Sunday, August 8, 2010

ഇരുപത്തിയൊന്നാം താള്‍ ... കൊണാട്ട് ഹില്‍സ്‌ എന്ന കോണത്തു കുന്ന് ...

ചൈനാ വാറിനു ശേഷം , അറുപതുകളില്‍ ...

പട്ടാള ട്രെയിനിംഗ് കഴിഞ്ഞ് കുഞ്ഞിരാമനു ആദ്യം കിട്ടിയ പോസ്റ്റിങ്ങ്, ലഡാക്കില്‍ . "ലെഫ്റ്റനന്‍റ് കുഞ്ഞിരാമന്‍ റിപ്പോര്‍ട്ടിംഗ് സര്‍" എന്നും പറഞ്ഞു കൊണ്ട് നീട്ടി വലിച്ചു ഒരു സല്യൂട്ട് കൊടുത്തു, അധികാരിക്ക് കക്ഷി .

പൊടി മീശക്കാരന്‍ കുഞ്ഞിരാമനെ അടിമുടി നോക്കി മുഖത്ത് ഒരു കൃത്രിമ ചിരി വരുത്തി അധികാരി പതുക്കെ അടുത്ത് വന്ന് ഒരു ചോദ്യം .

" സൊ ... കുഞ്ഞിരാമന്‍ വിച്ച് പാര്‍ട്ട്‌ ഓഫ് കേരള യു ആര്‍ ഫ്രം ? " .

അതുപിന്നെ ... " ഐ ആം വെരി വെരി ഇരിഞ്ഞാലക്കുട സാര്‍" . ഇംഗ്ലീഷ് ഗ്രാമര്‍ പഠിപ്പിച്ച തെങ്ങോല വരിയന്‍ മാഷെ മനസ്സില്‍ വിചാരിച്ച് , " വില്ലിം ശേഷപ്പയ്യര്‍ക്ക് ( വില്ലിം ഷേക്ക്‌ സ്പീര്‍ ) മനസ്സില്‍ ഒരു തേങ്ങ അടിച്ചു നമ്മുടെ കക്ഷി ഒരു കീറു കീറി .

കുഞ്ഞിരാമന്റെ മറുപടി കേട്ടതും അങ്ങേ തലയ്ക്കു അധികാരിയുടെ കണ്ണുകളില്‍ ഒരു തിളക്കം ...

" ഓഹോ ... ഐ ആം ആള്‍സോ ഫ്രം ഇരിഞ്ഞാലക്കുട . എഗാസ്റ്റ്‌ "കൊണാട്ട് ഹില്‍സ്‌" ". അധികാരി മൊഴിഞ്ഞു .

ഓക്കേ സര്‍ ... "സൊ ഹാപ്പി ടു സീ യു സര്‍ " എന്ന് പറഞ്ഞു ഒന്ന് കൂടി ഭൂമി ദേവിയുടെ മാറില്‍ ഒരു ചവിട്ടു കൂടെ വച്ച് കൊടുത്തു തിരിഞ്ഞു നടക്കുമ്പോള്‍ കുഞ്ഞിരാമന് ഒരു സംശയം ... ഇരിഞ്ഞാലക്കുടയില്‍ ഞാനറിയാത്ത ഒരു കുന്നോ ? ... , " കൊണാട്ട് ഹില്‍സ്‌ " ... ആ ... എന്തോ ആര്‍ക്കറിയാം . എന്നാലും ... കുഞ്ഞിരാമന്‍ തല പുകച്ചു .

കാന്റീനില്‍ ചായ കുടിച്ചു തിരിച്ചു നടക്കുമ്പോള്‍ തൊട്ടു പുറകില്‍ അധികാരി ... പാവം ഭൂമി ദേവിക്ക് ഒരു ചവിട്ടു കൂടി വെച്ച് കൊടുക്കുന്നതിനു മുന്‍പ് അധികാരി തടഞ്ഞു കൊണ്ട് പറഞ്ഞു ... പോട്ടെടോ ഇപ്പോഴും തറ ചവിട്ടി പോളിക്കണ്ട . അതൊക്കെ ഓഫീസില്‍ മാത്രം മതി . ഇപ്പോള്‍ നമ്മള്‍ നാട്ടുകാര്‍ . കുറച്ചു നാട്ടുവര്‍ത്തമാനം പറഞ്ഞു ഇരിക്കാം .

അധികാരിയുടെ ക്ഷണം സ്വീകരിച്ചു ഒരു ചായ കൂടെ കഴിക്കാന്‍ തീരുമാനിച്ച് ഓര്‍ഡര്‍ കൊടുത്തു ഇരിക്കുമ്പോള്‍ മനസ്സില്‍ മുന്‍പ് തോന്നിയ സംശയം മടിച്ചു മടിച്ചു ചോദിച്ചു കുഞ്ഞിരാമന്‍ .

""സര്‍ ക്ഷമിക്കണം ... ഇരിഞ്ഞാലക്കുടയുടെ ഒരു വിധം എല്ലാ ഭാഗങ്ങളും എനിക്കറിയാം . പക്ഷെ " കൊണാട്ട് ഹില്‍സ്‌ " ... അത് എവിടെയാ "

മറുപടിയൊന്നും പറയാതെ ചായ മുഴുവന്‍ കുടിച്ചു അധികാരി പതുക്കെ എഴുന്നേറ്റു . എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു ... " നമ്മുടെ കോണത്തു കുന്നു തന്നെയാടോ അത് ... ഒരു 'ഇത്' ഇരിക്കട്ടെ എന്ന് കരുതി "


---- കടപ്പാട് ഞങ്ങളുടെ പ്രിയ ക്യാപ്ടന്‍ ഡോക്ടര്‍ക്ക് ...

Sunday, August 16, 2009

ഇരുപതാം താള്‍ " മഴയുടെ കൂടെ ജോണി മാപ്പിളയും ..."

ഒടുവില്‍ പപ്പെട്ടനെയും,വിക്ടര്‍ ജോര്‍ജിനെയും, മുരളിയെയും കൊണ്ട് പോയ മഴയുടെ കൂടെ ജോണി മാപ്പിളയും യാത്രയായി . ഒന്നരാടമുള്ള അച്ഛനുമായുള്ള ഫോണ്‍ സംഭാഷണങ്ങളില്‍ അന്നത്തേതില്‍ ജോണി മാപ്പിള മാത്രം നിറഞ്ഞു നിന്നു . അച്ഛന്‍റെ വ്യസനം വാക്കുകളില്‍ സുവ്യക്തം .

ഓര്‍മ വയ്ക്കുമ്പോള്‍ ഉള്ള ജോണി മാപ്പിള , കാള തേക്കിന് " മൂര്യേയ്‌ ആഹ് ..." എന്ന് ആട്ടാറുള്ള ജോണി മാപ്പിളയാണോ അതോ വയ്യാത്ത എന്റെയച്ചനെ കോരിയെടുത്ത് "മാഷോന്നും പേടിക്കണ്ട , ഒക്കെ ശരിയാകും " എന്ന് പറഞ്ഞ് കാറില്‍ കയറ്റുന്ന ജോണി മാപ്പിളയാണോ എന്ന് ചോദിച്ചാല്‍ വ്യക്തമല്ല . പൊതുവേ മറ്റുള്ളവരുമായി കൂട്ടുകൂടാനോ , മറ്റുള്ള വീട്ടുകളില്‍ പോയി എന്തെങ്കിലും കഴിക്കാനോ അനുവാദമില്ലാത്ത ഞങ്ങള്‍ കുട്ടികള്‍ക്ക് ജോണി മാപ്പിളയുടെ വീട്ടില്‍ പോകാനും ,കഴിക്കാനും അനുവാദം ഉണ്ടായിരുന്നു .

എന്‍റെ ഓര്‍മയില്‍ അദ്ദേഹത്തിന്‍റെ ഒരേയൊരു ദുശ്ശീലം പൊടി വലിയായിരുന്നു ( ഇതൊക്കെ ഒരു ദുശീലമാണോ അല്ലെ ?) . മുണ്ടിന്‍റെ കോന്തലയില്‍ തിരുകി വച്ചിട്ടുണ്ടാകും ബ്രൌണ്‍ നിറമുള്ള പൊടി ഡെപ്പി . അദേഹത്തിന്റെ പൊടി വലി ഉദ്ദേശം പതിനഞ്ചു നിമിഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന നിരവധി ഘട്ടങ്ങള്‍ നിറഞ്ഞതാണെന്ന് കണ്ടെത്തിയത് അച്ഛനോ അതോ ഞാനോ ?. ആ ഘട്ടങ്ങള്‍ ഒന്നൊന്നായി കുട്ടിയായ ഞാന്‍ ഒരിക്കല്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ അഭിനയിച്ച് കാണിച്ചപ്പോള്‍, ചിരിച്ചു കൊണ്ട് അദ്ദേഹമെന്നെ കോരി എടുത്തതും , കൂട്ടത്തില്‍ പൊടി വലിക്കാന്‍ ശ്രമിച്ച അച്ഛന്‍, ചുമച്ചു ശാസം കിട്ടാതെയായപ്പോള്‍ , എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ച് നിന്ന അദ്ദേഹത്തിന്‍റെ രൂപവും ... അങ്ങനെ അങ്ങനെ ഒരു പിടി ഓര്‍മ്മകള്‍ ...

പിന്നെടെന്നോ ഞങ്ങള്‍ താമസം മാറ്റിയ നാളുകളില്‍ കേട്ടു അദ്ദേഹം ശരീരം തളര്‍ന്ന് കിടപ്പായെന്ന് . അദ്ദേഹം കിടപ്പായെന്ന് വിശ്വസിക്കാന്‍ പോലും പ്രയാസം . എപ്പോഴും ഊര്‍ജസ്വലനായിരുന്ന അദ്ദേഹം കിടപ്പിലായെന്നു പറയുമ്പോള്‍ ....

ഇപ്പോള്‍ ഒരു കുഴപ്പവും ഇല്ലെടോ ... താന്‍ ലീവില്‍ വരുമ്പോള്‍ ഇവിടെ വരണം എന്ന് രണ്ടാഴ്ചകള്‍ക്ക് മുന്‍പ് അദ്ദേഹം പറഞ്ഞപ്പോള്‍ പോലും ഞാനോര്‍ത്തില്ല . എല്ലാം ഇത്ര പെട്ടെന്ന് ... ഇനിയൊരിക്കലും തറവാട്ടിലെ പൂമുഘത്തെ തിണ്ണയില്‍ മാഷേ ... എന്ന് വിളിച്ചു , പണ്ട് ഞാനഭിനയിച്ചു കാണിച്ച താളത്തില്‍ പൊടി ഡെപ്പി തുറക്കാന്‍ അദ്ദേഹം ഉണ്ടാകില്ല എന്നോര്‍ക്കുമ്പോള്‍ ... ഇവരൊക്കെ എനിക്കിത്ര പ്രിയപ്പെട്ടവരായിരുന്നെന്ന് തിരിച്ചറിയുന്നത്‌ ഇവരുടെ വേര്പാടുകളില്‍ ആണല്ലോ എന്ന കുറ്റ ബോധം മാത്രം ബാക്കിയാകുന്നു ...

Saturday, August 1, 2009

പത്തൊമ്പതാം താള്‍ ..." ആകാശത്തേക്ക് നോക്കിയിരിക്കാന്‍ എന്ത് സുഖം "

അല്ലെങ്കിലും ഇതിന്‍റെ വല്ല കാര്യവുമുണ്ടായിരുന്നോ ?. ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ഇട്ട് അഗ്രഗെടെര്സ് പോലും അത് അപ്ഡേറ്റ് ചെയ്യുന്നതിന് മുന്‍പ് ഇങ്ങനെ ഒരുത്തനെ ഫോണില്‍ വിളിച്ചു വായിച്ചു അഭിപ്രായം ആരായുമ്പോള്‍ ഓര്‍ക്കണം ഇതിങ്ങനെയേ വരൂ എന്ന് .

ബ്ലോഗെഴുത്ത് ഒരു ശീലമാക്കി എന്ന് പറയാന്‍ പറ്റില്ല എന്നെ സംബന്ധിച്ചെടുത്തോളം . സമയം കിട്ടുമ്പോള്‍ , എഴുതുന്നതില്‍ കൂടുതല്‍ വായനെയെ പതിവുള്ളൂ .എഴുതുന്നതോ, മനസ്സില്‍ തട്ടിയ എന്തെങ്കിലും കാഴ്ചകളെ പറ്റിയോ അല്ലെങ്കില്‍ ഏതെങ്കിലും മറക്കാനാകാത്ത അനുഭവങ്ങളെ പറ്റിയോ ആകും സാധാരണ . അങ്ങനെ വളരെക്കാലത്തിനു ശേഷം ഒന്നെഴുതിയതിനാണീ ദുര്യോഗം .

ഒരു പാട് കാലങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അവനു ഫോണ്‍ ചെയ്യുന്നത് . പഴയ കാര്യങ്ങള്‍ പറയുന്നതിനിടെ ഞാന്‍ കൂട്ടത്തില്‍ ചോദിച്ചു ... " ഇപ്പോള്‍ പണ്ടത്തെപ്പോലെ എഴുത്തും വായനയും ഒന്നും ഇല്ലേ ?..

" ഓ ... എന്ത് പറയാനാ മാഷെ . ഇപ്പോള്‍ ഒന്നിനും സമയം കിട്ടാറില്ല . എഴുത്ത് പണ്ടേ നിര്‍ത്തി .. രയിടെര്സ് ബ്ലോക്ക്‌ ... അവന്‍ നിശ്വസിച്ചു ... (പല പ്രസിദ്ധ എഴുത്തുകാര്‍ക്കും ഉണ്ടായിട്ടുള്ള ഒരു പ്രതിസന്ധി ... പലരും രംഗം വിട്ടു പോയതും , കുറെ കാലം എഴുത്തില്‍ നിന്നും വിട്ടു നിന്നതും ആയി ചരിത്രം ...)

ഇങ്ങേര്‍ക്ക് അങ്ങനെ ഒന്ന് വരാന്‍ വഴിയില്ലല്ലോ എന്ന് ഞാന്‍ മനസ്സിലോര്‍ത്തു ...

അവന്‍ തുടര്‍ന്നു ... കുറച്ചു സമയം വീണു കിട്ടുമ്പോള്‍ പോളോ കൊയിലോ യുടെയോ പാമുകിന്റെയോ അല്ലെങ്കില്‍ മികിയോ കാക്കുവിന്റെയോ പുസ്തകങ്ങള്‍ വായിക്കും .( ഇവരുടെ ഒരു പുസ്തകമെന്കിലും ഇഷ്ടന്‍ വായിച്ചിട്ടുണ്ടോ എന്ന് സംശയം )... മലയാളം ... സമയം കിട്ടാറില്ല ... "അവന്‍ പറഞ്ഞു നിര്‍ത്തി .

എനിക്കും അങ്ങനെത്തന്നെ ... സമയം കഷ്ടി ആണ് ... ഇടയ്ക്കു മലയാളാം ബ്ലോഗില്‍ എന്തെങ്കിലുമൊക്കെ എഴുതും. ഇപ്പോള്‍ ഒരു പുതിയ പോസ്റ്റ്‌ ഉണ്ട് ...സമയം കിട്ടുമ്പോള്‍ ഒന്ന് വായിച്ചു നോക്കി അഭിപ്രായം പറയണം.ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ മനസ്സില്ലാ മനസ്സോടെ അവന്‍ സമ്മതം മൂളി


" പാമുക്കിണോ , കാക്കുവിനോ മാറ്റി വച്ചിട്ടുള്ള സമയത്തില്‍ നിന്ന് ഒരു പത്തു മിനിറ്റ് മാറ്റി വച്ച് ഇതൊന്നു വായിക്കണം. പ്ലീസ് ... " ഞാനിത് പറഞ്ഞപ്പോള്‍ അവന്‍ മെല്ലെ ചിരിക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു .


" ശരി ആ ലിങ്ക് ഒന്ന് ഫോര്‍വേഡ് ചെയ്യൂ . ഞാന്‍ നോക്കാം ... " . അവന്‍ പറഞ്ഞു തീര്‍ക്കാന്‍ ഞാന്‍ കാത്തു നിന്നില്ല . അതിനു മുന്പേ സംഭവം അയച്ചു .

" അതാ വന്നു .. ആഹാ താന്‍ ആള് കൊള്ളാമല്ലോ .... നോക്കട്ടെ എന്തൊക്കെ വങ്കതങ്ങള്‍ ആണ് എഴുതി വച്ചിരിക്കുന്നത് എന്ന് ... " ലിങ്കില്‍ ക്ലിക്കി , അവനതു പറഞ്ഞപ്പോള്‍ ഞാന്‍ ഊറിച്ചിരിച്ചു .

ഞാന്‍ രണ്ടു മണിക്കൂര്‍ എടുത്തു എഴുതിയ അനുഭവ കഥ പത്തു നിമിഷം കൊണ്ട് ഒറക്കെ വായിക്കുന്നത് എനിക്ക് ഫോണിലൂടെ കേള്‍ക്കാം . ഇടയിലുള്ള കുത്തും കോമയും വള്ളി പുള്ളി ആദിയായവകളെ എല്ലാം ഇഷ്ടന്‍ വിഴുങ്ങി . ഇടയില്‍ ചില വരികളും വിഴുങ്ങിയോ എന്നും ഒരു സംശയം .... വികാര വിക്ഷോഭം കൊള്ളേണ്ട ഇടത്ത് ഒരു കുലുക്കവും കക്ഷിക്കുണ്ടായില്ല എന്ന് മാത്രമല്ല അവസാനം ഒരു ചോദ്യം .

"എന്തുവാടെ ഇതിനകത്ത് ഉള്ളത് . ഇത്ര മാത്രം ബഹളം കൂട്ടാന്‍ ..." പോരെ പൂരം ? .

വെറുതെയാണോ ഈ നാട്ടില്‍ സാഹിത്യകാരന്മാര്‍ കൂമ്പടഞ്ഞു പോകുന്നത് ?. ഇവനെപ്പോലുള്ളവര്‍ അല്ലെ ആസ്വാദകര്‍ .

എനിക്കിതു കിട്ടണം . അവനെങ്ങാനും അടുത്തുണ്ടായിരുന്നെങ്കില്‍ ഒന്നുകില്‍ ഞാന്‍ അവനെ തട്ടിയേനെ . അല്ലെങ്കില്‍ ഒരു കത്തി എടുത്തു കൊടുത്ത് ... കുത്തി കേട്റെടാ എന്ന് പറഞ്ഞു നെഞ്ച് കാട്ടി കൊടുത്തേനെ .

എന്നെ അല്പമൊന്നു ആശ്വസിപ്പിച്ചത്‌ എന്താണെന്നോ .. നമ്മുടെ കക്ഷിയുടെ ഒരു പഴയ കഥയിലെ ഒരു വരി .ഞങ്ങള്‍ ഒരുമിച്ചു പണ്ട് താമസിക്കുമ്പോള്‍ അയാളുടെ നോട്ട് പുസ്തകങ്ങളില്‍ ഒന്നില്‍ കണ്ട കഥയിലെ ഒരു വരി ...

"നട്ടുച്ച സമയം ... പന്തരണ്ട് മണി ... സൂര്യന്‍ ഉദിച്ചു ഉയര്ന്നതെ ഉള്ളൂ .. ആകാശത്തേക്ക് നോക്കിയിരിക്കാന്‍ എന്ത് സുഖം . ആഹാ ." ...

സൂര്യനാണോ അത് നമ്മുടെ കക്ഷിക്കാണോ അബദ്ധം പറ്റിയത് എന്നറിയില്ല ...


ഇതെല്ലാം വെറുതെയാണ് കേട്ടോ . നമ്മുടെ കക്ഷി ഒരു നല്ലൊരു എഴുത്തുകാരനും പാടുകാരനുമാണ് . അതിലുപരി നല്ലൊരു തമാശക്കാരനുമാണ് . അദ്ദേഹത്തിന്‍റെ അനുമതിയോടെ ഇതിവിടെ എഴുതുന്നു . തികച്ചു സാങ്കല്‍പ്പികം ( അല്പം യാഥാര്‍ത്യവും ഉണ്ടെന്നു കൂട്ടിക്കോളൂ )...

Sunday, July 5, 2009

പതിനെട്ടാം താള്‍ ..." ഒരു ഞായറാഴ്ച കടന്നു പോകുമ്പോള്‍ ..."

ഒരു ഞായറാഴ്ച കൂടെ കടന്നു പോകുന്നു ...

സാധാരണ ഞായറാഴ്ചകളില്‍ നേരം വെളുക്കുന്നത്‌ പതിനൊന്ന് മണിയോടെയാണ് . അതിരാവിലെ ' പതിനൊന്ന് ' മണിക്കെഴുന്നേറ്റു കുളിയും മറ്റും കഴിച്ച് ... എന്ന് കൂടുകാരോട് പറയുമ്പോള്‍ അനൂപിന് അഭിമാനം തോന്നാറുണ്ട് തന്നെപ്പറ്റി ... മറ്റു സുഹൃത്തുക്കള്‍ക്ക് നേരം പുലരുന്നത്‌ പന്ത്രണ്ടു മണിയോടെയാണ് ... അങ്ങനെ ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ കുളിയെല്ലാം കഴിച്ച് ജി മെയില്‍ , യാഹൂ , എന്നല്ല ലോകത്തുള്ള മെയില്‍ സൈറ്റുകളില്‍ എല്ലാം വീണ്ടും വീണ്ടും എനിക്ക് കത്തുണ്ടോ , എനിക്ക് കത്തുണ്ടോ 'പോസ്റ്റ്‌ മേനോനേ ...' എന്ന് ചോദിച്ചു അവസാനം , ശല്യം ' ഇവനുടെ ടോര്‍ച്ചര്‍ താന്ഗ മുടിയലെടാ ' എന്ന് സഹികെട്ട് യാഹുവും , ജി മെയിലും ഓരോ സ്പാം മെയിലുകള്‍ കൊടുത്തു സമാധാനിപ്പിച്ചു , നമ്മുടെ കഥാനായകന്‍ ഒരു ഷേക്ക്‌ സ്പിയര്‍ നാടകം വായിച്ചു ആസ്വദിക്കും പോലെ അവയെല്ലാം വായിച്ചു ഇരിക്കുമ്പോളാണ് ഒരു മണിക്കൂര്‍ പുറകു ടൈം സോണില്‍ ജീവിക്കുന്നവരുടെ സൂര്യന്‍ ഉദിക്കുന്നത് ...

ചുരുക്കത്തില്‍ പ്രഭാതോഥാനം , പ്രാതസ്നാനം , പ്രാര്‍ഥനാ , പ്രാണായാമം എന്നിവ ഇത്ര കൃത്യമായി ചെയ്യുന്നവര്‍ ഇന്നുമുണ്ട് ( കിടക്കപ്പായിലാണെന്ന് മാത്രം , അതും പുലര്‍ കാലേ പന്ത്രണ്ടു മണിക്ക് , ചിലര്‍ ... നിരക്ഷരര്‍ ... നട്ടുച്ച എന്നും വിളിക്കും ) എന്ന് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചു കൊണ്ട് , നമ്മുടെ കഥാ നായകന്‍റെ ' സഹ മുറിയന്മാര്‍ ഉറക്കമുണരുമ്പോള്‍ അനൂപ്‌ അവരെ പുച്ഛത്തോടെ ഒരു നോട്ടം നോക്കും ... കഷ്ടം ... പരമാത്മ ചൈതന്യത്തില്‍ അലിഞ്ഞു പരമാനന്ദ രസം നുകരുന്ന യോഗി , സംസാര ദുഃഖത്തില്‍ കിടന്നു ദഹിക്കുന്ന സാധാരണ ജനങ്ങളെ ദയനീയ പൂര്‍വ്വം നോക്കും പോലെ ...

സഹ മുറിയന്മാര്‍ പ്രാഥമിക കര്‍മ കലാ പരിപാടികളിലേക്ക് കടക്കുമ്പോള്‍ അനൂപ്‌ 'വാചകമടി ' സൈറ്റുകളില്‍ ഇരകളെ കാത്തുള്ള ഇരുപ്പിലായിരിക്കും ... ഇര വന്നെടാ ... (പണ്ടെന്നോ എസ്.എസ്.എല്‍.സി പരീക്ഷാ പേപ്പറില്‍ അമീബ ഇര പിടിക്കുന്ന വിധം ഒരു വിദ്വാന്‍ എഴുതിയതോര്‍മ വരുന്നു) ... എന്ന് പറഞ്ഞ് അവനെ വധിച്ചു തളര്‍ന്നിരിക്കുംപോഴേക്കും 'ബ്രെന്ച്ച് ' ശരിയായിട്ടുണ്ടാകും ( ബ്രേക്ക്‌ ഫാസ്റ്റും , ലഞ്ചും ചേര്‍ന്നുള്ള , ബാച്ചിലേഴ്സ് വീടുകളില്‍ മാത്രം കിട്ടുന്ന ' ഒരു തരം ' ഭക്ഷണം ) .

അങ്ങനെ ബ്രെന്ച്ചും കഴിച്ച് , ആലസ്യത്തില്‍ വീണ്ടും ജി മേയിലെനെയും , യാഹുവിനേയും ബുദ്ധിമുട്ടിച്ചതിന് ശേഷം ' ഇനിയെന്ത് എന്നാലോചിച്ചപ്പോലാണ് ' നിങ്ങളുടെ ഭാവി സഹധര്‍മ്മിണിയെ കണ്ടു പിടിക്കാന്‍ ഞങ്ങള്‍ സഹായിക്കാം ' എന്നാ ബോര്‍ഡും തൂക്കിയിരിക്കുന്ന മാട്രിമോണി സൈറ്റുകളില്‍ അല്പം പരതാം എന്ന് കരുതി 'എലിയെ' അങ്ങോട്ട്‌ ചലിപ്പിച്ചത് . പക്ഷെ പെട്ടെന്ന് അത് വേണ്ടെന്നു വച്ചു . അതിനു കാരണം താഴെ എഴുതിയിരിക്കുന്നതില്‍ നിന്ന് പ്രിയ വായനക്കാരാ താങ്കള്‍ വായിച്ചെടുക്കുക ...

നാളത്തെ നല്ല പകുതികള്‍ ആകേണ്ട ( സായിപ്പ് ബെറ്റര്‍ ഹാഫ് എന്നോ മറ്റോ വിളിക്കുമെന്ന് കേട്ടിട്ടുണ്ട് ) മങ്കാ മണികള്‍ എല്ലാം ഒന്നടങ്കം തങ്ങള്‍ക്കു പി എച്ച് ഡി , ഡിഗ്രി ( അതും ചില്ലറ ഡിഗ്രി ഒന്നും പോര ... വല്ല കൂടിയം ഇനം എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ... അല്ലാതെ നമ്മുടെ നാട്ടില്‍ വെറുതെ കിട്ടുന്ന , എം.ജി , കാലിക്കട്ട് എന്നീ കളരികള്‍ കൊടുക്കുന്ന ഡിഗ്രീകളോട് തൊട്ടുകൂടായ്മ പ്രഖ്യാപിച്ചിരിക്കുകയാണ് മങ്കാ അസോസിയേഷന്‍ ) എന്നിവകളില്‍ കുറഞ്ഞ ഡിഗ്രി പേറുന്ന ഒരുത്തനും അപേക്ഷ സമര്‍പ്പിക്കണ്ട എന്ന് ഒന്നടങ്കം തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ , ജീവിക്കാന്‍ വേണ്ടി ഒരു ഡിപ്ലോമ മാത്രം തട്ടിക്കൂട്ടിയെടുത്ത് ജീവിത പടക്കളത്തിലേക്ക് ഇറങ്ങിയ നമ്മുടെ കഥ നായകന്‍ മാട്രിമോണി സൈറ്റുകള്‍ , മങ്ക അസോസിയേഷന്‍ എന്നിവകളോട് ഒരു ശീത സമരത്തിന്‍റെ വക്കിലെത്തി നില്‍ക്കുകയാണ്‌ .

'മുണ്ടലക്കുന്ന പ്രിട്ജ് ' ഉള്ള കാരണം തുണി കഴുകല്‍ , ഉണക്കല്‍ എന്നീ പ്രക്രിയകളില്‍ നിന്ന് ആശ്വാസം . എന്നിരുന്നാലും ഇസ്ത്തിരിയിടല്‍ ഇന്നും ഒരു സമസ്യയായി തുടരുന്നതിനാല്‍ നമ്മുടെ കഥാ നായകന് അതിനുള്ള യന്ത്രം കണ്ടു പിടിക്കാത്ത ശാസ്ത്ര ലോകത്തോട്‌ ഒരു അതൃപ്തി ഇല്ലാതില്ല .

ഞായറാഴ്ച അവസാനിക്കുകയാണ് . സന്ധ്യ മയങ്ങുന്നത്തോടെ തൊണ്ടയില്‍ ഒരു വേദന വരും . വിഷമം ...
നാളെ വീണ്ടും ഓഫീസിലേക്ക് പോകേണ്ട കാര്യം ഓര്‍ക്കുമ്പോള്‍ ... പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്തും ഇങ്ങനെയാണ് . ഞായറാഴ്ച ജയന്റ് റോബോട്ടും , മലയാളം സിനിമയും കഴിഞ്ഞാല്‍ പിന്നെ ഒരു പനിയോ ചുമയോ വരാത്തതെന്ത് എന്നാലോചിച്ചു വിഷമിക്കാറുണ്ട് ... വര്‍ഷങ്ങള്‍ക്കു ശേഷവും തിങ്കളാഴ്ചകള്‍ പഴയത് പോലെ അനൂപിന്‍റെ ഉറക്കം കളഞ്ഞു കൊണ്ടിരിക്കുന്നു ....

സന്ധ്യ മയങ്ങി . ഞായറാഴ്ച കഴിഞ്ഞു ... ജയന്റ് റോബോട്ടും , മലയാള സിനിമയും ഇപ്പോളില്ല ... തൊണ്ടയില്‍ വേദന വരുന്നു ... നാളെ വത്സല ടീച്ചര്‍ വരരുതേ എന്ന് ചിരിച്ചു കൊണ്ട് പ്രാര്‍തഥിച്ചു പിറ്റേന്ന് പൂര്‍ത്തിയാക്കാനുള്ള പ്രോജെക്ട് വര്‍ക്കിനെ കുറിച്ച് ആലോചിച്ചുകൊണ്ട്‌ അനൂപ്‌ ഉറങ്ങാന്‍ കിടന്നു ...

Sunday, June 21, 2009

പതിനേഴാം താള്‍ ... കവിതാ മോഷണം ...

മോഷണം ഒരു കുറ്റമാണോ ? അതും സാഹിത്യത്തില്‍ ... ?. അങ്ങനെ നോക്കിയാല്‍ തികച്ചും വ്യത്യസ്തമായ ഒരു സൃഷ്ടി എന്ന് പറയാന്‍ എത്ര എണ്ണം ഉണ്ടാകും ?... മോഷ്ടിച്ചാലും ശരി മൂല കൃതിയുടെ സ്വത്വം നഷ്ടപ്പെടാതെ അതിനെ കൂടുതല്‍ ഭംഗിയാക്കി അവതരിപ്പിക്കാന്‍ സാധിച്ചാല്‍ അതിനെയല്ലേ സര്‍ഗാത്മകത എന്ന് വിളിക്കുന്നത്‌ ?....മലയാള സാഹിത്യത്തിലെ മഹാരഥന്മാര്‍ തന്നെ എത്ര വാദ പ്രദിവാദങ്ങള്‍ നടത്തിയിരിക്കുന്നു ഇതിനെപ്പറ്റി ... ഇങ്ങനെയുള്ള ചിന്തകളാണ് മോഹന കൃഷ്ണനെ വര്‍ഷങ്ങള്‍ക്കു മുന്‍പേ അങ്ങനെയൊരു പാതകത്തിന്‌ മുതിരാന്‍ പ്രേരിപ്പിച്ചത് ...

എഴുപതുകളുടെ അവസാനം ... അല്പം സാഹിത്യാസ്വാദനം ശീലമുള്ളവരെല്ലാം മാതൃഭൂമി, കലാകൌമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ സ്ഥിരമായി വീട്ടില്‍ 'വരുത്തുകയെങ്കിലും' ചെയ്യുന്ന കാലം . അല്പം സാഹിത്യാസ്വാദനം കൂടിയ ഇനത്തില്‍ പെട്ട ഒരാളായതിനാല്‍ മോഹനകൃഷ്ണന്റെ അച്ഛന്‍ മേല്‍പ്പറഞ്ഞ വാരികകളുടെ പഴയ ലക്കങ്ങള്‍ ബയന്ട് ചെയ്തു സൂക്ഷിക്കാറുണ്ട് എന്ന് പറഞ്ഞാല്‍ അതില്‍ അല്‍പം പോലും അതിശയോക്തിഇല്ലെന്നു ദയവു ചെയ്തു വിശ്വസിക്കണം ... വീട്ടിലെ കാര്യസ്ഥന്‍ രാമന്‍ നായര്‍ക്കെങ്കിലും അതുകൊണ്ട് പലപ്പോഴും പ്രയോജനം ഉണ്ടായിട്ടുണ്ട് ... ' ക്ഷമിക്കണം .. രാമന്‍ നായര്‍ അത് വായിച്ചു വള്ളത്തോള്‍ ഇടശ്ശേരി തുടങ്ങിയവര്‍ക്കോ , എം ടി ക്കോ , നാലാപ്പാട്ടിലെ സര്‍ഗ പ്രതിഭകള്‍ക്കോ ഒരു ഭീഷണിയായ ചരിത്രമില്ല ...' മറിച്ച് നാരായണന്‍ നായരുടെ ചായപ്പെടികയിലെ പറ്റു തീര്‍ക്കാനായി മാതൃഭൂമിയും കലാകൌമുദിയും ഭാഷാപോഷിണിയും പലവട്ടം അവതാരം എടുത്തിട്ടുണ്ട് . ...

മലയാള സാഹിത്യത്തിന്‍റെ ആധാരവും , നെടും തൂണും എല്ലാം കഥകള്‍ തന്നെയെന്ന്‌ പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന എഴുത്തുകാരോട് നിസ്സംശയം കൂറ് പുലര്‍ത്തുമ്പോള്‍ തന്നെ കവിതകളോട് വലാതൊരു മമതയും നമ്മുടെ കഥാ നായകനുണ്ടായിരുന്നു . പ്രത്യേകിച്ച് കവിതയാകണമെങ്കില്‍ വൃത്തവും പ്രാസവും വേണമെന്ന് നിര്‍ബന്ധമിലെന്നു ഘോരഘോരം വാദിക്കുന്ന ഒരു സാഹിത്യ വൃന്ദം അയാളുടെ മേല്‍പ്പറഞ്ഞ കൂറ് വളര്‍ത്താന്‍ ഇടയാക്കി .ഏത് ഗദ്യത്തെയും നിഷ്പ്രയാസം പദ്യമാക്കാന്‍ സാധിക്കും എന്നൊരു ധൈര്യവും മോഹന കൃഷ്ണന് ബലമേകി .

ആദ്യത്തെ കൃതി ഒരു കവിത തന്നെ ആകട്ടെ എന്ന് കരുതി എഴുത്ത് തുടങ്ങി . എഴുത്ത് കഴിഞ്ഞു നോക്കിയപ്പോള്‍
അതിനിനി സാഹിത്യ അക്കാദമിക്കാര്‍ നേരിട്ട് വന്നു തല്ലുമോ അതോ ആളെ വിട്ട്‌ തല്ലുമോ എന്നുള്ള സംശയം ഉടനടി ഉടലെടുത്തതിനാല്‍ ( അത്രക്കും ഗംഭീരമായിരുന്നു പ്രമേയവും അവതരണവും ) ആ കൃതിയെ അയാള്‍ ' 'നിഷ്കരുണം' കൊന്നു കളഞ്ഞു ...

എഴുതാനിരുന്നു രണ്ടാമതും ... പക്ഷെ ഇപ്പ്രാവശ്യം നെപ്പോളിയന്റെ ചിലന്തി പ്രചോദിതമായ കഥയോ ബൈബിളിലെ മുട്ടുവിന്‍ തുറക്കപ്പെടും എന്ന വാക്യമോ അയാള്‍ക്ക്‌ മനോധൈര്യം ഏകിയില്ല . എന്തായാലും ഒരു കവിത മാത്രുഭുമിക്ക് അയച്ചു കൊടുത്തേ അടങ്ങൂ എന്ന ശക്തമായ ഒരു ആഗ്രവും ഉയര്‍ന്നു നിന്നു .

ഇങ്ങനെയൊരു സാഹചര്യത്തിലാണ് മോഹന്‍ കൃഷ്ണന്‍ ആ മഹാപാതകത്തിനു മുതിര്‍ന്നത് ... പഴയ മാതൃഭൂമി ബയന്ട് കെട്ടുകള്‍ നിന്നു അറുപതുകളുടെ തുടക്കത്തിലെ ചില കെട്ടുകള്‍ അയാള്‍ പരത്താന്‍ തുടങ്ങി . അതില്‍ നിന്നും മോശമല്ലാത്ത ഒരു കവിതയെ 'മോഷ്ടിച്ച് ' അല്പസ്വല്പം ചില മാറ്റങ്ങള്‍ വരുത്തി . മോഷണം തറവാട്ടിലെ മറ്റു സാഹിത്യ കുതുകികള്‍ കണ്ടു പിടിക്കാതിരിക്കാന്‍ ആ പേജ് ചീന്തിക്കളയാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു . ഒരു കാരണവശാലും അത് തിരസ്കരിക്കപെടില്ലെന്നു ഉറപ്പുണ്ടായിരുന്നു എങ്കിലും ശരി മടക്കതപാലിനു ഒരു കവര്‍ കൂടെ വച്ച് അത് മാത്രുഭുമിക്കയച്ചു .

കാത്തിരുപ്പ് ...

അവസാനം ... ഒരു നാള്‍ , മോഹന കൃഷ്ണനെയും ഒരു കവി എന്ന പദത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു ആ കവിത പ്രസിദ്ധീകരിക്കപ്പെട്ടു മാതൃഭുമിയില്‍ ... അതൊരു ചില്ലരക്കര്യമാണോ ... അത് വരെ അവഗണിച്ചവരുടെ ബഹുമാനം അയാള്‍ ആഘോഷിച്ചു . പക്ഷെ ആ ആഘോഷത്തിനു തിരശ്ശീല ഇട്ടു കൊണ്ടാണ് അടുത്ത വാരത്തിലെ മാതൃഭുമി വന്നത് . അതിലെ വായനക്കാരുടെ കത്തുകള്‍ എന്ന പംക്തിയില്‍ ഒരു കത്ത് ചുവടെ കൊടുത്ത പ്രകാരത്തില്‍ ആയിരുന്നു ...

കഴിഞ്ഞ ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മോഹന കൃഷ്ണന്‍റെ ' നിറങ്ങള്‍ ' കവിത 1965 മാര്‍ച്ച് പത്തിന് പ്രസിദ്ധീകരിച്ച ലക്കത്തിലെ സേതുമാധവന്റെ 'ചായങ്ങള്‍' എന്ന കവിതയുടെ പകര്‍പ്പല്ലേ എന്നൊരു സംശയം , പത്രാധിപര്‍ ഇനിമേല്‍ ശ്രദ്ധിക്കുമല്ലോ ...

എല്ലാം അതോടെ അവസാനിച്ചു ... അച്ഛനെപ്പോലെ മാതൃഭൂമി പഴയ ലക്കങ്ങള്‍ സൂക്ഷിക്കുന്ന 'സാഹിത്യ കുതുകികള്‍ നിലനില്‍ക്കുന്ന ഈ ലോകത്തില്‍, സാഹിത്യ ലോകത്തില്‍ കാലെടുത്തു കുത്താന്‍ വെമ്പി നില്‍ക്കുന്ന തന്നെപോലുള്ളവര്‍ക്ക് അവസരമില്ല എന്നൊരു പ്രസ്താവനയും ഇറക്കി കവിയാകുക എന്നൊരു ഉദ്യമത്തില്‍ നിന്നും തല്‍ക്കാലം വിടുതല്‍ പറഞ്ഞു നമ്മുടെ കഥ നായകന്‍ .

Saturday, January 17, 2009

പതിനാറാം താള്‍ ..." അപ്പു മാമ "

അപ്പു മാമ ലീവില്‍ വരുന്നു എന്ന് കേട്ടാല്‍ മതി മോഹനന്‍ ഒഴിച്ചുള്ള ബാക്കിയെല്ലാ ബാലജനങ്ങള്‍ക്കും ഉള്ളില്‍ ആധിയാണ് . ഷാരടി മാഷുടെ ചൂരല്‍ കഷായം പിന്നെയും ക്ഷമിക്കാം പക്ഷെ അപ്പു മാമയുടെ കിഴുക്ക്‌ ... അതോരനുഭവമാണ് എന്ന് അനുഭവസ്ഥരായവര് - തറവാട്ടിലെ കുട്ടി സംഘത്തിലെ തല മുതിര്‍ന്നവര്‍, ഒരു ദീര്‍ഘ നിശ്വാസത്തോടെ പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട് ....

സംഘം തിരിച്ചുള്ള മാത്സ് ട്യൂഷന്‍ തന്നെയാണ് അപ്പു മാമയുടെ വീക്നെസ് ... ലീവില്‍ വന്നു പിറ്റേന്ന് മുതല്‍ തുടങ്ങും ട്യൂഷന്‍ . കൂട്ടത്തില്‍ ഏറ്റവും ഇളയവനായത് കൊണ്ടും , സ്കൂളില്‍ പോകാന്‍ തുടങ്ങിയിട്ടില്ലതതിനാലും മോഹനന് മാത്രം ട്യൂഷനില്‍ നിന്നും ഒഴിവു കൊടുത്തിരുന്നു ...
അതിനാല്‍ തന്നെ അപ്പു മാമ ലീവില്‍ വരല്ലേ എന്നും വന്നാല്‍ തന്നെ പെട്ടന്ന് തിരിച്ചു പോണേ എന്ന് പ്രാര്തിക്കുന്നവരുടെ കൂട്ടത്തില്‍ മോഹനന്‍ ഇല്ലായിരുന്നു ... അതിന് ചില്ലറ കാരണങ്ങളുണ്ട് ....

അപ്പു മാമക്ക്‌ വലിക്കാനുള്ള സിഗരട്ട് കാദറിന്റെ പീടികയില്‍ നിന്നു കൊണ്ടു വരിക എന്നുള്ളതാണ് മോഹനന്‍റെ പ്രധാന ജോലി . കൂട്ടത്തില്‍ മോഹനനും ചില സ്വകാര്യ നേട്ടങ്ങള്‍ ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ ... ആരുമറിയാതെ സിഗരട്ട് വാസനിച്ചു നോക്കാറുണ്ട് മോഹനന്‍ ... പിന്നീട് വലുതായപ്പോള്‍
സിഗരട്ട് പാക്കുകള്‍ കാണുമ്പോള്‍ മോഹനന്‍ അപ്പു മാമയെ ഓര്‍ക്കാറുണ്ട് .

വയറു വേദന , തല വേദന , കട വയറ്റില്‍ പല്ല് വേദന എന്നീ പല വിധ രോഗങ്ങളൊന്നും ആളുടെ അടുത്ത് ചെലവാകില്ല . ഇതല്ല ഇതിലപ്പുറം ആണെന്ന് പറഞ്ഞാലും ട്യൂഷനില്‍ നിന്നും നോ രക്ഷ . ഞാനിതൊക്കെ എത്ര കണ്ടിരിക്കുന്നു . " നിന്‍റെ പുറമെല്ലാം ഞാനടിച്ചു പള്ളിപ്പുറം ആക്കും " എന്ന അപ്പു മാമയുടെ വാചകം ഇന്നും ഒരു ചിരിയോടെ മോഹനന്‍ ഓര്‍ക്കാറുണ്ട് .

വലുതായപ്പോഴാണ്‌ അറിഞ്ഞത് , അപ്പു മാമ വിവാതിതനല്ലെന്ന് . തറവാട്ടിലെ എല്ലാ വിവാഹങ്ങളുടെയും
നടത്തിപ്പുകാരനായി മുന്നില്‍ നിന്നിരുന്ന അപ്പു മാമ എന്തെ കല്യാണം കഴിക്കാതിരുന്നതെന്ന് ആര്‍ക്കും അറിയില്ല . ജോലി കിട്ടിയതിനു ശേഷം ആദ്യമായി ലീവില്‍ പോയപ്പോള്‍ തറവാട്ടില്‍ അപ്പു മാമയും ഉണ്ടായിരുന്നു .
"എഡോ താന്‍ പോയി ഒരു സിഗരട്ട് ... " . മുഴുമിപ്പിച്ചില്ല അപ്പു മാമ .. " ഓ .. താനിപ്പോള്‍ പഴയ ആളല്ലല്ലോ അല്ലെ ... " ഇപ്പൊ .. വലിയ ഉദ്യോഗസ്ഥനായില്ലേ ... ഇനി ഇപ്പൊ ..." . സാരമില്ല അപ്പു മാമേ ... ഞാന്‍ കൊണ്ട് വരാം എന്ന് പറഞ്ഞു കാദറിന്റെ കടയിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു ... -" ഇല്ല അപ്പു മാമേ ഞാനിപ്പോളും ആരും കാണാതെ സിഗരട്ട് വാസനിച്ചു നോക്കാറുള്ള ആ പഴയ മോഹനന്‍ തന്നെയാണെന്ന് ...

വിരമിച്ച ശേഷവും അപ്പു മാമ കൂടുകാരുടെ കൂടെത്തന്നെ കഴിഞ്ഞു . നാട്ടില്‍ വന്നു താമസിച്ചില്ല . വന്നാല്‍ത്തന്നെ അധികവും അമ്പലങ്ങളിലും , മറ്റുമായി സമയം ചെലവഴിച്ചു ... അപ്പു മാമയുടെ പഴയ പ്രസരിപ്പെല്ലാം പോയ്പ്പോയപോലെ തോന്നി ഒരിക്കല്‍ കണ്ടപ്പോള്‍ . " എന്തെ അപ്പു മാമേ .... ആകെ ക്ഷീണിച്ച പോലെയുണ്ടല്ലോ ... ". മോഹനന്‍റെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് അപ്പു മാമ മറുപടി പറഞ്ഞു ... " വയസ്സയില്ലെടോ ... അതൊക്കെ അങ്ങനെയിരിക്കും ... "

ഒരിക്കല്‍ ജോലിക്കിടയില്‍ നാട്ടില്‍ നിന്ന് അമ്മയുടെ ഫോണ്‍ വന്നപ്പോള്‍ എടുക്കാന്‍ പറ്റിയില്ല . ഒരു പ്രധാന മീറ്റിങ്ങിലായിരുന്നു മോഹനനപ്പോള്‍ . പിറ്റേന്ന് ഫോണ്‍ ചെയ്തപ്പോള്‍ ആണ് വിവരം അറിഞ്ഞത് ... "അപ്പു മാമ മരിച്ചു ... " ഏതോ ഒരു കൂട്ടുകാരന്റെ വീട്ടില്‍ വച്ച് ... " . നാട്ടില്‍ തന്നെ എല്ലാം ചെയ്യണമെന്നു അപ്പു മാമ പറഞ്ഞിരുന്നുവത്രേ ... എല്ലാം അപ്പു മാമയുടെ ആഗ്രഹം പോലെ കൂടുകാര്‍ ചെയ്തു കൊടുത്തു ...

വൈകീട്ട് തറവാട്ടില്‍ എത്തുമ്പോഴേക്കും ചടങ്ങുകളെല്ലാം കഴിഞ്ഞിരുന്നു ... വന്നവരും , അപ്പു മാമയുടെ കൂട്ടുകാരില്‍ ചിലരും മാത്രം ബാക്കിയായിരുന്നു ... മോഹനന്‍ തറവാട്ടില്‍ കയറാതെ നേരെ തെക്കേ പറമ്പിലേക്ക്‌ നടന്നു ... ചിത എരിഞ്ഞടങ്ങിയിരിക്കുന്നു ... ഒരു പാട് തറവാട്ടു കാരണവര്‍മാരെ ദഹിപ്പിച്ച അതെ തെക്കേ പറമ്പില്‍ ഇപ്പോള്‍ അപ്പു മാമയും ...

അയാള്‍ മനസ്സില്‍ പറഞ്ഞു ... " അപ്പു മാമേ ... കാദറിന്റെ കടയില്‍ നിന്നും ഒരിക്കല്‍ കൂടെ ഞാനൊരു സിഗരട്ട് ... മോഹനാണ് കരച്ചിലടക്കാനായില്ല ...

Saturday, December 13, 2008

പതിനഞ്ചാം താള്‍ ... "പിങ്ക് സ്ലിപ് .... "

കാര്‍ത്തിക് പരമാവധി പറഞ്ഞു നോക്കി . തന്നെ അയക്കരുതെന്ന്‌ . പക്ഷെ കമ്പനിക്കും ക്ലൈന്റിനും ഒരേ നിര്‍ബന്ധം , കാര്‍ത്തിക് തന്നെ വേണമെന്നു ... ഐ . ടി ഭാഷയില്‍ പറഞ്ഞാല്‍ അയാള്‍ ടീമിലെ ഒരു ക്രിടിക്കല്‍ റിസോര്‍സ് ആണ് . ഒരു മാനേജറില്‍ ഉപരി സുഹൃത്ത് കൂടി ആയ ആനന്ദ് കൂടി പറഞ്ഞപ്പോള്‍ പിന്നെ മനസ്സില്ലാ മനസ്സോടെ അയാള്‍ സമ്മതം മൂളി ...

"നാല് മാസത്തെ കാര്യമല്ലേ കാര്‍ത്തിക് .. അത് കഴിഞ്ഞാല്‍ തിരിച്ചു വരാമല്ലോ . താന്‍ തന്നെ പോകണം .. എന്നാലേ ശരിയാകൂ ..." ആനന്ദ് പറഞ്ഞു ...

"പക്ഷെ ആനന്ദ് എന്‍റെ വിവാഹ നിശ്ചയം അടുത്തടുത്ത്‌ വരികയാണ് . ഞാനെല്ലാം മുന്പേ പറഞ്ഞതല്ലേ .. അതിനിടയില്‍ ഇങ്ങനെ ഒരു ട്രിപ്പ്‌ ... " കാര്‍ത്തികിന് ആധിയേറി ...

"ഞാനല്ലെടോ പറയുന്നത് .. ധൈര്യമായി പോകണം ... ഏറിയാല്‍ നാലും മാസം .. അതില്‍ക്കൂടുതല്‍ വേണ്ടേ വേണ്ട ..." ... ആനന്ദ് കാര്‍ത്തിക്കിനെ സമാധാനിപ്പിച്ചു ..

ആനന്ദ് പറഞ്ഞാല്‍ പിന്നെ മറു വാക്കില്ല കാര്‍ത്തിക്കിന് ... എന്നിരുന്നാലും ഇപ്പ്രാവശ്യം ...

യു. എസ് യാത്ര പുതിയതല്ല കാര്‍ത്തിക്കിന് ... കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ പല പല പ്രോജക്ടുകള്‍ക്ക് വേണ്ടി പല വട്ടം അയാള്‍ പോയി വന്നിട്ടുണ്ട് ... പണ്ടൊക്കെ ഒരു ത്രില്ലായിരുന്നു യു.എസ് യാത്ര . പിന്നെടെന്നോ അതൊരു മടുപ്പുളവാക്കുന്നതായി മാറി ... പക്ഷെ ഇപ്പോള്‍ ആനന്ദ് കൂടി നിര്‍ബന്ധിച്ചപ്പോള്‍ പിന്നെ എന്ത് ചെയ്യും ...

ഊഷ്മള സ്വീകരണം ....

പല സാരമായ പ്രശ്നങ്ങള്‍ക്കും നിമിഷ നേരങ്ങള്‍ കൊണ്ടു ഉത്തരം നല്കിയ കാര്‍ത്തിക്കിനെ നേരില്‍ കണ്ടപ്പോളുണ്ടായ ആനന്ദവും , അല്‍ഭുതവും നിറഞ്ഞ മുഖങ്ങള്‍ ആയിരുന്നു അയാള്‍ക്ക്‌ ചുറ്റിലും . ദിവസം കേള്‍ക്കുന്ന ശബ്ദത്തിനു ഉടമയായവരെ നേരിട്ടു കാണുമ്പോള്‍ ഉണ്ടായ അത്ഭുതം കാര്‍ത്തിക്കിനും ...

"എവിടെ ടോണി സ്ട്യുവെര്ട് ... " കാര്‍ത്തിക് കൂടി നിന്നവരോട് അന്വേഷിച്ചു ...
തന്നോടു എല്ലാം തുറന്നു സംസാരിക്കുന്ന , സാരമായ എല്ലാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്‍ത്തികിന്റെ സഹായിയാണ് ടോണി .നേരിട്ടു കണ്ടിട്ടില്ലെന്കിലും രണ്ടു പേരും അടുത്ത സുഹൃത്തുക്കളാണ് ... കാര്‍ത്തിക് വരുന്ന ഷിഫ്ട് തന്നെ തനിക്കും വേണമെന്നു ടോണി വാശി പിടിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട് ...

ടോണി അന്ന് ലീവ് ആണെന്ന് പിനീടാരോ പറഞ്ഞു കേട്ടു ...

ടീം മീറ്റിംഗില്‍ പലപ്പോളായി അയാളുടെ പേര്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു . പിന്നീടുള്ള ആഴ്ചകളില്‍ തുടങ്ങാന്‍ പോകുന്ന മൈഗ്രശേഷന് കാര്‍ത്തിക് ആണ് നേതൃത്വം കൊടുക്കേണ്ടത് ...

പിറ്റേന്നു ടീം മീറ്റിങ്ങ് കഴിഞ്ഞു ക്യുബിക്കിളില്‍ വന്നിരുന്നപ്പോള്‍ ആണ് അയാള്‍ ആ വെല്‍ക്കം കാര്‍ഡ് കണ്ടത് ... അതിലെ കുറിപ്പ് ഇപ്രകാരം ആയിരുന്നു ...

"ഇവിടെ വന്നു എന്നറിഞ്ഞു .... സ്വാഗതം ... നമുക്കു നേരില്‍ കാണാം .... "

സസ്നേഹം "ടോണി ..."

ഇന്ത്യയില്‍ നിന്നുള്ള കൂടുകാരോട് സംസാരിച്ചു ഫോണ്‍ താഴെ വച്ചപ്പോഴാണ് പുറകില്‍ നിന്നു ആരോ തന്നെ വിളിച്ചതായി തോന്നിയത് ... തിരിഞ്ഞു നോക്കുമ്പോള്‍ ഉയരം കുറഞ്ഞു ... കണ്ണട വച്ച് കുറെയൊക്കെ കഷണ്ടിയായ ... ഒരാള്‍ ...സംശയിച്ചു നിന്ന കാര്‍ത്തിക്കിനെ അയാള്‍ സ്വയം പരിചയപ്പെടുത്തി . "കാര്‍ത്തിക് ... അല്ലെ ... ? "
" ഞാന്‍ ടോണി .. ടോണി സ്ട്യുവെര്ട് ..."

പക്ഷെ ടോണി ... നിങ്ങള്‍ പാടെ മാറിയിരിക്കുന്നു ... പണ്ടയച്ചു തന്ന ഫോട്ടോയില്‍ കണ്ട ആളെ അല്ല ... , എന്തെങ്കിലും അസുഖമോ മറ്റോ ... ? " കാര്‍ത്തിക് ചോദിച്ചു ...

"അതൊക്കെ പോട്ടെ കാര്‍ത്തിക് ... എങ്ങനെയുണ്ട് ഹൂസ്ടന്‍ ... ഇഷ്ടപ്പെട്ടോ ? " .. ഭക്ഷണവും താമസവും എല്ലാം ... ?"

"എല്ലാം നന്നായിരിക്കുന്നു .... " കാര്‍ത്തിക് മറുപടി പറഞ്ഞു ...

" ടോണിയുടെ ഫാമിലി ... എല്ലാവരും സുഖമായി ഇരിക്കുന്നോ ... ?"

" സുഖമായിരിക്കുന്നു എല്ലാവരും ... " . അത് പറയുമ്പോള്‍ എന്തോ ടോണിയുടെ മുഖം മ്ലാനമായിരുന്നു ..." കാര്‍ത്തിക് ശ്രദ്ധിച്ചു ...

"അപ്പോള്‍ ശരി കാര്‍ത്തിക് ... നമുക്കിനിയും കാണാം ... ഇനിയിപ്പോള്‍ ഫോണിന്‍റെ സഹായമില്ലാതെ തന്നെ ... " ടോണി ചിരിച്ചു ... ഒപ്പം കാര്‍ത്തിക്കും ...

പിന്നീടാരോ പറയുന്നതു കേട്ടു ... ടോണിയെക്കുറിച്ച് ... ടോണിയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന ആ ചെറു സന്തുഷ്ട കുടുംബത്തോട് ഈശ്വരന് എന്ത് തോന്നി എന്നറിയില്ല . മരണം ഒരു കാര്‍ അപകടത്തിന്‍റെ രൂപത്തില്‍ ഭാര്യയേയും ഒരു മകനെയും കവര്ന്നെടുത്തപ്പോള്‍ ടോണി തകര്ന്നുപോയി ...

ശരിയാണ് മുന്‍പെന്നോ കുറച്ചു ദിവസം ടോണി ലീവില്‍ ആയിരുന്നു . അതിനെന്തോ കാരണവും അന്ന് പറഞ്ഞിരുന്നു ... പക്ഷെ അത് ഇതിനാലായിരുന്നെന്നു തിരിച്ചറിഞ്ഞത് ഇപ്പോള്‍ .

" സുഹൃത്തേ ... ... ഞാനൊന്നും അറിഞ്ഞിരുന്നില്ല ... കാര്‍ത്തിക് മനസ്സില്‍ പറഞ്ഞു ...

പിന്നീടുള്ള ദിവസങ്ങള്‍ തിരക്കുള്ളതായിരുന്നു . ദിവസവും പതിനാറു മണിക്കൂറോളം ഓഫീസില്‍ . രണ്ടാഴ്ച്ചകളോളം നീണ്ടു നിന്ന ജോലി ഭംഗിയായി തീര്‍ന്നപ്പോള്‍ അഭിനന്ദനങ്ങളുടെ ശരവര്‍ഷം . അന്ന് മീറ്റിംഗില്‍ അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ ടോണിയും ഉണ്ടായിരുന്നു ...

മീറ്റിങ്ങിനു ശേഷം പുറത്തു കടന്നപ്പോഴാണ് ആനന്ദ് വിളിച്ചത് ...

"കാര്‍ത്തിക് നമുക്കൊരു കാപ്പി കഴിക്കാം ... എനിക്ക് തന്നോടു കുറച്ചു സംസാരിക്കാനുണ്ട് ..."

കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ മുഖവുരയോടെ ആനന്ദ് തുടങ്ങി .

"കാര്‍ത്തിക് തനിക്ക് ഞാന്‍ പറയാന്‍ പോകുന്ന കാര്യം ഒരു പക്ഷെ തനിക്കിഷ്ടമാകില്ലെന്നറിയാം .. എന്നാലും എനിക്ക് വേറെ വഴിയില്ല . ഈ അവസരത്തില്‍ ഒരാറ് മാസം കൂടി താന്‍ ഇവിടെ നില്‍ക്കണം എന്നാണ് ക്ലൈന്റ് ആവശ്യപ്പെടുന്നത് ... എനിക്കറിയാം തന്‍റെ വിവാഹ നിശ്ചയം അങ്ങനെ ... എല്ലാം .... പക്ഷെ ... നമുക്കവരെ പിണക്കാന്‍ കഴിയില്ല ..." . " ഒരാറ് മാസം എങ്ങിനെയെങ്കിലും .. പ്ലീസ് .... "

കാര്‍ത്തിക്കിന് ഉറക്കെ ചീത്ത വിളിക്കാനാണ് തോന്നിയത് . ഇതെല്ലാം ആദ്യമേ പറഞ്ഞതാണ് ...എന്നിട്ടിപ്പോള്‍ ... അയാള്‍ പരമാവധി പറഞ്ഞു നോക്കി ... ഒടുവില്‍ ആനന്ദിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ സമ്മതിച്ചു .

"പക്ഷെ ആറ് മാസം ... അതില്‍ കൂടുതല്‍ നില്‍ക്കാന്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ ജോലി രാജി വച്ച് എന്‍റെ പാട്ടിനു പോകും ... ആദ്യമേ പറയാം ... " . കാര്‍ത്തിക് ഓര്‍മ്മിപ്പിച്ചു ...

"ഇല്ലെടോ ആറ് മാസം അതില്ക്കൊടുതല്‍ ഇല്ല ... എനിക്ക് വളരെ വിഷമമുണ്ട് ... പക്ഷെ ... വേറെ ഒരു വഴിയും ഇല്ലെടോ .... " അല്ലെങ്കിലും നമ്മളൊക്കെ മറ്റാര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുകയാനെടോ ... എന്ത് ചെയ്യാം ... " ആനന്ദ് ദീര്‍ഖ നിശ്വാസത്തോടെ പറഞ്ഞു ...

ഈ വേദാന്തം ഒന്നും കാര്‍ത്തിക്കിന്റെ തലയില്‍ കയറിയില്ല ... ഒടുവില്‍ , കാര്‍ത്തിക് ശരിയെന്നു പറഞ്ഞപ്പോള്‍ ആണ് ആനന്ദിന്‍റെ ശ്വാസം നേരെ വീണത്‌ ... അയാള്‍ കാര്‍ത്തിക്കിന് നന്ദി പറഞ്ഞു ...

" ഹൈ കാര്‍ത്തിക് ... അപ്പോള്‍ എല്ലാം ഭംഗിയായി കഴിഞ്ഞു അല്ലെ ?. ഇനി എന്നാണു തിരിക്കുന്നത് " ... അന്ന് വൈകിട്ട് കാപ്പി കഴിക്കാന്‍ കാന്റീനില്‍ ഇരിക്കുമ്പോള്‍ ടോണി ചോദിച്ചു ...

" ഇല്ല ടോണി ... ഇനിയും ഒരാറ് മാസം കൂടി ഇവിടെ നില്‍ക്കാനാണ് കമ്പനി പറയുന്നതു . എന്ത് ചെയ്യാം ... വേറെ ഒരു രക്ഷയും ഇല്ല .. നിന്നെ പറ്റൂ ... "

ഇതു കേട്ടപ്പോള്‍ ടോണിയുടെ മുഖം ഒന്നു വിളറിയതായി കാര്‍ത്തിക് ശ്രദ്ധിച്ചു ...

"അപ്പോള്‍ ശരി കാര്‍ത്തിക് .. എന്തായാലും സന്തോഷം കുറച്ചു കാലം കൂടെ താങ്കളെ ഇവിടെ കാണാമല്ലോ ... " യാത്ര പറഞ്ഞു ടോണി നടന്നു നീങ്ങി ...

വാരാന്ത്യം മുഴുവന്‍ ഉറങ്ങിയും , സിനിമ കണ്ടും തീര്‍ത്തു . പ്രോജക്റ്റ് തീര്‍ന്നതിനാല്‍ ഒരു ശൂന്യത ... അലസമായ ദിവസങ്ങള്‍ ... കാര്യമായ പണിയൊന്നും ഇല്ല . കാര്‍ത്തിക്കിന് വല്ലാതെ മടുപ്പ് തോന്നി ...

ഒരിക്കല്‍ കാര്‍ത്തിക് വരുമ്പോള്‍ ഒരു കുറിപ്പ് ...

" സുഹൃത്തേ നന്ദി ... ഞാന്‍ പോവുകയാണ് ... എന്നെങ്കിലും കാണാം ... "

സസ്നേഹം ടോണി ...

കാര്‍ത്തിക്കിന് ഒന്നു മനസ്സിലായില്ല ...ടോണിയെ കാണാനായി അയാള്‍ ഇരിക്കുന്നിടത്ത് പോയപ്പോള്‍ അവിടം ശൂന്യമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ടോണിയെ കണ്ടില്ല ...

പിന്നീടെന്നോ ടോണിയുടെ അടുത്ത സീറ്റില്‍ ഇരിക്കുന്ന ഒരു സ്ത്രീയാണ് കാര്യം പറഞ്ഞത് ... കഴിഞ്ഞ മാസം പിങ്ക് സ്ലിപ് കിട്ടിയവരുടെ കൂട്ടത്തില്‍ ടോണിയും ഉണ്ടായിരുന്നു ... അവസാനം വരെ ടോണി ലിസ്റ്റില്‍ ഇല്ലായിരുന്നു ... പക്ഷെ ഇന്ത്യയില്‍ നിന്നുള്ള മറ്റാരോ അയാള്‍ക്ക് പകരക്കാരനായി വന്നെന്നും ഒരു പക്ഷെ അതായിരിക്കാം ടോണിയെ പറഞ്ഞയക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു നിര്‍ത്തി .


കാര്‍ത്തിക് ഒന്നും മിണ്ടിയില്ല ... അയാള്‍ നടന്നു ... ഒന്നു കൂടി ടോണിയുടെ സീറ്റിലേക്ക് നോക്കി . ഇല്ല അവിടെ ശൂന്യം ... അയാള്‍ വരില്ല ... അതിന് കാരണക്കാരന്‍ ... താനാണോ ? ...

പിറ്റേന്നുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ പ്രത്യേക നേട്ടത്തിനുള്ള കമ്പനി അവാര്‍ഡ് വാങ്ങുമ്പോള്‍ അയാള്‍ക്കെന്തോ സന്തോഷമൊന്നും തോന്നിയില്ല . മനസ്സില്‍ മുഴുവനും ടോണിയുടെ മുഖമായിരുന്നു ....

ടോണി മാപ്പ് .. ഞാന്‍ അറിഞ്ഞില്ല ... ഒന്നും ...