Friday, November 7, 2008

പതിമൂന്നാം താള്‍ ..." ഒരു ശരാശരി മലയാളിയുടെ ഹര്‍ത്താല്‍ ദിന പദ്ധതികള്‍ ... ഒരവലോകനം "

" മുകുന്ദന്‍ സാറ് അറിഞ്ഞില്ലേ ... നാളെ ഹര്‍ത്താലാണ് " . ചായ ഗ്ലാസ് മേശപ്പുറത്തു വച്ചു കൊണ്ടു പ്യൂണ്‍ ദിവാകരന്‍ പറഞ്ഞു തീര്‍ന്നതും ചുറ്റിലും ഇരുന്നവരുടെ ശ്രദ്ധ അയാളിലായി ...

" അതെ സാറേ ... ഞാന്‍ ചായ കുടിയ്ക്കാന്‍ പോയപ്പോളാണ് വിവരം അറിയുന്നത് ... തെക്കെവിടെയോ ഒരു രാഷ്ട്രീയ സംഘര്‍ഷം ... ഒന്നോ രണ്ടോ പേരു ആശുപത്രിയില്‍ ആണെന്നാണ്‌ കേട്ടത് " . ദിവാകരന്‍ പറഞ്ഞു നിര്‍ത്തിയതും ഹെഡ് ക്ലാര്‍ക്ക് നന്ദ കുമാര്‍ സാറ് മുതല്‍ തൂപ്പുകാരി ലീല വരെയുള്ളവര്‍ മേശയ്ക്കു ചുറ്റും കൂടിയിരുന്നു ...

"എടോ ഈ ചായ തനിയ്ക്കിരിയ്ക്കട്ടെ ... ഏതായാലും ഒരു സന്തോഷ വാര്‍ത്ത അറിയിച്ചതല്ലേ ... " . ചിരിച്ചു കൊണ്ടു ദിവാകരന്‍ ചായയുമായി പുറത്തേയ്ക്ക് പോകുമ്പോള്‍ അയാള്‍ നാളത്തേക്ക് ഉള്ള പദ്ധതികള്‍ ആലോചിക്കുകയായിരുന്നു .

എന്തൊക്കെയായാലും ഹര്‍ത്താലുകളെ ജനവിരുധമായി കാണുന്നവരുടെ കൂട്ടത്തില്‍ അയാളില്ല . തിരക്ക് പിടിച്ച ഓഫീസ് ജീവിതത്തിന്നിടയില്‍ ഒന്നു റിലാക്സ് ചെയ്യാനുള്ള ഒരു സന്ദര്‍ഭമാണ് അയാളെ സംബന്ധിച്ച് എടുത്തോളാം ഹര്‍ത്താല്‍ ദിനം . ഇതൊക്കെയുണ്ടോ ഹര്‍ത്താല്‍ വിരുധര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകുന്നു... അവര്‍ക്ക് പ്രസംഗിച്ചാല്‍ പോരെ. യാഥാര്‍ത്ഥ്യം ആരറിവൂ ...

" നാളെ വെള്ളി . ഏതായാലും ശനിയാഴ്ചയ്ക്കു ഒരു ലീവ് പറഞ്ഞേക്കാം ... കുറെ കാലമായി കൂട്ടുകാരുമായി ഒന്നു കൂടിയിട്ട് .ശനിയാഴ്ച ഭാര്യയേയും കുട്ടികളെയും കൊണ്ടു ഒരു സിനിമ കാണല്‍ ... ". അയാള്‍ മനസ്സില്‍ കണക്കു കൂട്ടി ... അല്ലെന്കിലും പദ്ധതികള്‍ക്കണോ പഞ്ഞം ... എന്തുകൊണ്ട് ഒരു ഹര്‍ത്താല്‍ വാരം തന്നെ സംഘടിപ്പിച്ചു കൂടാ എന്നൊക്കെ അയാള്‍ ആലോചിയ്ക്കാറുണ്ട് ...

" അപ്പളേ .. ജയിംസേ .. താന്‍ അറിഞ്ഞില്ലേ നാളത്തെ ഹര്‍ത്താലിന്റെ കാര്യം ... നമുക്കൊന്ന് കൂടാം മനോജിന്‍റെ വീട്ടില്‍ ... അയ്യാളുടെ ഭാര്യ നാട്ടിലായതിനാല്‍ പിന്നെ പ്രശ്നങ്ങളില്ല ... താന്‍ അവിടെ വന്നാല്‍ മതി . ഞാന്‍ വേണുവിനേം കൂട്ടി അവിടെ വരാം ... അപ്പോള്‍ എല്ലാം പറഞ്ഞ പോലെ . നാളെ കൃത്യം പത്തു മണിയ്ക്ക് ".

ഫോണ്‍ താഴെ വയ്ക്കുമ്പോള്‍ അക്കൌന്ടന്റ്റ് മത്തായി വിളിച്ചുപറഞ്ഞു ... " അപ്പളേ മുകുന്ദന്‍ സാറേ ... ന്നാല്‍ ഞാനും കൂടാം നാളെ " ...ചിരിച്ചു കൊണ്ടു ശരി എന്ന് പറയുമ്പോള്‍ അയാള്‍ മനസ്സില്‍ പറഞ്ഞു ... " ഓസിനു കിട്ടുന്ന ഒരു ചാന്‍സും കളയരുതേ ... "

അല്ലെങ്കിലും ഈ വിധ കാര്യങ്ങളില്‍ എല്ലാവരും കിറു കൃത്യമാണ് ... ഓഫീസില്‍ അല്പം നേരെത്തെ എത്താന്‍ പറഞ്ഞാല്‍ അല്പം കൂടി വൈകി വരുന്നവര് കൂടെ ഈ വിധ സന്ദര്‍ഭങ്ങളില്‍ വളരെ നേരത്തെ എത്തുന്നത്‌ കാണാം ... അയാള്‍ ഓര്‍ത്തു ...

ഓഫീസ് വിട്ടു ബസ്സ് സ്റൊപിലെയ്ക്ക് നടക്കുമ്പോള്‍ കണ്ടു ബീവരജ് ഷോപ്പിനു മുന്നിലെ തിരക്ക് ... വരി വളഞ്ഞു മൂന്നു ചുറ്റായി കഴിഞ്ഞിരുന്നു ... എല്ല്ലാവരും നാളേക്കുള്ള തയ്യാറെടുപ്പാണ് ...പച്ചക്കറി കടകളിലും , പല വ്യഞ്ജന കടകളിലും പതിവില്ലാത്ത തിരക്കുണ്ടായിരുന്നു ...

ബസ്സില്‍ പതിവിലും തിരക്കുണ്ടായിരുന്നു ... ഒരു വിധം തിക്കിത്തിരക്കി ഉള്ളില്‍ കയറിപ്പറ്റി ..." എന്‍റെ മാഷേ നിങ്ങളൊന്നു ക്ഷമിക്ക് ... രണ്ടു മിനിട്ട് വൈകിയാല്‍ എന്താ മാനം ഇടിഞ്ഞു വീഴുമോ ... പത്താളെ എക്സ്ട്രാ കിട്ടിയാല്‍ ഞങ്ങടെ കാര്യം രക്ഷപ്പെട്ടു ... നാളത്തെ ഒരു ഫുള്‍ ഡേ ഓട്ടം പോക്കാ ... " . സമയമായിട്ടും വണ്ടി വിടാത്തതില്‍ കയര്‍ത്ത ഒരു യാത്രക്കാരനോട് കണ്ടക്ടര്‍ ചൂടാകുന്നതാണ് ... അയാള്‍ അമര്‍ത്തി ചിരിച്ചു ...

" എന്താ സുക്വോ ... ഇപ്രാവശ്യം വലിയ കല്ലുകള്‍ ഒന്നും കിട്ട്യേല്ലേ ... " ... പലചരക്ക് കടക്കാരന്‍ ദേവസ്യേട്ടന്റെ ചോദ്യം കെട്ട് ... സുകു ചിരിച്ചു ... "എന്ത് പറയാനാ ദേവസ്യെട്ടാ .. വന്നു വന്നു രാഷ്ട്രീയക്കാര്‍ക്കും ജീവിക്കാന്‍ വയ്യാതായി ... ഒരു കല്ല്‌ ചോദിച്ചാല്‍ എന്താ ഒരു ഗമ എല്ലാര്‍ക്കും ... അപ്പോള്‍ പിന്നെ കഴിഞ്ഞ ഹര്‍ത്താലിന്റെ ബാക്കി കുറച്ചു പൊടിക്കല്ലുകളും മരമുട്ടികളും വച്ചു അഡ്ജസ്റ്റ് ചെയ്യാം എന്ന് വച്ചു ..." ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗം ആണ് സുകു ...

വീട്ടില്‍ എത്തുമ്പോഴേയ്ക്കും ഇരുട്ടിയിരുന്നു . അയാളുടെ ഏഴാം ക്ലാസുകാരന്‍ മകന്‍ പിറ്റേന്ന് ക്രികറ്റ് കളിയ്ക്കാനുള്ള സ്ടംബുകള്‍ ചെത്തിമിനുക്കുകയായിരുന്നു ... എല്ലാവരും വെല്‍ പ്ലാന്‍ഡ് ആണ് ... അയാള്‍ ചിരിച്ചു ...

" മാര്‍ക്കറ്റ് വഴി വന്നപ്പോള്‍ നല്ല കരിമീന്‍ കണ്ടു ... കാശ് ഇത്തിരി കൂടുതലാനെന്കിലും ഒരു കിലോ വാങ്ങി ... ഏതായാലും നാളെ മുടക്കല്ലേ ... കറി വെയ്ക്കാം " ഷര്‍ട്ടും പാന്റും അയയില്‍ തൂക്കുമ്പോള്‍ ഭാര്യ പറയുന്നതു കേട്ടു "... അതെന്തായാലും നന്നായി ... അയാള്‍ പറഞ്ഞു ...

" സത്യം പറഞ്ഞാല്‍ ഹര്‍ത്താല്‍ ഒരു തരത്തില്‍ നല്ലതാണ് ... കുട്ടികള്‍ക്ക് സ്കൂളില്‍ പോകേണ്ടെന്നുള്ള സന്തോഷം , ജോലിക്കാര്‍ക്ക് ഒരവധി കിട്ടിയതിന്റെ സന്തോഷം , കച്ചവടക്കാര്‍ക്ക് ഇരട്ടി കച്ചവടം ( കാര്യം ഒരു ദിവസത്തെ കച്ചവടം പോകുമെന്കിലും ) , ബസ്സുകാര്‍ എക്സ്ട്രാ ഓട്ടം നടത്തി അടുത്ത ദിവസത്തെ നഷ്ടം നികത്തുന്നു ... അവര്ക്കും ഒരു ദിവസം വിശ്രമം .. പിന്നെ ആര്‍ക്കാണ് ഇവിടെ നഷ്ടം ... ?... മറ്റു കച്ചവട സംരംഭങ്ങളൊന്നും ഇല്ലാത്ത ഇന്നാട്ടില്‍ ആര്‍ക്കു നഷ്ടം ... " അയാള്‍ ചിരിച്ചു ...


വാര്‍ത്തകളില്‍ പ്രത്യേകിച്ച് വിശേഷങ്ങളൊന്നും ഉണ്ടായിരുന്നില്ല ... ആഗോള സാമ്പത്തിക മാന്ദ്യവും , ആണു കരാറും , നാണയ പെരുപ്പവും എല്ലാം സ്ഥിരം പല്ലവികള്‍ . പക്ഷെ ഒടുവില്‍ കിട്ടിയ അറിയിപ്പ് കേട്ടു അയാള്‍ മാത്രമല്ല , എല്ലാവരും ഒന്നു നടുങ്ങി ... അതിപ്രകാരമായിരുന്നു ...

"പ്രസിഡന്റിന്റെ കേരള സന്ദര്‍ശനം കണക്കിലെടുത്ത് കൊണ്ടു നാളെ നടത്താന്‍ ഉദ്ദേശിച്ച ഹര്‍ത്താല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുന്നു ... "

" അല്ലെങ്കിലും ഇവന്മാരെ വിശ്വസിച്ച നമ്മളെ വേണം തല്ലാന്‍ ... ഇലയിട്ടു അവസാനം ചോറില്ലെന്നു പറഞ്ഞാല്‍ . ഫോണിന്റെ അങ്ങേ തലക്കല്‍ ജയിംസ് ... ദേഷ്യം കൊണ്ടു അലറുകയായിരുന്നു ... ".

നാളെ കാണാമെന്നു പറഞ്ഞു ഫോണ്‍ താഴെ വച്ചു വീടിനു പുറത്തിറങ്ങിയപ്പോള്‍ മുറ്റത്ത്‌ കിടക്കുന്ന ക്രികറ്റ് സ്ടംബുകളെ നോക്കി വിഷണ്ണനായി ഇരിക്കുന്നുണ്ടായിരുന്നു .. ഒരു കൊച്ചു ഹര്‍ത്താല്‍ ആരാധകന്‍ ...

2 comments:

KapilRaj said...

Ithum Kollam ...

ഭൂമിപുത്രി said...

നാട്മുഴുവൻ ഇങ്ങിനത്തെ ഹർത്താലാരാധകരായിക്കഴിഞ്ഞില്ലേ?