Sunday, August 16, 2009

ഇരുപതാം താള്‍ " മഴയുടെ കൂടെ ജോണി മാപ്പിളയും ..."

ഒടുവില്‍ പപ്പെട്ടനെയും,വിക്ടര്‍ ജോര്‍ജിനെയും, മുരളിയെയും കൊണ്ട് പോയ മഴയുടെ കൂടെ ജോണി മാപ്പിളയും യാത്രയായി . ഒന്നരാടമുള്ള അച്ഛനുമായുള്ള ഫോണ്‍ സംഭാഷണങ്ങളില്‍ അന്നത്തേതില്‍ ജോണി മാപ്പിള മാത്രം നിറഞ്ഞു നിന്നു . അച്ഛന്‍റെ വ്യസനം വാക്കുകളില്‍ സുവ്യക്തം .

ഓര്‍മ വയ്ക്കുമ്പോള്‍ ഉള്ള ജോണി മാപ്പിള , കാള തേക്കിന് " മൂര്യേയ്‌ ആഹ് ..." എന്ന് ആട്ടാറുള്ള ജോണി മാപ്പിളയാണോ അതോ വയ്യാത്ത എന്റെയച്ചനെ കോരിയെടുത്ത് "മാഷോന്നും പേടിക്കണ്ട , ഒക്കെ ശരിയാകും " എന്ന് പറഞ്ഞ് കാറില്‍ കയറ്റുന്ന ജോണി മാപ്പിളയാണോ എന്ന് ചോദിച്ചാല്‍ വ്യക്തമല്ല . പൊതുവേ മറ്റുള്ളവരുമായി കൂട്ടുകൂടാനോ , മറ്റുള്ള വീട്ടുകളില്‍ പോയി എന്തെങ്കിലും കഴിക്കാനോ അനുവാദമില്ലാത്ത ഞങ്ങള്‍ കുട്ടികള്‍ക്ക് ജോണി മാപ്പിളയുടെ വീട്ടില്‍ പോകാനും ,കഴിക്കാനും അനുവാദം ഉണ്ടായിരുന്നു .

എന്‍റെ ഓര്‍മയില്‍ അദ്ദേഹത്തിന്‍റെ ഒരേയൊരു ദുശ്ശീലം പൊടി വലിയായിരുന്നു ( ഇതൊക്കെ ഒരു ദുശീലമാണോ അല്ലെ ?) . മുണ്ടിന്‍റെ കോന്തലയില്‍ തിരുകി വച്ചിട്ടുണ്ടാകും ബ്രൌണ്‍ നിറമുള്ള പൊടി ഡെപ്പി . അദേഹത്തിന്റെ പൊടി വലി ഉദ്ദേശം പതിനഞ്ചു നിമിഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന നിരവധി ഘട്ടങ്ങള്‍ നിറഞ്ഞതാണെന്ന് കണ്ടെത്തിയത് അച്ഛനോ അതോ ഞാനോ ?. ആ ഘട്ടങ്ങള്‍ ഒന്നൊന്നായി കുട്ടിയായ ഞാന്‍ ഒരിക്കല്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ അഭിനയിച്ച് കാണിച്ചപ്പോള്‍, ചിരിച്ചു കൊണ്ട് അദ്ദേഹമെന്നെ കോരി എടുത്തതും , കൂട്ടത്തില്‍ പൊടി വലിക്കാന്‍ ശ്രമിച്ച അച്ഛന്‍, ചുമച്ചു ശാസം കിട്ടാതെയായപ്പോള്‍ , എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ച് നിന്ന അദ്ദേഹത്തിന്‍റെ രൂപവും ... അങ്ങനെ അങ്ങനെ ഒരു പിടി ഓര്‍മ്മകള്‍ ...

പിന്നെടെന്നോ ഞങ്ങള്‍ താമസം മാറ്റിയ നാളുകളില്‍ കേട്ടു അദ്ദേഹം ശരീരം തളര്‍ന്ന് കിടപ്പായെന്ന് . അദ്ദേഹം കിടപ്പായെന്ന് വിശ്വസിക്കാന്‍ പോലും പ്രയാസം . എപ്പോഴും ഊര്‍ജസ്വലനായിരുന്ന അദ്ദേഹം കിടപ്പിലായെന്നു പറയുമ്പോള്‍ ....

ഇപ്പോള്‍ ഒരു കുഴപ്പവും ഇല്ലെടോ ... താന്‍ ലീവില്‍ വരുമ്പോള്‍ ഇവിടെ വരണം എന്ന് രണ്ടാഴ്ചകള്‍ക്ക് മുന്‍പ് അദ്ദേഹം പറഞ്ഞപ്പോള്‍ പോലും ഞാനോര്‍ത്തില്ല . എല്ലാം ഇത്ര പെട്ടെന്ന് ... ഇനിയൊരിക്കലും തറവാട്ടിലെ പൂമുഘത്തെ തിണ്ണയില്‍ മാഷേ ... എന്ന് വിളിച്ചു , പണ്ട് ഞാനഭിനയിച്ചു കാണിച്ച താളത്തില്‍ പൊടി ഡെപ്പി തുറക്കാന്‍ അദ്ദേഹം ഉണ്ടാകില്ല എന്നോര്‍ക്കുമ്പോള്‍ ... ഇവരൊക്കെ എനിക്കിത്ര പ്രിയപ്പെട്ടവരായിരുന്നെന്ന് തിരിച്ചറിയുന്നത്‌ ഇവരുടെ വേര്പാടുകളില്‍ ആണല്ലോ എന്ന കുറ്റ ബോധം മാത്രം ബാക്കിയാകുന്നു ...

Saturday, August 1, 2009

പത്തൊമ്പതാം താള്‍ ..." ആകാശത്തേക്ക് നോക്കിയിരിക്കാന്‍ എന്ത് സുഖം "

അല്ലെങ്കിലും ഇതിന്‍റെ വല്ല കാര്യവുമുണ്ടായിരുന്നോ ?. ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ഇട്ട് അഗ്രഗെടെര്സ് പോലും അത് അപ്ഡേറ്റ് ചെയ്യുന്നതിന് മുന്‍പ് ഇങ്ങനെ ഒരുത്തനെ ഫോണില്‍ വിളിച്ചു വായിച്ചു അഭിപ്രായം ആരായുമ്പോള്‍ ഓര്‍ക്കണം ഇതിങ്ങനെയേ വരൂ എന്ന് .

ബ്ലോഗെഴുത്ത് ഒരു ശീലമാക്കി എന്ന് പറയാന്‍ പറ്റില്ല എന്നെ സംബന്ധിച്ചെടുത്തോളം . സമയം കിട്ടുമ്പോള്‍ , എഴുതുന്നതില്‍ കൂടുതല്‍ വായനെയെ പതിവുള്ളൂ .എഴുതുന്നതോ, മനസ്സില്‍ തട്ടിയ എന്തെങ്കിലും കാഴ്ചകളെ പറ്റിയോ അല്ലെങ്കില്‍ ഏതെങ്കിലും മറക്കാനാകാത്ത അനുഭവങ്ങളെ പറ്റിയോ ആകും സാധാരണ . അങ്ങനെ വളരെക്കാലത്തിനു ശേഷം ഒന്നെഴുതിയതിനാണീ ദുര്യോഗം .

ഒരു പാട് കാലങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അവനു ഫോണ്‍ ചെയ്യുന്നത് . പഴയ കാര്യങ്ങള്‍ പറയുന്നതിനിടെ ഞാന്‍ കൂട്ടത്തില്‍ ചോദിച്ചു ... " ഇപ്പോള്‍ പണ്ടത്തെപ്പോലെ എഴുത്തും വായനയും ഒന്നും ഇല്ലേ ?..

" ഓ ... എന്ത് പറയാനാ മാഷെ . ഇപ്പോള്‍ ഒന്നിനും സമയം കിട്ടാറില്ല . എഴുത്ത് പണ്ടേ നിര്‍ത്തി .. രയിടെര്സ് ബ്ലോക്ക്‌ ... അവന്‍ നിശ്വസിച്ചു ... (പല പ്രസിദ്ധ എഴുത്തുകാര്‍ക്കും ഉണ്ടായിട്ടുള്ള ഒരു പ്രതിസന്ധി ... പലരും രംഗം വിട്ടു പോയതും , കുറെ കാലം എഴുത്തില്‍ നിന്നും വിട്ടു നിന്നതും ആയി ചരിത്രം ...)

ഇങ്ങേര്‍ക്ക് അങ്ങനെ ഒന്ന് വരാന്‍ വഴിയില്ലല്ലോ എന്ന് ഞാന്‍ മനസ്സിലോര്‍ത്തു ...

അവന്‍ തുടര്‍ന്നു ... കുറച്ചു സമയം വീണു കിട്ടുമ്പോള്‍ പോളോ കൊയിലോ യുടെയോ പാമുകിന്റെയോ അല്ലെങ്കില്‍ മികിയോ കാക്കുവിന്റെയോ പുസ്തകങ്ങള്‍ വായിക്കും .( ഇവരുടെ ഒരു പുസ്തകമെന്കിലും ഇഷ്ടന്‍ വായിച്ചിട്ടുണ്ടോ എന്ന് സംശയം )... മലയാളം ... സമയം കിട്ടാറില്ല ... "അവന്‍ പറഞ്ഞു നിര്‍ത്തി .

എനിക്കും അങ്ങനെത്തന്നെ ... സമയം കഷ്ടി ആണ് ... ഇടയ്ക്കു മലയാളാം ബ്ലോഗില്‍ എന്തെങ്കിലുമൊക്കെ എഴുതും. ഇപ്പോള്‍ ഒരു പുതിയ പോസ്റ്റ്‌ ഉണ്ട് ...സമയം കിട്ടുമ്പോള്‍ ഒന്ന് വായിച്ചു നോക്കി അഭിപ്രായം പറയണം.ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ മനസ്സില്ലാ മനസ്സോടെ അവന്‍ സമ്മതം മൂളി


" പാമുക്കിണോ , കാക്കുവിനോ മാറ്റി വച്ചിട്ടുള്ള സമയത്തില്‍ നിന്ന് ഒരു പത്തു മിനിറ്റ് മാറ്റി വച്ച് ഇതൊന്നു വായിക്കണം. പ്ലീസ് ... " ഞാനിത് പറഞ്ഞപ്പോള്‍ അവന്‍ മെല്ലെ ചിരിക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു .


" ശരി ആ ലിങ്ക് ഒന്ന് ഫോര്‍വേഡ് ചെയ്യൂ . ഞാന്‍ നോക്കാം ... " . അവന്‍ പറഞ്ഞു തീര്‍ക്കാന്‍ ഞാന്‍ കാത്തു നിന്നില്ല . അതിനു മുന്പേ സംഭവം അയച്ചു .

" അതാ വന്നു .. ആഹാ താന്‍ ആള് കൊള്ളാമല്ലോ .... നോക്കട്ടെ എന്തൊക്കെ വങ്കതങ്ങള്‍ ആണ് എഴുതി വച്ചിരിക്കുന്നത് എന്ന് ... " ലിങ്കില്‍ ക്ലിക്കി , അവനതു പറഞ്ഞപ്പോള്‍ ഞാന്‍ ഊറിച്ചിരിച്ചു .

ഞാന്‍ രണ്ടു മണിക്കൂര്‍ എടുത്തു എഴുതിയ അനുഭവ കഥ പത്തു നിമിഷം കൊണ്ട് ഒറക്കെ വായിക്കുന്നത് എനിക്ക് ഫോണിലൂടെ കേള്‍ക്കാം . ഇടയിലുള്ള കുത്തും കോമയും വള്ളി പുള്ളി ആദിയായവകളെ എല്ലാം ഇഷ്ടന്‍ വിഴുങ്ങി . ഇടയില്‍ ചില വരികളും വിഴുങ്ങിയോ എന്നും ഒരു സംശയം .... വികാര വിക്ഷോഭം കൊള്ളേണ്ട ഇടത്ത് ഒരു കുലുക്കവും കക്ഷിക്കുണ്ടായില്ല എന്ന് മാത്രമല്ല അവസാനം ഒരു ചോദ്യം .

"എന്തുവാടെ ഇതിനകത്ത് ഉള്ളത് . ഇത്ര മാത്രം ബഹളം കൂട്ടാന്‍ ..." പോരെ പൂരം ? .

വെറുതെയാണോ ഈ നാട്ടില്‍ സാഹിത്യകാരന്മാര്‍ കൂമ്പടഞ്ഞു പോകുന്നത് ?. ഇവനെപ്പോലുള്ളവര്‍ അല്ലെ ആസ്വാദകര്‍ .

എനിക്കിതു കിട്ടണം . അവനെങ്ങാനും അടുത്തുണ്ടായിരുന്നെങ്കില്‍ ഒന്നുകില്‍ ഞാന്‍ അവനെ തട്ടിയേനെ . അല്ലെങ്കില്‍ ഒരു കത്തി എടുത്തു കൊടുത്ത് ... കുത്തി കേട്റെടാ എന്ന് പറഞ്ഞു നെഞ്ച് കാട്ടി കൊടുത്തേനെ .

എന്നെ അല്പമൊന്നു ആശ്വസിപ്പിച്ചത്‌ എന്താണെന്നോ .. നമ്മുടെ കക്ഷിയുടെ ഒരു പഴയ കഥയിലെ ഒരു വരി .ഞങ്ങള്‍ ഒരുമിച്ചു പണ്ട് താമസിക്കുമ്പോള്‍ അയാളുടെ നോട്ട് പുസ്തകങ്ങളില്‍ ഒന്നില്‍ കണ്ട കഥയിലെ ഒരു വരി ...

"നട്ടുച്ച സമയം ... പന്തരണ്ട് മണി ... സൂര്യന്‍ ഉദിച്ചു ഉയര്ന്നതെ ഉള്ളൂ .. ആകാശത്തേക്ക് നോക്കിയിരിക്കാന്‍ എന്ത് സുഖം . ആഹാ ." ...

സൂര്യനാണോ അത് നമ്മുടെ കക്ഷിക്കാണോ അബദ്ധം പറ്റിയത് എന്നറിയില്ല ...


ഇതെല്ലാം വെറുതെയാണ് കേട്ടോ . നമ്മുടെ കക്ഷി ഒരു നല്ലൊരു എഴുത്തുകാരനും പാടുകാരനുമാണ് . അതിലുപരി നല്ലൊരു തമാശക്കാരനുമാണ് . അദ്ദേഹത്തിന്‍റെ അനുമതിയോടെ ഇതിവിടെ എഴുതുന്നു . തികച്ചു സാങ്കല്‍പ്പികം ( അല്പം യാഥാര്‍ത്യവും ഉണ്ടെന്നു കൂട്ടിക്കോളൂ )...