കാര്‍ത്തിക് പരമാവധി പറഞ്ഞു നോക്കി . തന്നെ അയക്കരുതെന്ന് . പക്ഷെ കമ്പനിക്കും ക്ലൈന്റിനും ഒരേ നിര്‍ബന്ധം , കാര്‍ത്തിക് തന്നെ വേണമെന്നു ... ഐ . ടി ഭാഷയില്‍ പറഞ്ഞാല്‍ അയാള്‍ ടീമിലെ ഒരു ക്രിടിക്കല്‍ റിസോര്‍സ് ആണ് . ഒരു മാനേജറില്‍ ഉപരി സുഹൃത്ത് കൂടി ആയ ആനന്ദ് കൂടി പറഞ്ഞപ്പോള്‍ പിന്നെ മനസ്സില്ലാ മനസ്സോടെ അയാള്‍ സമ്മതം മൂളി ...
"നാല് മാസത്തെ കാര്യമല്ലേ കാര്‍ത്തിക് .. അത് കഴിഞ്ഞാല്‍ തിരിച്ചു വരാമല്ലോ . താന്‍ തന്നെ പോകണം .. എന്നാലേ ശരിയാകൂ ..." ആനന്ദ് പറഞ്ഞു ...
"പക്ഷെ ആനന്ദ് എന്‍റെ വിവാഹ നിശ്ചയം അടുത്തടുത്ത് വരികയാണ് . ഞാനെല്ലാം മുന്പേ പറഞ്ഞതല്ലേ .. അതിനിടയില്‍ ഇങ്ങനെ ഒരു ട്രിപ്പ് ... " കാര്‍ത്തികിന് ആധിയേറി ...
"ഞാനല്ലെടോ പറയുന്നത് .. ധൈര്യമായി പോകണം ... ഏറിയാല്‍ നാലും മാസം .. അതില്‍ക്കൂടുതല്‍ വേണ്ടേ വേണ്ട ..." ... ആനന്ദ് കാര്‍ത്തിക്കിനെ സമാധാനിപ്പിച്ചു ..
ആനന്ദ് പറഞ്ഞാല്‍ പിന്നെ മറു വാക്കില്ല കാര്‍ത്തിക്കിന് ... എന്നിരുന്നാലും ഇപ്പ്രാവശ്യം ...
യു. എസ് യാത്ര പുതിയതല്ല കാര്‍ത്തിക്കിന് ... കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ പല പല പ്രോജക്ടുകള്‍ക്ക് വേണ്ടി പല വട്ടം അയാള്‍ പോയി വന്നിട്ടുണ്ട് ... പണ്ടൊക്കെ ഒരു ത്രില്ലായിരുന്നു യു.എസ് യാത്ര . പിന്നെടെന്നോ അതൊരു മടുപ്പുളവാക്കുന്നതായി മാറി ... പക്ഷെ ഇപ്പോള്‍ ആനന്ദ് കൂടി നിര്‍ബന്ധിച്ചപ്പോള്‍ പിന്നെ എന്ത് ചെയ്യും ...
ഊഷ്മള സ്വീകരണം ....
പല സാരമായ പ്രശ്നങ്ങള്‍ക്കും നിമിഷ നേരങ്ങള്‍ കൊണ്ടു ഉത്തരം നല്കിയ കാര്‍ത്തിക്കിനെ നേരില്‍ കണ്ടപ്പോളുണ്ടായ ആനന്ദവും , അല്‍ഭുതവും നിറഞ്ഞ മുഖങ്ങള്‍ ആയിരുന്നു അയാള്‍ക്ക് ചുറ്റിലും . ദിവസം കേള്‍ക്കുന്ന ശബ്ദത്തിനു ഉടമയായവരെ നേരിട്ടു കാണുമ്പോള്‍ ഉണ്ടായ അത്ഭുതം കാര്‍ത്തിക്കിനും ...
"എവിടെ ടോണി സ്ട്യുവെര്ട് ... " കാര്‍ത്തിക് കൂടി നിന്നവരോട് അന്വേഷിച്ചു ...
തന്നോടു എല്ലാം തുറന്നു സംസാരിക്കുന്ന , സാരമായ എല്ലാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്‍ത്തികിന്റെ സഹായിയാണ് ടോണി .നേരിട്ടു കണ്ടിട്ടില്ലെന്കിലും രണ്ടു പേരും അടുത്ത സുഹൃത്തുക്കളാണ് ... കാര്‍ത്തിക് വരുന്ന ഷിഫ്ട് തന്നെ തനിക്കും വേണമെന്നു ടോണി വാശി പിടിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട് ...
ടോണി അന്ന് ലീവ് ആണെന്ന് പിനീടാരോ പറഞ്ഞു കേട്ടു ...
ടീം മീറ്റിംഗില്‍ പലപ്പോളായി അയാളുടെ പേര്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു . പിന്നീടുള്ള ആഴ്ചകളില്‍ തുടങ്ങാന്‍ പോകുന്ന മൈഗ്രശേഷന് കാര്‍ത്തിക് ആണ് നേതൃത്വം കൊടുക്കേണ്ടത് ...
പിറ്റേന്നു ടീം മീറ്റിങ്ങ് കഴിഞ്ഞു ക്യുബിക്കിളില്‍ വന്നിരുന്നപ്പോള്‍ ആണ് അയാള്‍ ആ വെല്‍ക്കം കാര്‍ഡ് കണ്ടത് ... അതിലെ കുറിപ്പ് ഇപ്രകാരം ആയിരുന്നു ...
"ഇവിടെ വന്നു എന്നറിഞ്ഞു .... സ്വാഗതം ... നമുക്കു നേരില്‍ കാണാം .... "
സസ്നേഹം "ടോണി ..."
ഇന്ത്യയില്‍ നിന്നുള്ള കൂടുകാരോട് സംസാരിച്ചു ഫോണ്‍ താഴെ വച്ചപ്പോഴാണ് പുറകില്‍ നിന്നു ആരോ തന്നെ വിളിച്ചതായി തോന്നിയത് ... തിരിഞ്ഞു നോക്കുമ്പോള്‍ ഉയരം കുറഞ്ഞു ... കണ്ണട വച്ച് കുറെയൊക്കെ കഷണ്ടിയായ ... ഒരാള്‍ ...സംശയിച്ചു നിന്ന കാര്‍ത്തിക്കിനെ അയാള്‍ സ്വയം പരിചയപ്പെടുത്തി . "കാര്‍ത്തിക് ... അല്ലെ ... ? "
" ഞാന്‍ ടോണി .. ടോണി സ്ട്യുവെര്ട് ..."
പക്ഷെ ടോണി ... നിങ്ങള്‍ പാടെ മാറിയിരിക്കുന്നു ... പണ്ടയച്ചു തന്ന ഫോട്ടോയില്‍ കണ്ട ആളെ അല്ല ... , എന്തെങ്കിലും അസുഖമോ മറ്റോ ... ? " കാര്‍ത്തിക് ചോദിച്ചു ...
"അതൊക്കെ പോട്ടെ കാര്‍ത്തിക് ... എങ്ങനെയുണ്ട് ഹൂസ്ടന്‍ ... ഇഷ്ടപ്പെട്ടോ ? " .. ഭക്ഷണവും താമസവും എല്ലാം ... ?"
"എല്ലാം നന്നായിരിക്കുന്നു .... " കാര്‍ത്തിക് മറുപടി പറഞ്ഞു ...
" ടോണിയുടെ ഫാമിലി ... എല്ലാവരും സുഖമായി ഇരിക്കുന്നോ ... ?"
" സുഖമായിരിക്കുന്നു എല്ലാവരും ... " . അത് പറയുമ്പോള്‍ എന്തോ ടോണിയുടെ മുഖം മ്ലാനമായിരുന്നു ..." കാര്‍ത്തിക് ശ്രദ്ധിച്ചു ...
"അപ്പോള്‍ ശരി കാര്‍ത്തിക് ... നമുക്കിനിയും കാണാം ... ഇനിയിപ്പോള്‍ ഫോണിന്‍റെ സഹായമില്ലാതെ തന്നെ ... " ടോണി ചിരിച്ചു ... ഒപ്പം കാര്‍ത്തിക്കും ...
പിന്നീടാരോ പറയുന്നതു കേട്ടു ... ടോണിയെക്കുറിച്ച് ... ടോണിയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന ആ ചെറു സന്തുഷ്ട കുടുംബത്തോട് ഈശ്വരന് എന്ത് തോന്നി എന്നറിയില്ല . മരണം ഒരു കാര്‍ അപകടത്തിന്‍റെ രൂപത്തില്‍ ഭാര്യയേയും ഒരു മകനെയും കവര്ന്നെടുത്തപ്പോള്‍ ടോണി തകര്ന്നുപോയി ...
ശരിയാണ് മുന്‍പെന്നോ കുറച്ചു ദിവസം ടോണി ലീവില്‍ ആയിരുന്നു . അതിനെന്തോ കാരണവും അന്ന് പറഞ്ഞിരുന്നു ... പക്ഷെ അത് ഇതിനാലായിരുന്നെന്നു തിരിച്ചറിഞ്ഞത് ഇപ്പോള്‍ .
" സുഹൃത്തേ ... ... ഞാനൊന്നും അറിഞ്ഞിരുന്നില്ല ... കാര്‍ത്തിക് മനസ്സില്‍ പറഞ്ഞു ...
പിന്നീടുള്ള ദിവസങ്ങള്‍ തിരക്കുള്ളതായിരുന്നു . ദിവസവും പതിനാറു മണിക്കൂറോളം ഓഫീസില്‍ . രണ്ടാഴ്ച്ചകളോളം നീണ്ടു നിന്ന ജോലി ഭംഗിയായി തീര്‍ന്നപ്പോള്‍ അഭിനന്ദനങ്ങളുടെ ശരവര്‍ഷം . അന്ന് മീറ്റിംഗില്‍ അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ ടോണിയും ഉണ്ടായിരുന്നു ...
മീറ്റിങ്ങിനു ശേഷം പുറത്തു കടന്നപ്പോഴാണ് ആനന്ദ് വിളിച്ചത് ...
"കാര്‍ത്തിക് നമുക്കൊരു കാപ്പി കഴിക്കാം ... എനിക്ക് തന്നോടു കുറച്ചു സംസാരിക്കാനുണ്ട് ..."
കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ മുഖവുരയോടെ ആനന്ദ് തുടങ്ങി .
"കാര്‍ത്തിക് തനിക്ക് ഞാന്‍ പറയാന്‍ പോകുന്ന കാര്യം ഒരു പക്ഷെ തനിക്കിഷ്ടമാകില്ലെന്നറിയാം .. എന്നാലും എനിക്ക് വേറെ വഴിയില്ല . ഈ അവസരത്തില്‍ ഒരാറ് മാസം കൂടി താന്‍ ഇവിടെ നില്‍ക്കണം എന്നാണ് ക്ലൈന്റ് ആവശ്യപ്പെടുന്നത് ... എനിക്കറിയാം തന്‍റെ വിവാഹ നിശ്ചയം അങ്ങനെ ... എല്ലാം .... പക്ഷെ ... നമുക്കവരെ പിണക്കാന്‍ കഴിയില്ല ..." . " ഒരാറ് മാസം എങ്ങിനെയെങ്കിലും .. പ്ലീസ് .... "
കാര്‍ത്തിക്കിന് ഉറക്കെ ചീത്ത വിളിക്കാനാണ് തോന്നിയത് . ഇതെല്ലാം ആദ്യമേ പറഞ്ഞതാണ് ...എന്നിട്ടിപ്പോള്‍ ... അയാള്‍ പരമാവധി പറഞ്ഞു നോക്കി ... ഒടുവില്‍ ആനന്ദിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ സമ്മതിച്ചു .
"പക്ഷെ ആറ് മാസം ... അതില്‍ കൂടുതല്‍ നില്‍ക്കാന്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ ജോലി രാജി വച്ച് എന്‍റെ പാട്ടിനു പോകും ... ആദ്യമേ പറയാം ... " . കാര്‍ത്തിക് ഓര്‍മ്മിപ്പിച്ചു ...
"ഇല്ലെടോ ആറ് മാസം അതില്ക്കൊടുതല്‍ ഇല്ല ... എനിക്ക് വളരെ വിഷമമുണ്ട് ... പക്ഷെ ... വേറെ ഒരു വഴിയും ഇല്ലെടോ .... " അല്ലെങ്കിലും നമ്മളൊക്കെ മറ്റാര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുകയാനെടോ ... എന്ത് ചെയ്യാം ... " ആനന്ദ് ദീര്‍ഖ നിശ്വാസത്തോടെ പറഞ്ഞു ...
ഈ വേദാന്തം ഒന്നും കാര്‍ത്തിക്കിന്റെ തലയില്‍ കയറിയില്ല ... ഒടുവില്‍ , കാര്‍ത്തിക് ശരിയെന്നു പറഞ്ഞപ്പോള്‍ ആണ് ആനന്ദിന്‍റെ ശ്വാസം നേരെ വീണത് ... അയാള്‍ കാര്‍ത്തിക്കിന് നന്ദി പറഞ്ഞു ...
" ഹൈ കാര്‍ത്തിക് ... അപ്പോള്‍ എല്ലാം ഭംഗിയായി കഴിഞ്ഞു അല്ലെ ?. ഇനി എന്നാണു തിരിക്കുന്നത് " ... അന്ന് വൈകിട്ട് കാപ്പി കഴിക്കാന്‍ കാന്റീനില്‍ ഇരിക്കുമ്പോള്‍ ടോണി ചോദിച്ചു ...
" ഇല്ല ടോണി ... ഇനിയും ഒരാറ് മാസം കൂടി ഇവിടെ നില്‍ക്കാനാണ് കമ്പനി പറയുന്നതു . എന്ത് ചെയ്യാം ... വേറെ ഒരു രക്ഷയും ഇല്ല .. നിന്നെ പറ്റൂ ... "
ഇതു കേട്ടപ്പോള്‍ ടോണിയുടെ മുഖം ഒന്നു വിളറിയതായി കാര്‍ത്തിക് ശ്രദ്ധിച്ചു ...
"അപ്പോള്‍ ശരി കാര്‍ത്തിക് .. എന്തായാലും സന്തോഷം കുറച്ചു കാലം കൂടെ താങ്കളെ ഇവിടെ കാണാമല്ലോ ... " യാത്ര പറഞ്ഞു ടോണി നടന്നു നീങ്ങി ...
വാരാന്ത്യം മുഴുവന്‍ ഉറങ്ങിയും , സിനിമ കണ്ടും തീര്‍ത്തു . പ്രോജക്റ്റ് തീര്‍ന്നതിനാല്‍ ഒരു ശൂന്യത ... അലസമായ ദിവസങ്ങള്‍ ... കാര്യമായ പണിയൊന്നും ഇല്ല . കാര്‍ത്തിക്കിന് വല്ലാതെ മടുപ്പ് തോന്നി ...
ഒരിക്കല്‍ കാര്‍ത്തിക് വരുമ്പോള്‍ ഒരു കുറിപ്പ് ...
" സുഹൃത്തേ നന്ദി ... ഞാന്‍ പോവുകയാണ് ... എന്നെങ്കിലും കാണാം ... "
സസ്നേഹം ടോണി ...
കാര്‍ത്തിക്കിന് ഒന്നു മനസ്സിലായില്ല ...ടോണിയെ കാണാനായി അയാള്‍ ഇരിക്കുന്നിടത്ത് പോയപ്പോള്‍ അവിടം ശൂന്യമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ടോണിയെ കണ്ടില്ല ...
പിന്നീടെന്നോ ടോണിയുടെ അടുത്ത സീറ്റില്‍ ഇരിക്കുന്ന ഒരു സ്ത്രീയാണ് കാര്യം പറഞ്ഞത് ... കഴിഞ്ഞ മാസം പിങ്ക് സ്ലിപ് കിട്ടിയവരുടെ കൂട്ടത്തില്‍ ടോണിയും ഉണ്ടായിരുന്നു ... അവസാനം വരെ ടോണി ലിസ്റ്റില്‍ ഇല്ലായിരുന്നു ... പക്ഷെ ഇന്ത്യയില്‍ നിന്നുള്ള മറ്റാരോ അയാള്‍ക്ക് പകരക്കാരനായി വന്നെന്നും ഒരു പക്ഷെ അതായിരിക്കാം ടോണിയെ പറഞ്ഞയക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു നിര്‍ത്തി .
കാര്‍ത്തിക് ഒന്നും മിണ്ടിയില്ല ... അയാള്‍ നടന്നു ... ഒന്നു കൂടി ടോണിയുടെ സീറ്റിലേക്ക് നോക്കി . ഇല്ല അവിടെ ശൂന്യം ... അയാള്‍ വരില്ല ... അതിന് കാരണക്കാരന്‍ ... താനാണോ ? ...
പിറ്റേന്നുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ പ്രത്യേക നേട്ടത്തിനുള്ള കമ്പനി അവാര്‍ഡ് വാങ്ങുമ്പോള്‍ അയാള്‍ക്കെന്തോ സന്തോഷമൊന്നും തോന്നിയില്ല . മനസ്സില്‍ മുഴുവനും ടോണിയുടെ മുഖമായിരുന്നു ....
ടോണി മാപ്പ് .. ഞാന്‍ അറിഞ്ഞില്ല ... ഒന്നും ...
Subscribe to:
Post Comments (Atom)
1 comment:
കഥ ഇഷ്ടപ്പെട്ടു. ടൈടിലിനു ഒരല്പ്പം ഒതുക്കം ആവാമായിരുന്നു എന്നു തോന്നി.
തോന്നലാണേ...
Post a Comment