Monday, November 3, 2008

പന്ത്രണ്ടാം താള്‍ .. " കാത്തിരുപ്പ് ..."

" അല്ലാ ... ഗോപി മാഷ്‌ ഇന്നു നേരത്തെ ആണല്ലോ . ഇന്നെന്താ വിശേഷിച്ചു ... ?" ." ആ ... ഇന്നാ അയ്മ്മദെ പെങ്ങളും കുട്ട്യോളും ബോംബെന്ന് വരണത് ... കൂട്ടിക്കൊണ്ടു വരാന്‍ തൃശൂര് വരെ പൂവ്വാണ് ..." ചായക്കടക്കാരന്‍ അയമ്മദിന്റെ സ്ഥിരം കുശലപ്രശ്നം ആണ് . ഒന്നുകില്‍ എന്താ നേരത്തെ എന്ന് ചോദിയ്ക്കും അല്ലെങ്കില്‍ എന്താ വൈകിയതെന്ന് ... ആര്‍ക്കും ചേതമില്ലാത്ത ചോദ്യമല്ലേ ... മാഷും ആസ്വദിയ്ക്കാറുണ്ട് ആ ചോദ്യം ...മറുപടി പറഞ്ഞു തിരിഞ്ഞതും തൃശൂര്‍ ബസ്സ് വന്നു നിന്നതും ഒരുമിച്ചായിരുന്നു ...

സ്‌റ്റേഷനില്‍ പതിവിലധികം തിരക്കുണ്ടായിരുന്നു ... വണ്ടി വരാന്‍ ഇനിയും രണ്ടു മണിക്കൂറുണ്ട്‌ . പ്ലാട്ഫോരം ടിക്കറ്റും അത് വരെ സമയം കളയാന്‍ ഒരു വാരികയും വാങ്ങി മാഷ്‌ പ്ലട്ട്ഫോര്‍മിന്റെ ഒരൊഴിഞ്ഞ കോണില്‍ ഒരു ബെന്ചിലിരുന്നു ...

അനിയത്തിയുടെ ഭര്‍ത്താവിനു ബോംബെയില്‍ കച്ചവടം ആണ് . തിരക്കുള്ള സമയം ആയതിനാല്‍ അദ്ദേഹത്തിന് വരാന്‍ പറ്റില്ല . അതിനാലാണ് പെങ്ങളും കുട്ട്യോളും ഒറ്റയ്ക്ക് വരുന്നതു . തൃശൂര് വരെ ഒറ്റയ്ക്ക് വന്നതല്ലേ ഇനി വീട് വരെ വരാനും അവര്‍ക്കറിയാം , എന്തിനാ അവിടെപ്പോയി കാത്തു കേട്ടിക്കെടക്കുന്നതെന്ന് ഭാര്യ ചോദിയ്ക്കും ... പക്ഷെ മാഷ്‌ മറുപടി പറയും ... തൃശൂര് ഞാന്‍ കാത്തു നില്‍ക്കുന്നുണ്ടാകും എന്നുള്ളതാണ് അവളുടെ ധൈര്യം ... കാര്യം അഞ്ചു പത്തു വര്‍ഷം ബോംബെല് കഴിഞാതാണ് , രണ്ടു കുട്ടികളുടെ അമ്മയാണ് എന്നൊക്കെ പറഞ്ഞാലും മാഷ്ക്ക് അവള്‍ എന്നും കുഞ്ഞനുജത്തി തന്നെയാണ് . ഇതൊക്കെ ഭാര്യയ്ക്കുണ്ടോ പറഞ്ഞാല്‍ മനസ്സിലാകുന്നു ...

"മണി ഇപ്പൊ എത്രയായീ ". ഒരു വൃദ്ധനാണ് ... കാഴ്ചയില്‍ ഒരു എഴുപത്തിയഞ്ച് വയസ്സോളം പ്രായം തോന്നിയ്ക്കും ... വെള്ള മുണ്ടും ഷര്‍ട്ടും വേഷം ... " മണി പതിനൊന്നര ... ആകുന്നു " മാഷ്‌ മറുപടി പറഞ്ഞു ..." മകന്‍റെ മകന്‍ വരുന്നുണ്ട് ഇന്നു ... ഡല്‍ഹിയില്‍ നിന്നു ... അയാളേം കാത്തു നിക്കുകയാണ് .വണ്ടി ലേറ്റ് ആണ് എന്ന് കേട്ടു . എന്തായാലും അത് വരെ സംസാരിചിരിയ്ക്കാന്‍ ഒരാളെ കിട്ടിയല്ലോ ". വൃദ്ധന്‍ ബെന്ചില്‍ ഇരിയ്ക്കാന്‍ നേരത്ത് പറഞ്ഞു . " . " ഞാന്‍ വന്നത് മുഷിവായോ " , വൃദ്ധന്‍ കൂട്ടത്തില്‍ ചോദിച്ചു ... " ഓ .. ഇല്ല ... സന്തോഷമേ ഉള്ളൂ "... " ഞാന്‍ ഗോപി ... ഇവിടെ അടുത്ത് സ്കൂളില്‍ മാഷാണ് ... പെങ്ങളും കുട്ടികളും വരുന്നുണ്ട് ... ബോംബെന്ന് ... അവരേം കാത്തു നില്‍ക്കുകയാണ്‌ "... മാഷ്‌ സ്വയം പരിചയപ്പെടുത്തി ...

" ഞാന്‍ അവനോടു പറഞ്ഞതാണ് . ഇനി ഇവിടെ വന്നു താമസിയ്ക്കാന്‍ ... പത്തിരുപത്തഞ്ചു വര്‍ഷമായില്ലേ അവിടെ . ഇനി നാട്ടില്‍ വന്നു താമസിചൂടെ എന്ന് . എന്ത് പറഞ്ഞാലും അവന്‍ പറയും .. കൊട്ട്യോള്ടെ പഠിപ്പ് ബുദ്ധിമുട്ടാവില്ലേ അച്ഛാ എന്ന് . എന്നും അവന് ഓരോരോ കാരണങ്ങളാണ് . കുട്ട്യോളുടെ പഠിപ്പും , അവന്റെയും അവന്റെ ഭാര്യയുടെ ജോലിയും .. അങ്ങനെ ഒരായിരം കാരണങ്ങള്‍ .... അവസാനം നീ വന്നില്ലെന്കിലും മോനെയെന്കിലും ഒന്നു അയയ്ക്കാന്‍ പറഞ്ഞു ... അവസാനം അതവന്‍ കേട്ടു ... " അത് പറഞ്ഞു തീര്‍ക്കുമ്പോള്‍ ആ കണ്ണുകളെ തിളക്കം മാഷ്‌ ശ്രദ്ധിച്ചു ... " എല്ലാ വീടുകളിലും ഇതൊക്കെ തന്നയാണ് അവസ്ഥ ... ഒരു വയസ്സായ അച്ഛനും അമ്മയും വീട്ടില്‍ .. മക്കള്‍ എല്ലാവരും പുറം നാടുകളില്‍ . അല്ലാ ... അവരെയും കുറ്റം പറയാന്‍ പറ്റില്ല ... ഇവിടെ ജോലിയെന്തെന്കിലും കിട്ട്യാലല്ലേ ഇവിടെ നില്‍ക്കാന്‍ പറ്റുള്ളൂ ... " മാഷ്‌ അത് പറഞ്ഞപ്പോള്‍ വൃദ്ധന്‍ അത് ശരിയാണെന്ന രീതിയില്‍ തലയാട്ടുന്നുണ്ടായിരുന്നു . "എന്തായാലും സന്തോഷമായല്ലോ ... ഇപ്പോള്‍ പേരക്കുട്ടി വരുന്നുണ്ടല്ലോ ... " ... മാഷ്‌ അത് പറഞ്ഞപ്പോള്‍ വൃദ്ധന്‍ ചിരിച്ചു ...

വണ്ടി വരാന്‍ ഇനിയും അര മണിക്കൂറുണ്ട്‌ . ഒരു ചായ കുടിച്ചു കളയാം എന്ന് കരുതി മാഷ്‌ എഴുന്നേറ്റു . ചായ കുടിച്ചു വൃദ്ധനായി ഒരു ചായയും വാങ്ങി മാഷ്‌ തിരിച്ചു ബെന്ചില്‍ വന്നിരുന്നു . വൃദ്ധനിരുന്ന സ്ഥലം ശൂന്യം ... മാഷ്‌ ചുറ്റും നോക്കി . ഇല്ല അയാള്‍ ചുറ്റും എവിടെയും ഇല്ല ... " മാഷ്‌ ആരെയാ തിരയുന്നത് ? ". പുറകു വശത്തുള്ള ചായക്കടക്കാരന്‍ ചോദിച്ചു . "ഇവിടെ ... ഇവിടെ ഇരുന്നിരുന്ന ഒരു വൃദ്ധനെ .... ". " ഓ ... നല്ല കാര്യായീ ... മാഷ്ക്ക് വല്ല ഭ്രാന്തും ഉണ്ടോ ... അങ്ങേര്‍ക്കു നോസ്സാണ് ... എല്ലാ വെള്ളിയാഴ്ചയും ഇവിടെ വരും ... ചോദിച്ചാല്‍ പറയും മകന്‍റെ മകന്‍ വരുന്നൂ എന്ന് ... ആദ്യം ഞങ്ങളും വിശ്വസിച്ചു ... പിന്നീടാ കാര്യം പിടി കിട്ടീത് ... അങ്ങേരുടെ മകനും , കുടുംബവും കഴിഞ്ഞ ഡിസംബറില്‍ നാട്ടിലേക്ക് വരുന്നേരം ഡെല്‍ഹീല് വച്ചു വാഹനാപകടത്തില്‍ മരിച്ചു ... ആ ഷോക്കില്‍ നിന്നു മോചിതനായിട്ടില്ല ഇദ്ദേഹം ഇനിയും . ഇപ്പൊ എല്ലാവര്ക്കും ഇതറിയാം ... എങ്കിലും ഞങ്ങളും അഭിനയിയ്ക്കും . വണ്ടി ലേറ്റ് ആണ് ... വണ്ടി ക്യാന്‍സല്‍ ചെയ്തു എന്നൊക്കെ പറഞ്ഞു "...
ചായക്കടക്കാരന്‍ ഇതു പറഞ്ഞു നിര്‍ത്തിയതും ബോംബെയില്‍ നിന്നുള്ള നേത്രാവതി എക്സ്പ്രസ്സ് വന്നു നിന്നതും ഒരുമിച്ചായിരുന്നു ...

3 comments:

Rajeend U R said...

കഥയില് പുതുമയില്ല. പക്ഷേ പറഞ്ഞ രീതി നന്നായിരിക്കുന്നു.
കൂടുതല് നന്നാക്കാമായിരുന്നു.

സസ്നേഹം

ഭൂമിപുത്രി said...

വൃദ്ധൻ ജീവിതത്തിൽക്കണ്ടുമുട്ടിയ കഥാപാത്രമാണോ വിനോദ്?

വിനോദ് said...

നന്ദി എല്ലാവര്‍ക്കും ... വായിച്ചതിനും , നിര്‍ദ്ദേശങ്ങള്‍ തന്നതിനും ...

പൂര്‍ണമായും ശരിയല്ല , അല്പം മറ്റൊരാളുടെ അനുഭവവും അല്പം അതിശയോക്തിയും ...