അപ്പു മാമ ലീവില്‍ വരുന്നു എന്ന് കേട്ടാല്‍ മതി മോഹനന്‍ ഒഴിച്ചുള്ള ബാക്കിയെല്ലാ ബാലജനങ്ങള്‍ക്കും ഉള്ളില്‍ ആധിയാണ് . ഷാരടി മാഷുടെ ചൂരല്‍ കഷായം പിന്നെയും ക്ഷമിക്കാം പക്ഷെ അപ്പു മാമയുടെ കിഴുക്ക് ... അതോരനുഭവമാണ് എന്ന് അനുഭവസ്ഥരായവര് - തറവാട്ടിലെ കുട്ടി സംഘത്തിലെ തല മുതിര്‍ന്നവര്‍, ഒരു ദീര്‍ഘ നിശ്വാസത്തോടെ പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട് ....
സംഘം തിരിച്ചുള്ള മാത്സ് ട്യൂഷന്‍ തന്നെയാണ് അപ്പു മാമയുടെ വീക്നെസ് ... ലീവില്‍ വന്നു പിറ്റേന്ന് മുതല്‍ തുടങ്ങും ട്യൂഷന്‍ . കൂട്ടത്തില്‍ ഏറ്റവും ഇളയവനായത് കൊണ്ടും , സ്കൂളില്‍ പോകാന്‍ തുടങ്ങിയിട്ടില്ലതതിനാലും മോഹനന് മാത്രം ട്യൂഷനില്‍ നിന്നും ഒഴിവു കൊടുത്തിരുന്നു ...
അതിനാല്‍ തന്നെ അപ്പു മാമ ലീവില്‍ വരല്ലേ എന്നും വന്നാല്‍ തന്നെ പെട്ടന്ന് തിരിച്ചു പോണേ എന്ന് പ്രാര്തിക്കുന്നവരുടെ കൂട്ടത്തില്‍ മോഹനന്‍ ഇല്ലായിരുന്നു ... അതിന് ചില്ലറ കാരണങ്ങളുണ്ട് ....
അപ്പു മാമക്ക് വലിക്കാനുള്ള സിഗരട്ട് കാദറിന്റെ പീടികയില്‍ നിന്നു കൊണ്ടു വരിക എന്നുള്ളതാണ് മോഹനന്‍റെ പ്രധാന ജോലി . കൂട്ടത്തില്‍ മോഹനനും ചില സ്വകാര്യ നേട്ടങ്ങള്‍ ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ ... ആരുമറിയാതെ സിഗരട്ട് വാസനിച്ചു നോക്കാറുണ്ട് മോഹനന്‍ ... പിന്നീട് വലുതായപ്പോള്‍
സിഗരട്ട് പാക്കുകള്‍ കാണുമ്പോള്‍ മോഹനന്‍ അപ്പു മാമയെ ഓര്‍ക്കാറുണ്ട് .
വയറു വേദന , തല വേദന , കട വയറ്റില്‍ പല്ല് വേദന എന്നീ പല വിധ രോഗങ്ങളൊന്നും ആളുടെ അടുത്ത് ചെലവാകില്ല . ഇതല്ല ഇതിലപ്പുറം ആണെന്ന് പറഞ്ഞാലും ട്യൂഷനില്‍ നിന്നും നോ രക്ഷ . ഞാനിതൊക്കെ എത്ര കണ്ടിരിക്കുന്നു . " നിന്‍റെ പുറമെല്ലാം ഞാനടിച്ചു പള്ളിപ്പുറം ആക്കും " എന്ന അപ്പു മാമയുടെ വാചകം ഇന്നും ഒരു ചിരിയോടെ മോഹനന്‍ ഓര്‍ക്കാറുണ്ട് .
വലുതായപ്പോഴാണ് അറിഞ്ഞത് , അപ്പു മാമ വിവാതിതനല്ലെന്ന് . തറവാട്ടിലെ എല്ലാ വിവാഹങ്ങളുടെയും
നടത്തിപ്പുകാരനായി മുന്നില്‍ നിന്നിരുന്ന അപ്പു മാമ എന്തെ കല്യാണം കഴിക്കാതിരുന്നതെന്ന് ആര്‍ക്കും അറിയില്ല . ജോലി കിട്ടിയതിനു ശേഷം ആദ്യമായി ലീവില്‍ പോയപ്പോള്‍ തറവാട്ടില്‍ അപ്പു മാമയും ഉണ്ടായിരുന്നു .
"എഡോ താന്‍ പോയി ഒരു സിഗരട്ട് ... " . മുഴുമിപ്പിച്ചില്ല അപ്പു മാമ .. " ഓ .. താനിപ്പോള്‍ പഴയ ആളല്ലല്ലോ അല്ലെ ... " ഇപ്പൊ .. വലിയ ഉദ്യോഗസ്ഥനായില്ലേ ... ഇനി ഇപ്പൊ ..." . സാരമില്ല അപ്പു മാമേ ... ഞാന്‍ കൊണ്ട് വരാം എന്ന് പറഞ്ഞു കാദറിന്റെ കടയിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു ... -" ഇല്ല അപ്പു മാമേ ഞാനിപ്പോളും ആരും കാണാതെ സിഗരട്ട് വാസനിച്ചു നോക്കാറുള്ള ആ പഴയ മോഹനന്‍ തന്നെയാണെന്ന് ...
വിരമിച്ച ശേഷവും അപ്പു മാമ കൂടുകാരുടെ കൂടെത്തന്നെ കഴിഞ്ഞു . നാട്ടില്‍ വന്നു താമസിച്ചില്ല . വന്നാല്‍ത്തന്നെ അധികവും അമ്പലങ്ങളിലും , മറ്റുമായി സമയം ചെലവഴിച്ചു ... അപ്പു മാമയുടെ പഴയ പ്രസരിപ്പെല്ലാം പോയ്പ്പോയപോലെ തോന്നി ഒരിക്കല്‍ കണ്ടപ്പോള്‍ . " എന്തെ അപ്പു മാമേ .... ആകെ ക്ഷീണിച്ച പോലെയുണ്ടല്ലോ ... ". മോഹനന്‍റെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് അപ്പു മാമ മറുപടി പറഞ്ഞു ... " വയസ്സയില്ലെടോ ... അതൊക്കെ അങ്ങനെയിരിക്കും ... "
ഒരിക്കല്‍ ജോലിക്കിടയില്‍ നാട്ടില്‍ നിന്ന് അമ്മയുടെ ഫോണ്‍ വന്നപ്പോള്‍ എടുക്കാന്‍ പറ്റിയില്ല . ഒരു പ്രധാന മീറ്റിങ്ങിലായിരുന്നു മോഹനനപ്പോള്‍ . പിറ്റേന്ന് ഫോണ്‍ ചെയ്തപ്പോള്‍ ആണ് വിവരം അറിഞ്ഞത് ... "അപ്പു മാമ മരിച്ചു ... " ഏതോ ഒരു കൂട്ടുകാരന്റെ വീട്ടില്‍ വച്ച് ... " . നാട്ടില്‍ തന്നെ എല്ലാം ചെയ്യണമെന്നു അപ്പു മാമ പറഞ്ഞിരുന്നുവത്രേ ... എല്ലാം അപ്പു മാമയുടെ ആഗ്രഹം പോലെ കൂടുകാര്‍ ചെയ്തു കൊടുത്തു ...
വൈകീട്ട് തറവാട്ടില്‍ എത്തുമ്പോഴേക്കും ചടങ്ങുകളെല്ലാം കഴിഞ്ഞിരുന്നു ... വന്നവരും , അപ്പു മാമയുടെ കൂട്ടുകാരില്‍ ചിലരും മാത്രം ബാക്കിയായിരുന്നു ... മോഹനന്‍ തറവാട്ടില്‍ കയറാതെ നേരെ തെക്കേ പറമ്പിലേക്ക് നടന്നു ... ചിത എരിഞ്ഞടങ്ങിയിരിക്കുന്നു ... ഒരു പാട് തറവാട്ടു കാരണവര്‍മാരെ ദഹിപ്പിച്ച അതെ തെക്കേ പറമ്പില്‍ ഇപ്പോള്‍ അപ്പു മാമയും ...
അയാള്‍ മനസ്സില്‍ പറഞ്ഞു ... " അപ്പു മാമേ ... കാദറിന്റെ കടയില്‍ നിന്നും ഒരിക്കല്‍ കൂടെ ഞാനൊരു സിഗരട്ട് ... മോഹനാണ് കരച്ചിലടക്കാനായില്ല ...
Saturday, January 17, 2009
Subscribe to:
Posts (Atom)