Sunday, June 21, 2009

പതിനേഴാം താള്‍ ... കവിതാ മോഷണം ...

മോഷണം ഒരു കുറ്റമാണോ ? അതും സാഹിത്യത്തില്‍ ... ?. അങ്ങനെ നോക്കിയാല്‍ തികച്ചും വ്യത്യസ്തമായ ഒരു സൃഷ്ടി എന്ന് പറയാന്‍ എത്ര എണ്ണം ഉണ്ടാകും ?... മോഷ്ടിച്ചാലും ശരി മൂല കൃതിയുടെ സ്വത്വം നഷ്ടപ്പെടാതെ അതിനെ കൂടുതല്‍ ഭംഗിയാക്കി അവതരിപ്പിക്കാന്‍ സാധിച്ചാല്‍ അതിനെയല്ലേ സര്‍ഗാത്മകത എന്ന് വിളിക്കുന്നത്‌ ?....മലയാള സാഹിത്യത്തിലെ മഹാരഥന്മാര്‍ തന്നെ എത്ര വാദ പ്രദിവാദങ്ങള്‍ നടത്തിയിരിക്കുന്നു ഇതിനെപ്പറ്റി ... ഇങ്ങനെയുള്ള ചിന്തകളാണ് മോഹന കൃഷ്ണനെ വര്‍ഷങ്ങള്‍ക്കു മുന്‍പേ അങ്ങനെയൊരു പാതകത്തിന്‌ മുതിരാന്‍ പ്രേരിപ്പിച്ചത് ...

എഴുപതുകളുടെ അവസാനം ... അല്പം സാഹിത്യാസ്വാദനം ശീലമുള്ളവരെല്ലാം മാതൃഭൂമി, കലാകൌമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ സ്ഥിരമായി വീട്ടില്‍ 'വരുത്തുകയെങ്കിലും' ചെയ്യുന്ന കാലം . അല്പം സാഹിത്യാസ്വാദനം കൂടിയ ഇനത്തില്‍ പെട്ട ഒരാളായതിനാല്‍ മോഹനകൃഷ്ണന്റെ അച്ഛന്‍ മേല്‍പ്പറഞ്ഞ വാരികകളുടെ പഴയ ലക്കങ്ങള്‍ ബയന്ട് ചെയ്തു സൂക്ഷിക്കാറുണ്ട് എന്ന് പറഞ്ഞാല്‍ അതില്‍ അല്‍പം പോലും അതിശയോക്തിഇല്ലെന്നു ദയവു ചെയ്തു വിശ്വസിക്കണം ... വീട്ടിലെ കാര്യസ്ഥന്‍ രാമന്‍ നായര്‍ക്കെങ്കിലും അതുകൊണ്ട് പലപ്പോഴും പ്രയോജനം ഉണ്ടായിട്ടുണ്ട് ... ' ക്ഷമിക്കണം .. രാമന്‍ നായര്‍ അത് വായിച്ചു വള്ളത്തോള്‍ ഇടശ്ശേരി തുടങ്ങിയവര്‍ക്കോ , എം ടി ക്കോ , നാലാപ്പാട്ടിലെ സര്‍ഗ പ്രതിഭകള്‍ക്കോ ഒരു ഭീഷണിയായ ചരിത്രമില്ല ...' മറിച്ച് നാരായണന്‍ നായരുടെ ചായപ്പെടികയിലെ പറ്റു തീര്‍ക്കാനായി മാതൃഭൂമിയും കലാകൌമുദിയും ഭാഷാപോഷിണിയും പലവട്ടം അവതാരം എടുത്തിട്ടുണ്ട് . ...

മലയാള സാഹിത്യത്തിന്‍റെ ആധാരവും , നെടും തൂണും എല്ലാം കഥകള്‍ തന്നെയെന്ന്‌ പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന എഴുത്തുകാരോട് നിസ്സംശയം കൂറ് പുലര്‍ത്തുമ്പോള്‍ തന്നെ കവിതകളോട് വലാതൊരു മമതയും നമ്മുടെ കഥാ നായകനുണ്ടായിരുന്നു . പ്രത്യേകിച്ച് കവിതയാകണമെങ്കില്‍ വൃത്തവും പ്രാസവും വേണമെന്ന് നിര്‍ബന്ധമിലെന്നു ഘോരഘോരം വാദിക്കുന്ന ഒരു സാഹിത്യ വൃന്ദം അയാളുടെ മേല്‍പ്പറഞ്ഞ കൂറ് വളര്‍ത്താന്‍ ഇടയാക്കി .ഏത് ഗദ്യത്തെയും നിഷ്പ്രയാസം പദ്യമാക്കാന്‍ സാധിക്കും എന്നൊരു ധൈര്യവും മോഹന കൃഷ്ണന് ബലമേകി .

ആദ്യത്തെ കൃതി ഒരു കവിത തന്നെ ആകട്ടെ എന്ന് കരുതി എഴുത്ത് തുടങ്ങി . എഴുത്ത് കഴിഞ്ഞു നോക്കിയപ്പോള്‍
അതിനിനി സാഹിത്യ അക്കാദമിക്കാര്‍ നേരിട്ട് വന്നു തല്ലുമോ അതോ ആളെ വിട്ട്‌ തല്ലുമോ എന്നുള്ള സംശയം ഉടനടി ഉടലെടുത്തതിനാല്‍ ( അത്രക്കും ഗംഭീരമായിരുന്നു പ്രമേയവും അവതരണവും ) ആ കൃതിയെ അയാള്‍ ' 'നിഷ്കരുണം' കൊന്നു കളഞ്ഞു ...

എഴുതാനിരുന്നു രണ്ടാമതും ... പക്ഷെ ഇപ്പ്രാവശ്യം നെപ്പോളിയന്റെ ചിലന്തി പ്രചോദിതമായ കഥയോ ബൈബിളിലെ മുട്ടുവിന്‍ തുറക്കപ്പെടും എന്ന വാക്യമോ അയാള്‍ക്ക്‌ മനോധൈര്യം ഏകിയില്ല . എന്തായാലും ഒരു കവിത മാത്രുഭുമിക്ക് അയച്ചു കൊടുത്തേ അടങ്ങൂ എന്ന ശക്തമായ ഒരു ആഗ്രവും ഉയര്‍ന്നു നിന്നു .

ഇങ്ങനെയൊരു സാഹചര്യത്തിലാണ് മോഹന്‍ കൃഷ്ണന്‍ ആ മഹാപാതകത്തിനു മുതിര്‍ന്നത് ... പഴയ മാതൃഭൂമി ബയന്ട് കെട്ടുകള്‍ നിന്നു അറുപതുകളുടെ തുടക്കത്തിലെ ചില കെട്ടുകള്‍ അയാള്‍ പരത്താന്‍ തുടങ്ങി . അതില്‍ നിന്നും മോശമല്ലാത്ത ഒരു കവിതയെ 'മോഷ്ടിച്ച് ' അല്പസ്വല്പം ചില മാറ്റങ്ങള്‍ വരുത്തി . മോഷണം തറവാട്ടിലെ മറ്റു സാഹിത്യ കുതുകികള്‍ കണ്ടു പിടിക്കാതിരിക്കാന്‍ ആ പേജ് ചീന്തിക്കളയാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു . ഒരു കാരണവശാലും അത് തിരസ്കരിക്കപെടില്ലെന്നു ഉറപ്പുണ്ടായിരുന്നു എങ്കിലും ശരി മടക്കതപാലിനു ഒരു കവര്‍ കൂടെ വച്ച് അത് മാത്രുഭുമിക്കയച്ചു .

കാത്തിരുപ്പ് ...

അവസാനം ... ഒരു നാള്‍ , മോഹന കൃഷ്ണനെയും ഒരു കവി എന്ന പദത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു ആ കവിത പ്രസിദ്ധീകരിക്കപ്പെട്ടു മാതൃഭുമിയില്‍ ... അതൊരു ചില്ലരക്കര്യമാണോ ... അത് വരെ അവഗണിച്ചവരുടെ ബഹുമാനം അയാള്‍ ആഘോഷിച്ചു . പക്ഷെ ആ ആഘോഷത്തിനു തിരശ്ശീല ഇട്ടു കൊണ്ടാണ് അടുത്ത വാരത്തിലെ മാതൃഭുമി വന്നത് . അതിലെ വായനക്കാരുടെ കത്തുകള്‍ എന്ന പംക്തിയില്‍ ഒരു കത്ത് ചുവടെ കൊടുത്ത പ്രകാരത്തില്‍ ആയിരുന്നു ...

കഴിഞ്ഞ ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മോഹന കൃഷ്ണന്‍റെ ' നിറങ്ങള്‍ ' കവിത 1965 മാര്‍ച്ച് പത്തിന് പ്രസിദ്ധീകരിച്ച ലക്കത്തിലെ സേതുമാധവന്റെ 'ചായങ്ങള്‍' എന്ന കവിതയുടെ പകര്‍പ്പല്ലേ എന്നൊരു സംശയം , പത്രാധിപര്‍ ഇനിമേല്‍ ശ്രദ്ധിക്കുമല്ലോ ...

എല്ലാം അതോടെ അവസാനിച്ചു ... അച്ഛനെപ്പോലെ മാതൃഭൂമി പഴയ ലക്കങ്ങള്‍ സൂക്ഷിക്കുന്ന 'സാഹിത്യ കുതുകികള്‍ നിലനില്‍ക്കുന്ന ഈ ലോകത്തില്‍, സാഹിത്യ ലോകത്തില്‍ കാലെടുത്തു കുത്താന്‍ വെമ്പി നില്‍ക്കുന്ന തന്നെപോലുള്ളവര്‍ക്ക് അവസരമില്ല എന്നൊരു പ്രസ്താവനയും ഇറക്കി കവിയാകുക എന്നൊരു ഉദ്യമത്തില്‍ നിന്നും തല്‍ക്കാലം വിടുതല്‍ പറഞ്ഞു നമ്മുടെ കഥ നായകന്‍ .