Wednesday, October 29, 2008

ഒന്‍പതാം താള്‍ ... " വെളിച്ചപ്പാട് മാമ "

ക്ലാസ്സിലെ എല്ലാ കണ്ണുകളും കൃഷ്ണന്‍ കുട്ടിയുടെ നേര്‍ക്കാണ് ... നാരായണന്‍ കുട്ടി മാഷ് ഒരു നിമിഷം അന്ധാളിച്ചു നിന്നു പോയി ... അല്ലെങ്കില്‍ പിന്നെ എങ്ങിനെ അന്ധാളിക്കാതിരിക്കും ? . ക്ലാസിലെ എല്ലാവരും വലുതാകുമ്പോള്‍ ആരായിത്തീരണം എന്നുള്ള ചോദ്യത്തിന് മാഷും , ഡോക്ടറും , എന്‍ജിനീയറും എന്നൊക്കെ മറുപടി പറയുമ്പോള്‍ ഒരു വിദ്വാന്‍ മാത്രം പറയുന്നു വെളിച്ചപ്പാട് ആയി തീരണം എന്ന് . ഈ വിദ്വാന്മാരെല്ലാം ആഗ്രഹിച്ചത്‌ ആയിട്ടല്ല , എങ്കിലും പറയുമ്പോള്‍ മാഷെന്നും , ഡോക്ടര്‍ എന്നും ഒക്കെയാണ് സാധാരണയായി കേള്‍ക്കാറുള്ളത് ... പക്ഷെ ഈ വിദ്വാന്‍ മാത്രം എന്തെ വെളിച്ചപ്പാടാകാന്‍ ഇഷ്ടപ്പെടുന്നത് ...

കൃഷ്ണന്‍ കുട്ടിയുടെ കാഴ്ചപ്പാടില്‍ വെളിച്ചപ്പാട് സ്ഥാനം മാഷന്മാര്‍ക്കും , എന്ജിനീയര്‍മാര്‍ക്കും എല്ലാം ഉപരിയായിരുന്നു .കാരണമുണ്ട് . തറവാട്ടിലെ എല്ലാവരും മുഖത്ത് നോക്കാന്‍ പോലും ഭയപ്പെടുന്ന വലിയ മാമ , മുത്തശ്ശി , കുഞ്ഞി മാമ തുടങ്ങിയവര്‍ തൊഴുതു വണങ്ങി നില്ക്കുന്നത് ഒരേ ഒരാളുടെ മുന്‍പില്‍ മാത്രം ... വെളിച്ചപ്പാടിന്‍റെ ...തറവാട്ടില്‍ ഉള്ളവര് മാത്രമോ , നാടു മുഴുവന്‍ ബഹുമാനിക്കുന്ന ആളല്ലേ വെളിച്ചപ്പാട് ... എന്‍ജിനീയറും , മാഷും , ഡോക്ടറും എന്നല്ല ഏത് തുക്കിടി സായ്‌വ് പോലും വെളിച്ചപ്പാടിനു മുന്‍പില്‍ തൊഴുതു നില്ക്കും .. അപ്പോള്‍പ്പിന്നെ വെളിച്ചപ്പാട് ആവുക തന്നെയല്ലേ ഏറ്റവും നല്ലത് .ഇതാണ് കൃഷ്ണന്‍ കുട്ടിയുടെ ലോജിക് .

എന്താ ക്ടാവേ ... ഹും ... അസമയത്ത് എന്‍റെ ഭൂത ഗണങ്ങളെ കണ്ടു ഭയന്നോ ?... അസമയത്തുള്ള യാത്ര ഒന്നും വേണ്ടാ .. എപ്പളും എന്‍റെ കണ്ണ് ഉണ്ടായീന്ന് വരില്യ ... എല്ലാം ഒന്നു സൂക്ഷിച്ചും കണ്ടും ചെയ്‌താല്‍ മതി ... ഭയപ്പെടന്ടാ ... എല്ലാം ഞാന്‍ കാത്തു കൊള്ളാം ... വെളിച്ചപ്പാട് മാമയുടെ മുന്‍പില്‍ വലിയമ്മാമ , മുത്തശ്ശി തുടങ്ങിയവരെല്ലാം തൊഴു കയ്യുകളോടെ നില്‍ക്കുകയാണ്‌ . ഇപ്പോള്‍ ദേവിയുടെ പ്രതി രൂപമാണ് വെളിച്ചപ്പാട് മാമ . എല്ലാവരും പഞ്ച പുച്ഛം അടക്കി നില്ക്കുന്നു . അപ്പോള്‍ പിന്നെ കൃഷ്ണന്‍ കുട്ടി ആഗ്രഹിച്ചതില്‍ എന്താണ് തെറ്റ് .

വര്‍ഷങ്ങള്‍ക്കു ശേഷം വെളിച്ചപ്പാട് മാമയെ അമ്പലത്തില്‍ വച്ചു കണ്ടപ്പോള്‍ കൃഷ്ണന്‍ കുട്ടി ചോദിച്ചു . "വെളിച്ചപ്പാട് മാമേ ... ശരിക്കും ദേവി മേലെ കയറിയിട്ട് തന്നെയാണോ കലി വരുന്നതു " . വെളിച്ചപ്പാട് മാമ മന്ദഹസിച്ചു കൊണ്ടു പറഞ്ഞു ... "എന്‍റെ കുട്ട്യേ ... അതൊരു പൊത്യാ ... അതഴിക്കണ്ടാ ... അതവിടെ ഇരുന്നോട്ടെ " ...

വര്‍ഷങ്ങള്‍ക്കു ശേഷം കൃഷ്ണന്‍ കുട്ടി വടക്കേ ഇന്ത്യയിലെ ഒരുയര്‍ന്ന ഉദ്യോഗത്തില്‍ നിന്നും പിരിഞ്ഞു നാട്ടില്‍ വന്നു സ്ഥിരതാമാസമാക്കിയപ്പോള്‍ ഒരിക്കല്‍ വീട്ടില്‍ വന്നിരുന്നു . സഹപാഠികള്‍ ആയ അച്ഛനും കൃഷ്ണന്‍ കുട്ടിയും പഴയ കഥകള്‍ പറഞ്ഞിരിക്കുമ്പോള്‍ കേട്ടതാണിത്‌ . അവരുടെ അനുവാദത്തോടെ ... ഞാനിവിടെ എഴുതുന്നു ...


നോട്ട് :- പേരുകള്‍ വ്യാജമാണ് . ക്ഷമിക്കുക ...

6 comments:

ശ്രുതസോമ said...

പോസ്റ്റിനേക്കാൾ എനിക്കിഷ്ടപ്പെട്ടത് about me-യിലെ
വാചകങ്ങളാണ്..
സൂപ്പർ
പിന്നെ വേഡ് വെരിഫിക്കേഷൻ ....വേണോ?

വിനോദ് said...

സന്തോഷം ... താങ്കളുടെ പ്രതികരണത്തില്‍ ... എന്നാല്‍ പറ്റും വിധം ഭംഗി ആക്കാന്‍ ഞാന്‍ ശ്രമിക്കാം ... ഒരിക്കല്‍ കൂടി നന്ദി ...

Appu Adyakshari said...

വിനോദേ, അപ്പോള്‍ ആ കഥകള്‍ വരുന്ന പോസ്റ്റുകളില്‍ എഴുതും എന്നു പ്രതീക്ഷിക്കട്ടെ? ബ്ലോഗിന്റെ ടൈറ്റില്‍ സ്പര്‍ശം എന്നത് മലയാളത്തില്‍ ആക്കിയാല്‍ മലയാളം ബ്ലോഗ് ആഗ്രിഗേറ്ററുകള്‍ വേഗം ഇതിലെ പോസ്റ്റുകളെ കണ്ടെത്തും.

വിനോദ് said...

സന്തോഷം അപ്പൂ ... താങ്കളുടെ നിര്‍ദേശം പോലെ സ്പര്‍ശം എന്നുള്ള തലക്കെട്ട്‌ മലയാളത്തില്‍ ആക്കിയിട്ടുണ്ട് . നന്ദി ...

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു

ഈ വേഡ് വെരിഫിക്കേഷം കൂടി ഒഴിവാക്കിയാൽ നന്നായിരുന്നു

bijuneYYan said...

എനിക്കിതു വായിച്ചപ്പോ.. പണ്ട് അമ്പലത്തീന്നു വന്നിരു മൂക്കോഞ്ചാത്തനെയാണ് ഓര്‍മ്മ വന്നത്.. എന്താണെന്നറിയില്ല... എന്തായാലും സംഗതി കൊള്ളാം..

പിന്നെ.. ഈ ഒരു വെളിച്ചപ്പാടു വിശേഷം ഒരുമാതിരി അമേരിക്കന്‍ സൈനിക രഹസ്യമോ മറ്റോ ആണോ.. ഇത്ര സീക്രട്ടായി ഹി ഹി.. പേരൊക്കെ മാറ്റി എഴുതാന്‍??