ് . മധ്യ പൌരസ്ത്യ ദേശത്ത് എവിടെയോ നടന്ന ഒരു സംഭവം . അവിടെ മഹാനായൊരു രാജാവുണ്ടായിരുന്നു . നല്ലൊരു രാജ്യ തന്ത്രജ്ഞനും , കലാരസികനും അതോടൊപ്പം വിശാലമനസ്കനും ആയിരുന്നു അദ്ദേഹം .അതുകൊണ്ട് തന്നെ നല്ലൊരു പണ്ഡിത വൃന്ദവും അദേഹത്തിന്റെ സഭയിലുണ്ടായിരുന്നു .പരാജയങ്ങളും,ദുരന്തങ്ങളും , വിജയങ്ങളും മാറി മറഞ്ഞു വന്നിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍ . അതിനാല്‍ത്തന്നെ ദുഖവും സന്തോഷവും അദ്ദേഹത്തെ മാറി മാറി പിടികൂടിയിരുന്നു . ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും ഇതിലൊന്നും അകമഴിഞ്ഞ് ദുഖിക്കുകയോ മനം മറന്നു സന്തോഷിക്കുകയോ വേണ്ടെന്നു അദ്ദേഹത്തിന് അറിയാമായിരുന്നെന്കിലും , അറിയാതെ അതിന്റെ പിടിയില്‍പ്പെട്ടു പോയിരുന്നു അദ്ദേഹം . ഇതിന് ഒരറുതി വരുത്താന്‍ തീരുമാനിച്ചു അദ്ദേഹം . തന്‍റെ സഭാപണ്ടിതമാരെയെല്ലാം വിളിച്ചു അദ്ദേഹം കാര്യം പറഞ്ഞു . മാന്യരേ , നിങ്ങളെല്ലാവരും കൂടിയാലോചിച്ച് ഒരു വാക്യം ഉണ്ടാക്കണം . ആ വാക്ക്യം എന്നെ മതിമറന്നു സന്തോഷിക്കുന്നതില്‍ നിന്നും അത് പോലെ അകമഴിഞ്ഞ് ദുഖിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കണം . എല്ലാവരും രാപ്പകല്‍ ഭേദമന്യേ കൂടിയോലോചന തുടങ്ങി . ഇംഗ്ലീഷ് ഭാഷയില്‍ പറഞ്ഞാല്‍ "Brain stroming" .അവസാനം അവോരൊരു വാക്യം നിര്‍മ്മിച്ച് രാജാവിനു കൊടുത്തു .രാജാവ് ആ വാക്യം സന്തോഷപൂര്‍വ്വം ഒരു സ്വര്‍ണ വലയത്തില്‍ ആലേഖനം ചെയ്തു സഭാ ഗൃഹ മധ്യത്തില്‍ തൂക്കിയിട്ടു . അതിലെഴുതിയിരുന്നത് ഇപ്രകാരമായിരുന്നു ...

"ഇതും കടന്നു പോകും " --- "This too shall pass away " ....

പിന്നീടുള്ള കാലം വിഷമാധിക്യത്തിലും സന്തോഷാധിക്യത്തിലും ഒരു പോലെ സ്ഥിത ചിത്തനായിരിക്കാന്‍ അത് അദ്ദേഹത്തെ സഹായിച്ചിരുന്നു .

ഇതു തന്നെയല്ലേ ഭഗവദ് ഗീതയില്‍ പറഞ്ഞിട്ടുള്ളതും ...

" Dukheshu anudvigna-manah sukhesu vigata-sprhah

veeta-raaga-bhaya-krodhah sthita-dhir munir uchyate "

ആരുടെ മനസ്സാണോ വിഷമ ഘട്ടങ്ങളില്‍ അനിയന്ത്രിതമായി ദുഃഖ സാഗരത്തില്‍ ആണ്ടുപോകാത്തത് അതുപോലെ സന്തോഷ ഘട്ടങ്ങളില്‍ മതി മറന്ന്‌ ആനന്ദിക്കതിരിക്കുന്നതു , അദ്ദേഹത്തെ മനസ്സുറച്ച മുനി എന്ന് വിളിക്കാം --- ഭവദ്‌ ഗീത


Friday, October 17, 2008

ഒന്നാം താള്‍ ... കടപ്പാട് ഗൂഗിള്‍ ഇന്‍ഡിക് തര്‍ജമാ സഹായിക്ക്

ഈ പോസ്റ്റ് മുന്പേ ചെയ്തതായിരുന്നു .അപ്രതീക്ഷിതമായി എന്‍റെ കമ്പ്യൂട്ടര്‍ പണിമുടക്കിയതിനാല്‍ അത് വരെ ടൈപ്പ് ചെയ്തതെല്ലാം പൊയ്പ്പോയി .എല്ലാം നല്ലതിനെന്ന് വിശ്വസിക്കുന്ന പ്രകൃതക്കാരനാണ് ഞാന്‍ .ഒരു പക്ഷെ കുറെക്കൂടെ നല്ലരീതിയില്‍ പ്രസിധീകരിക്കാപ്പെടാനായിരിക്കും ഇതിന് യോഗം എന്ന് ഞാന്‍ കരുതി .എന്‍റെ ഭാഷാ പരിചയം അച്ഛന്‍ പറഞ്ഞു തന്നിട്ടുള്ള സഞ്ജയന്‍ കൃതികളിലും , പുരാണ കഥകളിലും , കുറെ നല്ല കവിതകളിലും പിന്നെ ഞാന്‍ വായിച്ചിട്ടുള്ള ഗൃഹാതുരത ഉണര്‍ത്തുന്ന ഒരുപാടു നോവലുകളിലും ആയി ഒതുങ്ങുന്നു .വരും ലേഘനങ്ങളില്‍ കാണാനിടയുള്ള തെറ്റുകള്‍ക്കുള്ള ഒരു മുന്‍‌കൂര്‍ ജ്യാമ്യമല്ലേ ഇതെന്ന് ചോദിച്ചാല്‍ മടിയില്ലാതെ ഉത്തരം "അതെ" .സദയം ക്ഷമിക്കുക ....

പുതു തലമുറയ്ക്ക് പൊതുവെ സംഭവിക്കാറുള്ള ഇംഗ്ലീഷ് ഭാഷാഭ്രമം എനിക്കും സംഭവിച്ചു എന്ന് തുറന്നു സമ്മതിക്കട്ടെ .പുതുവാക്കുകള്‍ പഠിക്കാനും അത് പ്രയോഗിക്കാനും ഞാന്‍ ശ്രദ്ധിച്ചു .അതിന് മറ്റൊരു ഉദ്ദേശവും ഇല്ലായിരുന്നു . ഒപ്പം മലയാളത്തെയും ഞാന്‍ സ്നേഹിച്ചു , ബഹുമാനിച്ചു ...

ഈ താളുകള്‍ക്ക് പുറകിലുള്ള വലിയൊരു പ്രചോദനം എന്‍റെ കൂട്ടുകാരനാണ് .ആളൊരു തമിഴനാണ് .പക്ഷെ അദ്ദേഹത്തിന് തമിഴിനോടുള്ള സ്നേഹവും ബഹുമാനവും എന്നെ വല്ലാതെ സ്പര്‍ശിച്ചു .എന്നെ ഈയൊരു " സാഹസിത്തിനു " പ്രചോദിപ്പിച്ചത്‌ അദ്ദേഹം തന്നെ .