Wednesday, November 12, 2008

പതിന്നാലാം താള്‍ " അനിതയുടെ ... താളുകള്‍ "

ഒന്നാം ചരമ വാര്‍ഷികം
അനിത
ജനനം 15-09-1980 മരണം 10-3-2007
സന്തപ്ത കുടുംബങ്ങങ്ങള്‍ ...

ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടിയെ അയാള്‍ക്ക്‌ നേരിട്ടു പരിച്ചയമില്ലെന്കിലും അയാള്‍ക്കറിയാം അവരെ . ആ ഫോട്ടോ അയാള്‍ ആദ്യമായി കാണുന്നത് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു മാട്രിമോണി സൈറ്റില്‍ . അവസാനമായി കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇതേ പത്രത്തില്‍ ... ചരമക്കോളത്തില്‍ ... ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയോടു കൂടി ...

മാട്രിമോണി സൈറ്റിലെ ആ പ്രൊഫൈല്‍ അയാള്‍ ഇപ്പോളും ഓര്‍ക്കുന്നു . അന്നയാള്‍ ഓഫീസിനടുത്തുള്ള ഒരു ഫ്ലാറ്റില്‍ കൂട്ടുകാരോടൊത്ത് താമസിക്കുന്ന കാലം . ഒരു രസത്തിനു വേണ്ടി രെജിസ്ടര്‍ ചെയ്ത മാട്രിമോണി സൈറ്റില്‍ നിന്നും അപ്രതീക്ഷിതമായാണ് അയാള്‍ക്ക്‌ ഒരു മെയില്‍ കിട്ടിയത് ... " എനിക്ക് നിങ്ങളുടെ പ്രൊഫൈലില്‍ താത്പര്യം ഉണ്ട് , തിരിച്ചു താത്പര്യം ഉണ്ടെങ്കില്‍ ഈ മെയില്‍ ഐ. ഡിയില്‍ മറുപടി അയക്കുക " . ഇതായിരുന്നു മെയിലിന്‍റെ ഉള്ളടക്കം .

കൂട്ടുകാരുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ അയാള്‍ ആ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ തുറന്നു നോക്കി . കാണാന്‍ അത്ര ആകര്‍ഷകമാല്ലാതിരുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു അതില്‍ ...

ആ റിക്വസ്റ്റ് റിജക്റ്റ് ചെയ്യാന്‍ അത് മാത്രമായിരുന്നില്ല കാരണം . അച്ഛനും അമ്മയും ഇന്റര്‍ കാസ്റ്റ് മാര്യേജ് ചെയ്തവര്‍ , ചൊവ്വാദോഷം , പതിവിലും കവിഞ്ഞ തടി ( അല്പം തടി കൂടുതല്‍ എന്ന് പ്രൊഫൈലില്‍ എഴുതിയിരിയ്ക്കുന്നു ) , പരിമിതമായ വിദ്യാഭ്യാസം എന്നീ കാരണങ്ങളാല്‍ ആകണം അയാള്‍ക്ക്‌ മുന്പേ മറ്റു പലര്ക്കും അവരെ ഇഷ്ടപ്പെടാതെ പോയത് ...

ഭംഗി ഒരു പ്രശ്നമല്ലെങ്കിലും തനി യാഥാസ്ഥികര്‍ ആയ കുടുംബാംഗങ്ങള്‍ അംഗീകരിയ്ക്കുന്ന കാര്യങ്ങള്‍ അല്ല മറ്റൊന്നും . എന്നിരുന്നാലും തന്നെക്കുറിച്ച് ആ കുട്ടി എഴുതിയിരുന്ന കാര്യങ്ങള്‍ അയാളെ വല്ലാതെ സ്പര്‍ശിച്ചു ... സാധാരണ പെണ്‍കുട്ടികള്‍ എഴുതാറുള്ള സ്വയ വര്‍ണനകള്‍ അയാള്‍ക്കറിയാം . പക്ഷെ എന്തോ അതില്‍ നിന്നും വ്യത്യസ്തമായിരുന്നു അത് .

എന്നെക്കുറിച്ചു കൂടുതലറിയാന്‍ എന്‍റെ ബ്ലോഗ് വായിയ്ക്കുക ... ബ്ലോഗിന്‍റെ പേര് താഴെ കൊടുക്കുന്നു ...
" അനിതയുടെ താളുകള്‍ "
ഇങ്ങനെ അവസാനിയ്ക്കുന്നു ആ പ്രൊഫൈല്‍ .

പിന്നെടെന്നോ ആണെന്ന് തോന്നുന്നു അയാള്‍ ആ ബ്ലോഗ് വായിയ്ക്കാന്‍ ഇടയായത് . കൃത്യമായി ഓര്‍ക്കുന്നില്ല . ഒരു പക്ഷെ അയാള്‍ ആദ്യമായി വായിച്ചിട്ടുള്ള ബ്ലോഗും അനിതയുടെ തന്നെ . കഥകളും , കവിതകളും , നിരൂപണങ്ങളും , യാത്രാ വിവരണങ്ങളും ആയി ഒരുപാടു പോസ്റ്റുകള്‍ ഒരു വര്‍ഷത്തിനിടയ്ക്ക് . പക്ഷെ ആ കഥകളിലും കവിതകളിലും അയാള്‍ ഒന്നു ശ്രദ്ധിച്ചു . നൈരാശ്യം , ഒറ്റപ്പെടല്‍ ഇതൊക്കെയായിരുന്നു എല്ലാത്തിന്‍റെയും ഇതി വൃത്തം . എന്തേ എല്ലാത്തിലും നൈരാശ്യം കലര്‍ന്നിരിക്കുന്നെതെന്നു ഒരിക്കല്‍ അയാള്‍ ഒരു കമന്റായി എഴുതി . മറുപടി , ഒരു ചിരിക്കുന്ന മുഖം ... പിന്നെപ്പിന്നെ അയാള്‍ അവ വായിക്കുക എന്നല്ലാതെ ഒന്നും കമന്റായി എഴുതാതെയായി .

പിന്നീട് കുറെ മാസങ്ങളോളം അനിതയുടെ ബ്ലോഗില്‍ പുതുതായി ഒന്നും പോസ്റ്റു ചെയ്തു കണ്ടില്ല . അങ്ങനെയിരിക്കെ ഒരു ദിവസം " ദീര്‍ഘ യാത്ര " എന്ന പേരില്‍ ഒരു കവിത പോസ്റ്റ് ചെയ്തു കണ്ടു . പതിവു തെറ്റിച്ചു അയാള്‍ അന്നതിനൊരു കമന്റെഴുതി ...

"നന്നായിരിക്കുന്നു .. പക്ഷെ എങ്ങോട്ടാണ് യാത്ര ... " . ഒരു പക്ഷെ അനിത അയാള്‍ക്ക്‌ ആദ്യമായും അവസാനമായും അയച്ച മറുപടിയും അതായിരുന്നു ... അതിപ്രകാരമായിരുന്നു ...

" എങ്ങോട്ടെന്നു അറിയാത്ത ഒരു ദീര്‍ഘ യാത്ര ... " .

പക്ഷെ അത് എങ്ങോട്ടാണെന്ന് അയാള്‍ക്ക്‌ പിടി കിട്ടിയത് പിറ്റേ ദിവസത്തെ ചരമക്കോളത്തില്‍ നിന്നും ...

അന്നയാള്‍ വൈകിയിട്ടു അനിതയുടെ ബ്ലോഗില്‍ അവസാനത്തെ പോസ്റ്റില്‍ കമന്റായി അയാള്‍ എഴുതി .

" അറിഞ്ഞില്ല ഞാന്‍ ... അറിഞ്ഞിരുന്നെന്കില്‍ ... " . അയാള്‍ കാത്തിരുന്നു ... മറുപടിക്കായി ... വരില്ലെന്ന് അറിയാമെന്കിലും ...

Friday, November 7, 2008

പതിമൂന്നാം താള്‍ ..." ഒരു ശരാശരി മലയാളിയുടെ ഹര്‍ത്താല്‍ ദിന പദ്ധതികള്‍ ... ഒരവലോകനം "

" മുകുന്ദന്‍ സാറ് അറിഞ്ഞില്ലേ ... നാളെ ഹര്‍ത്താലാണ് " . ചായ ഗ്ലാസ് മേശപ്പുറത്തു വച്ചു കൊണ്ടു പ്യൂണ്‍ ദിവാകരന്‍ പറഞ്ഞു തീര്‍ന്നതും ചുറ്റിലും ഇരുന്നവരുടെ ശ്രദ്ധ അയാളിലായി ...

" അതെ സാറേ ... ഞാന്‍ ചായ കുടിയ്ക്കാന്‍ പോയപ്പോളാണ് വിവരം അറിയുന്നത് ... തെക്കെവിടെയോ ഒരു രാഷ്ട്രീയ സംഘര്‍ഷം ... ഒന്നോ രണ്ടോ പേരു ആശുപത്രിയില്‍ ആണെന്നാണ്‌ കേട്ടത് " . ദിവാകരന്‍ പറഞ്ഞു നിര്‍ത്തിയതും ഹെഡ് ക്ലാര്‍ക്ക് നന്ദ കുമാര്‍ സാറ് മുതല്‍ തൂപ്പുകാരി ലീല വരെയുള്ളവര്‍ മേശയ്ക്കു ചുറ്റും കൂടിയിരുന്നു ...

"എടോ ഈ ചായ തനിയ്ക്കിരിയ്ക്കട്ടെ ... ഏതായാലും ഒരു സന്തോഷ വാര്‍ത്ത അറിയിച്ചതല്ലേ ... " . ചിരിച്ചു കൊണ്ടു ദിവാകരന്‍ ചായയുമായി പുറത്തേയ്ക്ക് പോകുമ്പോള്‍ അയാള്‍ നാളത്തേക്ക് ഉള്ള പദ്ധതികള്‍ ആലോചിക്കുകയായിരുന്നു .

എന്തൊക്കെയായാലും ഹര്‍ത്താലുകളെ ജനവിരുധമായി കാണുന്നവരുടെ കൂട്ടത്തില്‍ അയാളില്ല . തിരക്ക് പിടിച്ച ഓഫീസ് ജീവിതത്തിന്നിടയില്‍ ഒന്നു റിലാക്സ് ചെയ്യാനുള്ള ഒരു സന്ദര്‍ഭമാണ് അയാളെ സംബന്ധിച്ച് എടുത്തോളാം ഹര്‍ത്താല്‍ ദിനം . ഇതൊക്കെയുണ്ടോ ഹര്‍ത്താല്‍ വിരുധര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകുന്നു... അവര്‍ക്ക് പ്രസംഗിച്ചാല്‍ പോരെ. യാഥാര്‍ത്ഥ്യം ആരറിവൂ ...

" നാളെ വെള്ളി . ഏതായാലും ശനിയാഴ്ചയ്ക്കു ഒരു ലീവ് പറഞ്ഞേക്കാം ... കുറെ കാലമായി കൂട്ടുകാരുമായി ഒന്നു കൂടിയിട്ട് .ശനിയാഴ്ച ഭാര്യയേയും കുട്ടികളെയും കൊണ്ടു ഒരു സിനിമ കാണല്‍ ... ". അയാള്‍ മനസ്സില്‍ കണക്കു കൂട്ടി ... അല്ലെന്കിലും പദ്ധതികള്‍ക്കണോ പഞ്ഞം ... എന്തുകൊണ്ട് ഒരു ഹര്‍ത്താല്‍ വാരം തന്നെ സംഘടിപ്പിച്ചു കൂടാ എന്നൊക്കെ അയാള്‍ ആലോചിയ്ക്കാറുണ്ട് ...

" അപ്പളേ .. ജയിംസേ .. താന്‍ അറിഞ്ഞില്ലേ നാളത്തെ ഹര്‍ത്താലിന്റെ കാര്യം ... നമുക്കൊന്ന് കൂടാം മനോജിന്‍റെ വീട്ടില്‍ ... അയ്യാളുടെ ഭാര്യ നാട്ടിലായതിനാല്‍ പിന്നെ പ്രശ്നങ്ങളില്ല ... താന്‍ അവിടെ വന്നാല്‍ മതി . ഞാന്‍ വേണുവിനേം കൂട്ടി അവിടെ വരാം ... അപ്പോള്‍ എല്ലാം പറഞ്ഞ പോലെ . നാളെ കൃത്യം പത്തു മണിയ്ക്ക് ".

ഫോണ്‍ താഴെ വയ്ക്കുമ്പോള്‍ അക്കൌന്ടന്റ്റ് മത്തായി വിളിച്ചുപറഞ്ഞു ... " അപ്പളേ മുകുന്ദന്‍ സാറേ ... ന്നാല്‍ ഞാനും കൂടാം നാളെ " ...ചിരിച്ചു കൊണ്ടു ശരി എന്ന് പറയുമ്പോള്‍ അയാള്‍ മനസ്സില്‍ പറഞ്ഞു ... " ഓസിനു കിട്ടുന്ന ഒരു ചാന്‍സും കളയരുതേ ... "

അല്ലെങ്കിലും ഈ വിധ കാര്യങ്ങളില്‍ എല്ലാവരും കിറു കൃത്യമാണ് ... ഓഫീസില്‍ അല്പം നേരെത്തെ എത്താന്‍ പറഞ്ഞാല്‍ അല്പം കൂടി വൈകി വരുന്നവര് കൂടെ ഈ വിധ സന്ദര്‍ഭങ്ങളില്‍ വളരെ നേരത്തെ എത്തുന്നത്‌ കാണാം ... അയാള്‍ ഓര്‍ത്തു ...

ഓഫീസ് വിട്ടു ബസ്സ് സ്റൊപിലെയ്ക്ക് നടക്കുമ്പോള്‍ കണ്ടു ബീവരജ് ഷോപ്പിനു മുന്നിലെ തിരക്ക് ... വരി വളഞ്ഞു മൂന്നു ചുറ്റായി കഴിഞ്ഞിരുന്നു ... എല്ല്ലാവരും നാളേക്കുള്ള തയ്യാറെടുപ്പാണ് ...പച്ചക്കറി കടകളിലും , പല വ്യഞ്ജന കടകളിലും പതിവില്ലാത്ത തിരക്കുണ്ടായിരുന്നു ...

ബസ്സില്‍ പതിവിലും തിരക്കുണ്ടായിരുന്നു ... ഒരു വിധം തിക്കിത്തിരക്കി ഉള്ളില്‍ കയറിപ്പറ്റി ..." എന്‍റെ മാഷേ നിങ്ങളൊന്നു ക്ഷമിക്ക് ... രണ്ടു മിനിട്ട് വൈകിയാല്‍ എന്താ മാനം ഇടിഞ്ഞു വീഴുമോ ... പത്താളെ എക്സ്ട്രാ കിട്ടിയാല്‍ ഞങ്ങടെ കാര്യം രക്ഷപ്പെട്ടു ... നാളത്തെ ഒരു ഫുള്‍ ഡേ ഓട്ടം പോക്കാ ... " . സമയമായിട്ടും വണ്ടി വിടാത്തതില്‍ കയര്‍ത്ത ഒരു യാത്രക്കാരനോട് കണ്ടക്ടര്‍ ചൂടാകുന്നതാണ് ... അയാള്‍ അമര്‍ത്തി ചിരിച്ചു ...

" എന്താ സുക്വോ ... ഇപ്രാവശ്യം വലിയ കല്ലുകള്‍ ഒന്നും കിട്ട്യേല്ലേ ... " ... പലചരക്ക് കടക്കാരന്‍ ദേവസ്യേട്ടന്റെ ചോദ്യം കെട്ട് ... സുകു ചിരിച്ചു ... "എന്ത് പറയാനാ ദേവസ്യെട്ടാ .. വന്നു വന്നു രാഷ്ട്രീയക്കാര്‍ക്കും ജീവിക്കാന്‍ വയ്യാതായി ... ഒരു കല്ല്‌ ചോദിച്ചാല്‍ എന്താ ഒരു ഗമ എല്ലാര്‍ക്കും ... അപ്പോള്‍ പിന്നെ കഴിഞ്ഞ ഹര്‍ത്താലിന്റെ ബാക്കി കുറച്ചു പൊടിക്കല്ലുകളും മരമുട്ടികളും വച്ചു അഡ്ജസ്റ്റ് ചെയ്യാം എന്ന് വച്ചു ..." ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗം ആണ് സുകു ...

വീട്ടില്‍ എത്തുമ്പോഴേയ്ക്കും ഇരുട്ടിയിരുന്നു . അയാളുടെ ഏഴാം ക്ലാസുകാരന്‍ മകന്‍ പിറ്റേന്ന് ക്രികറ്റ് കളിയ്ക്കാനുള്ള സ്ടംബുകള്‍ ചെത്തിമിനുക്കുകയായിരുന്നു ... എല്ലാവരും വെല്‍ പ്ലാന്‍ഡ് ആണ് ... അയാള്‍ ചിരിച്ചു ...

" മാര്‍ക്കറ്റ് വഴി വന്നപ്പോള്‍ നല്ല കരിമീന്‍ കണ്ടു ... കാശ് ഇത്തിരി കൂടുതലാനെന്കിലും ഒരു കിലോ വാങ്ങി ... ഏതായാലും നാളെ മുടക്കല്ലേ ... കറി വെയ്ക്കാം " ഷര്‍ട്ടും പാന്റും അയയില്‍ തൂക്കുമ്പോള്‍ ഭാര്യ പറയുന്നതു കേട്ടു "... അതെന്തായാലും നന്നായി ... അയാള്‍ പറഞ്ഞു ...

" സത്യം പറഞ്ഞാല്‍ ഹര്‍ത്താല്‍ ഒരു തരത്തില്‍ നല്ലതാണ് ... കുട്ടികള്‍ക്ക് സ്കൂളില്‍ പോകേണ്ടെന്നുള്ള സന്തോഷം , ജോലിക്കാര്‍ക്ക് ഒരവധി കിട്ടിയതിന്റെ സന്തോഷം , കച്ചവടക്കാര്‍ക്ക് ഇരട്ടി കച്ചവടം ( കാര്യം ഒരു ദിവസത്തെ കച്ചവടം പോകുമെന്കിലും ) , ബസ്സുകാര്‍ എക്സ്ട്രാ ഓട്ടം നടത്തി അടുത്ത ദിവസത്തെ നഷ്ടം നികത്തുന്നു ... അവര്ക്കും ഒരു ദിവസം വിശ്രമം .. പിന്നെ ആര്‍ക്കാണ് ഇവിടെ നഷ്ടം ... ?... മറ്റു കച്ചവട സംരംഭങ്ങളൊന്നും ഇല്ലാത്ത ഇന്നാട്ടില്‍ ആര്‍ക്കു നഷ്ടം ... " അയാള്‍ ചിരിച്ചു ...


വാര്‍ത്തകളില്‍ പ്രത്യേകിച്ച് വിശേഷങ്ങളൊന്നും ഉണ്ടായിരുന്നില്ല ... ആഗോള സാമ്പത്തിക മാന്ദ്യവും , ആണു കരാറും , നാണയ പെരുപ്പവും എല്ലാം സ്ഥിരം പല്ലവികള്‍ . പക്ഷെ ഒടുവില്‍ കിട്ടിയ അറിയിപ്പ് കേട്ടു അയാള്‍ മാത്രമല്ല , എല്ലാവരും ഒന്നു നടുങ്ങി ... അതിപ്രകാരമായിരുന്നു ...

"പ്രസിഡന്റിന്റെ കേരള സന്ദര്‍ശനം കണക്കിലെടുത്ത് കൊണ്ടു നാളെ നടത്താന്‍ ഉദ്ദേശിച്ച ഹര്‍ത്താല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുന്നു ... "

" അല്ലെങ്കിലും ഇവന്മാരെ വിശ്വസിച്ച നമ്മളെ വേണം തല്ലാന്‍ ... ഇലയിട്ടു അവസാനം ചോറില്ലെന്നു പറഞ്ഞാല്‍ . ഫോണിന്റെ അങ്ങേ തലക്കല്‍ ജയിംസ് ... ദേഷ്യം കൊണ്ടു അലറുകയായിരുന്നു ... ".

നാളെ കാണാമെന്നു പറഞ്ഞു ഫോണ്‍ താഴെ വച്ചു വീടിനു പുറത്തിറങ്ങിയപ്പോള്‍ മുറ്റത്ത്‌ കിടക്കുന്ന ക്രികറ്റ് സ്ടംബുകളെ നോക്കി വിഷണ്ണനായി ഇരിക്കുന്നുണ്ടായിരുന്നു .. ഒരു കൊച്ചു ഹര്‍ത്താല്‍ ആരാധകന്‍ ...

Monday, November 3, 2008

പന്ത്രണ്ടാം താള്‍ .. " കാത്തിരുപ്പ് ..."

" അല്ലാ ... ഗോപി മാഷ്‌ ഇന്നു നേരത്തെ ആണല്ലോ . ഇന്നെന്താ വിശേഷിച്ചു ... ?" ." ആ ... ഇന്നാ അയ്മ്മദെ പെങ്ങളും കുട്ട്യോളും ബോംബെന്ന് വരണത് ... കൂട്ടിക്കൊണ്ടു വരാന്‍ തൃശൂര് വരെ പൂവ്വാണ് ..." ചായക്കടക്കാരന്‍ അയമ്മദിന്റെ സ്ഥിരം കുശലപ്രശ്നം ആണ് . ഒന്നുകില്‍ എന്താ നേരത്തെ എന്ന് ചോദിയ്ക്കും അല്ലെങ്കില്‍ എന്താ വൈകിയതെന്ന് ... ആര്‍ക്കും ചേതമില്ലാത്ത ചോദ്യമല്ലേ ... മാഷും ആസ്വദിയ്ക്കാറുണ്ട് ആ ചോദ്യം ...മറുപടി പറഞ്ഞു തിരിഞ്ഞതും തൃശൂര്‍ ബസ്സ് വന്നു നിന്നതും ഒരുമിച്ചായിരുന്നു ...

സ്‌റ്റേഷനില്‍ പതിവിലധികം തിരക്കുണ്ടായിരുന്നു ... വണ്ടി വരാന്‍ ഇനിയും രണ്ടു മണിക്കൂറുണ്ട്‌ . പ്ലാട്ഫോരം ടിക്കറ്റും അത് വരെ സമയം കളയാന്‍ ഒരു വാരികയും വാങ്ങി മാഷ്‌ പ്ലട്ട്ഫോര്‍മിന്റെ ഒരൊഴിഞ്ഞ കോണില്‍ ഒരു ബെന്ചിലിരുന്നു ...

അനിയത്തിയുടെ ഭര്‍ത്താവിനു ബോംബെയില്‍ കച്ചവടം ആണ് . തിരക്കുള്ള സമയം ആയതിനാല്‍ അദ്ദേഹത്തിന് വരാന്‍ പറ്റില്ല . അതിനാലാണ് പെങ്ങളും കുട്ട്യോളും ഒറ്റയ്ക്ക് വരുന്നതു . തൃശൂര് വരെ ഒറ്റയ്ക്ക് വന്നതല്ലേ ഇനി വീട് വരെ വരാനും അവര്‍ക്കറിയാം , എന്തിനാ അവിടെപ്പോയി കാത്തു കേട്ടിക്കെടക്കുന്നതെന്ന് ഭാര്യ ചോദിയ്ക്കും ... പക്ഷെ മാഷ്‌ മറുപടി പറയും ... തൃശൂര് ഞാന്‍ കാത്തു നില്‍ക്കുന്നുണ്ടാകും എന്നുള്ളതാണ് അവളുടെ ധൈര്യം ... കാര്യം അഞ്ചു പത്തു വര്‍ഷം ബോംബെല് കഴിഞാതാണ് , രണ്ടു കുട്ടികളുടെ അമ്മയാണ് എന്നൊക്കെ പറഞ്ഞാലും മാഷ്ക്ക് അവള്‍ എന്നും കുഞ്ഞനുജത്തി തന്നെയാണ് . ഇതൊക്കെ ഭാര്യയ്ക്കുണ്ടോ പറഞ്ഞാല്‍ മനസ്സിലാകുന്നു ...

"മണി ഇപ്പൊ എത്രയായീ ". ഒരു വൃദ്ധനാണ് ... കാഴ്ചയില്‍ ഒരു എഴുപത്തിയഞ്ച് വയസ്സോളം പ്രായം തോന്നിയ്ക്കും ... വെള്ള മുണ്ടും ഷര്‍ട്ടും വേഷം ... " മണി പതിനൊന്നര ... ആകുന്നു " മാഷ്‌ മറുപടി പറഞ്ഞു ..." മകന്‍റെ മകന്‍ വരുന്നുണ്ട് ഇന്നു ... ഡല്‍ഹിയില്‍ നിന്നു ... അയാളേം കാത്തു നിക്കുകയാണ് .വണ്ടി ലേറ്റ് ആണ് എന്ന് കേട്ടു . എന്തായാലും അത് വരെ സംസാരിചിരിയ്ക്കാന്‍ ഒരാളെ കിട്ടിയല്ലോ ". വൃദ്ധന്‍ ബെന്ചില്‍ ഇരിയ്ക്കാന്‍ നേരത്ത് പറഞ്ഞു . " . " ഞാന്‍ വന്നത് മുഷിവായോ " , വൃദ്ധന്‍ കൂട്ടത്തില്‍ ചോദിച്ചു ... " ഓ .. ഇല്ല ... സന്തോഷമേ ഉള്ളൂ "... " ഞാന്‍ ഗോപി ... ഇവിടെ അടുത്ത് സ്കൂളില്‍ മാഷാണ് ... പെങ്ങളും കുട്ടികളും വരുന്നുണ്ട് ... ബോംബെന്ന് ... അവരേം കാത്തു നില്‍ക്കുകയാണ്‌ "... മാഷ്‌ സ്വയം പരിചയപ്പെടുത്തി ...

" ഞാന്‍ അവനോടു പറഞ്ഞതാണ് . ഇനി ഇവിടെ വന്നു താമസിയ്ക്കാന്‍ ... പത്തിരുപത്തഞ്ചു വര്‍ഷമായില്ലേ അവിടെ . ഇനി നാട്ടില്‍ വന്നു താമസിചൂടെ എന്ന് . എന്ത് പറഞ്ഞാലും അവന്‍ പറയും .. കൊട്ട്യോള്ടെ പഠിപ്പ് ബുദ്ധിമുട്ടാവില്ലേ അച്ഛാ എന്ന് . എന്നും അവന് ഓരോരോ കാരണങ്ങളാണ് . കുട്ട്യോളുടെ പഠിപ്പും , അവന്റെയും അവന്റെ ഭാര്യയുടെ ജോലിയും .. അങ്ങനെ ഒരായിരം കാരണങ്ങള്‍ .... അവസാനം നീ വന്നില്ലെന്കിലും മോനെയെന്കിലും ഒന്നു അയയ്ക്കാന്‍ പറഞ്ഞു ... അവസാനം അതവന്‍ കേട്ടു ... " അത് പറഞ്ഞു തീര്‍ക്കുമ്പോള്‍ ആ കണ്ണുകളെ തിളക്കം മാഷ്‌ ശ്രദ്ധിച്ചു ... " എല്ലാ വീടുകളിലും ഇതൊക്കെ തന്നയാണ് അവസ്ഥ ... ഒരു വയസ്സായ അച്ഛനും അമ്മയും വീട്ടില്‍ .. മക്കള്‍ എല്ലാവരും പുറം നാടുകളില്‍ . അല്ലാ ... അവരെയും കുറ്റം പറയാന്‍ പറ്റില്ല ... ഇവിടെ ജോലിയെന്തെന്കിലും കിട്ട്യാലല്ലേ ഇവിടെ നില്‍ക്കാന്‍ പറ്റുള്ളൂ ... " മാഷ്‌ അത് പറഞ്ഞപ്പോള്‍ വൃദ്ധന്‍ അത് ശരിയാണെന്ന രീതിയില്‍ തലയാട്ടുന്നുണ്ടായിരുന്നു . "എന്തായാലും സന്തോഷമായല്ലോ ... ഇപ്പോള്‍ പേരക്കുട്ടി വരുന്നുണ്ടല്ലോ ... " ... മാഷ്‌ അത് പറഞ്ഞപ്പോള്‍ വൃദ്ധന്‍ ചിരിച്ചു ...

വണ്ടി വരാന്‍ ഇനിയും അര മണിക്കൂറുണ്ട്‌ . ഒരു ചായ കുടിച്ചു കളയാം എന്ന് കരുതി മാഷ്‌ എഴുന്നേറ്റു . ചായ കുടിച്ചു വൃദ്ധനായി ഒരു ചായയും വാങ്ങി മാഷ്‌ തിരിച്ചു ബെന്ചില്‍ വന്നിരുന്നു . വൃദ്ധനിരുന്ന സ്ഥലം ശൂന്യം ... മാഷ്‌ ചുറ്റും നോക്കി . ഇല്ല അയാള്‍ ചുറ്റും എവിടെയും ഇല്ല ... " മാഷ്‌ ആരെയാ തിരയുന്നത് ? ". പുറകു വശത്തുള്ള ചായക്കടക്കാരന്‍ ചോദിച്ചു . "ഇവിടെ ... ഇവിടെ ഇരുന്നിരുന്ന ഒരു വൃദ്ധനെ .... ". " ഓ ... നല്ല കാര്യായീ ... മാഷ്ക്ക് വല്ല ഭ്രാന്തും ഉണ്ടോ ... അങ്ങേര്‍ക്കു നോസ്സാണ് ... എല്ലാ വെള്ളിയാഴ്ചയും ഇവിടെ വരും ... ചോദിച്ചാല്‍ പറയും മകന്‍റെ മകന്‍ വരുന്നൂ എന്ന് ... ആദ്യം ഞങ്ങളും വിശ്വസിച്ചു ... പിന്നീടാ കാര്യം പിടി കിട്ടീത് ... അങ്ങേരുടെ മകനും , കുടുംബവും കഴിഞ്ഞ ഡിസംബറില്‍ നാട്ടിലേക്ക് വരുന്നേരം ഡെല്‍ഹീല് വച്ചു വാഹനാപകടത്തില്‍ മരിച്ചു ... ആ ഷോക്കില്‍ നിന്നു മോചിതനായിട്ടില്ല ഇദ്ദേഹം ഇനിയും . ഇപ്പൊ എല്ലാവര്ക്കും ഇതറിയാം ... എങ്കിലും ഞങ്ങളും അഭിനയിയ്ക്കും . വണ്ടി ലേറ്റ് ആണ് ... വണ്ടി ക്യാന്‍സല്‍ ചെയ്തു എന്നൊക്കെ പറഞ്ഞു "...
ചായക്കടക്കാരന്‍ ഇതു പറഞ്ഞു നിര്‍ത്തിയതും ബോംബെയില്‍ നിന്നുള്ള നേത്രാവതി എക്സ്പ്രസ്സ് വന്നു നിന്നതും ഒരുമിച്ചായിരുന്നു ...

Saturday, November 1, 2008

പതിനൊന്നാം താള്‍ ... " ഒരു ട്രെയിന്‍ യാത്രയുടെ ഓര്‍മയ്ക്ക് ..."

അടുത്ത പ്രൊജെക്ടിനു വേണ്ടിയുള്ള കാത്തിരുപ്പ് ശ്രീ ഹരിയില്‍ വല്ലാത്ത ഒരു മടുപ്പുളവാക്കി തുടങ്ങിയിരിയ്ക്കുന്നു ... ഇനി എത്ര ദിവസം ഈ ഇരുപ്പ് ഇരിക്കേണ്ടി വരും എന്ന് ദൈവത്തിനു മാത്രം അറിയാം . തന്‍റെ ഇഷ്ടപ്പെട്ട ബ്ലോഗര്‍മാരുടെ ഒട്ടു മിക്ക പുതിയ പോസ്റ്റുകളെല്ലാം അയാള്‍ ഇതിനകം പലാവര്‍ത്തി വായിച്ചു കഴിഞ്ഞിരുന്നു . എഴുതാനാണെങ്കില്‍ ഒന്നും പുതുതായി തോന്നുന്നുമില്ല . അലസമായി പഴയ മെയിലുകളില്‍ക്കൂടി കണ്ണോടിക്കുമ്പോള്‍ ആണ് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്പുള്ള ആ മെയിലില്‍ അയ്യാളുടെ കണ്ണുകള്‍ ഉടക്കിയത് . "സസ്നേഹം അശ്വതി .." എന്ന പേരിലുള്ള ആ മെയിലിനു അയാള്‍ ഒരു ഫ്ലാഗ് സെറ്റ് ചെയ്തിരിയ്ക്കുന്നു ... പെട്ടെന്ന് തിരിച്ചറിയാന്‍ ...

ചെന്നൈ മെയിലിന്‍റെ എസ് വണ്‍ കോച്ച് പതിവിലും വിരുദ്ധമായി വളരെ അകലെയാണ് ഇപ്രാവശ്യം നിര്‍ത്തിയത് . റെയില്‍വേ മന്ത്രി മുതല്‍ അങ്ങ് അറ്റത്തുള്ള തൂപ്പുകാരനെ വരെ മനസ്സില്‍ ചീത്ത വിളിച്ചു കൊണ്ടു അയാള്‍ എസ് വണ്‍ കൊച്ചിന് അടുത്തേക്ക് അയാള്‍ ഓടി . യാത്രയാക്കാന്‍ കൂടെ ആരും ഇല്ലാത്തതിനാല്‍ ആരോടും യാത്ര പറയേണ്ടല്ലോ . അതയാള്‍ മനപ്പൂര്‍വം ഒഴിവാക്കുന്നതാണ് .അയാളെ സംബന്ധിച്ച് എടുത്തോളാം ഒരു വല്ലാത്ത വേദനയാണ് അത് . പണ്ടു കുട്ടിക്കാലത്ത് ഗള്‍ഫിലുള്ള അമ്മാവന്‍ ലീവില്‍ വന്ന് തിരിച്ചു പോകുമ്പോള്‍ അദ്ദേഹം വിതുമ്പുന്നത് കണ്ടു ശ്രീ ഹരി ആലോചിക്കാറുണ്ട് . ഇത്രയും നല്ല സ്ഥലത്തേയ്ക്ക് പോകുന്ന അമ്മാവനെന്തിനാ ഇങ്ങനെ കരയുന്നതെന്ന് . അത്ര തന്നെ ദൂരത്തല്ല എങ്കിലും ഇന്നയാള്‍ അതിന്‍റെ കാരണം മനസ്സിലാക്കുന്നു ...


കമ്പാര്ട്മെന്ട് പതിവില്‍ അധികം നിറഞ്ഞിരുന്നു . തിക്കിത്തിരക്കി ഒരു വിധം അയാള്‍ തന്‍റെ സീറ്റ് കണ്ടു പിടിച്ചു . പക്ഷെ അതിലൊരു മധ്യ വയസ്കയായ ഒരു സ്ത്രീ ഇരുന്നിരുന്നു . ഇതു സാധാരണ പതിവുള്ളതാണ് . തിരക്കുള്ള സമയമായതിനാല്‍ ആരെങ്കിലുമൊക്കെ കാണും സീറ്റില്‍ , പറഞ്ഞാല്‍ ഒരു ചെറു ക്ഷമാപണത്തോടെ അവര്‍ സീറ്റ് ഒഴിഞ്ഞു തരികയോ അതല്ലെന്കില്‍ ഒതുങ്ങിയിരിക്കുകയോ ചെയ്യും . " ഇതെന്‍റെ സീറ്റ് ആണ് ... ബുധിമുട്ടില്ലെന്കില്‍ ഒരല്പം നീങ്ങിയിരിയ്ക്കാമോ ".അയാള്‍ ആ സ്ത്രീയോടു ചോദിച്ചു. പെട്ടന്നായിരുന്നു മറു വശത്തിരുന്ന മധ്യ വയസ്കന്‍ അയാള്‍ക്ക്‌ നേരെ ചീറി അടുത്തത് . "എടൊ .. ഞങ്ങള്‍ ഈ സീറ്റ് വിഴുങ്ങുകയൊന്നും ഇല്ല . ഒന്നുമില്ലെന്കിലുമ്മ് വയസ്സായ സ്ത്രീ അല്ലെ അവര്‍ ?. തനിയ്ക്കൊന്നും മനസ്സാക്ഷിയില്ലേ ?... " . ഇതില്‍പ്പരം വിനീതനാകുന്നതെങ്ങിനെ ?. ഇല്ല തന്‍റെ ഭാഗത്ത് തെറ്റൊന്നും ഇല്ല . സീറ്റില്‍ ഇരിയ്ക്കുന്ന സ്ത്രീ ദയനീയമായി അയാളെ നോക്കി . ശ്രീ ഹരിയ്ക്ക് കാര്യം പിടി കിട്ടി . സ്ത്രീ മധ്യ വയസ്കന്റെ ഭാര്യയാണ് . താന്‍ കയറി ചൂടാകുനതിനു മുന്പ് അയാള്‍ നടത്തിയ ഒരു "നയത്തിലുള്ള ഒരു ആക്രമണം " ആണ് ഇപ്പോള്‍ കണ്ട കയര്‍ക്കല്‍ ...

"ഏട്ടന്‍ ഇങ്ങോട്ടിരുന്നോളൂ ... ഇതാ ഇവിടെ സ്ഥലമുണ്ട് ". നോക്കിയപ്പോള്‍ സൈഡ് സീറ്റില്‍ ഉള്ള ഒരു പയ്യനാണ് .അവന്‍ തിങ്ങി ഞെരുങ്ങി സ്ഥലമുണ്ടാക്കി ശ്രീ ഹരിയെ അങ്ങോട്ട് ക്ഷണിച്ചു . മധ്യ വയസ്കന്‍ കണ്ട ഭാവമില്ല . അയാള്‍ പുറത്തേക്ക് നോക്കിയിരുപ്പാണ് . " ഒരൊറ്റ രാത്രിയുടെ കാര്യമല്ലേ ... മാത്രമല്ല ആ സ്ത്രീ ആണെന്കില്‍ അമ്മയുടെ പ്രായവും ഉണ്ട് . പോട്ടെ സാരമില്ല . എത്ര നൈറ്റ് ഷിഫ്റ്റുകള്‍ ചെയ്തിരിയ്ക്കുന്നു . ഇതൊക്കെ ഒരു വലിയ പ്രശ്നമാണോ ... ?... " .അയാള്‍ ചിന്തിച്ചു . മാത്രമല്ല ... " എന്ഗര്‍ മാനേജ്മെന്റ്" എന്ന ഒരു സിനിമ കണ്ടു എങ്ങിനെ പ്രക്ഷുബ്ധമായ അവസരങ്ങളെ നേരിടാം എന്ന് മനസ്സിലാക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു അയാള്‍ .

ബാഗ് മുകളില്‍ വച്ചു , സൈഡ് സീറ്റില്‍ ഉള്ള സീറ്റില്‍ ഇരിപ്പ് ഉറപ്പിയ്ക്കുമ്പോള്‍ എല്ലാവരും ദയനീയമായി അയാളെ നോക്കുന്നുണ്ടായിരുന്നു . പതുക്കെ എല്ലാ കണ്ണുകളും പിന്‍ വലിഞ്ഞു തുടങ്ങിയതോടെ ശ്രീ ഹരി ഒരു ചെറു മന്ദഹാസത്തോടെ ആ പയ്യന് നന്ദി പറഞ്ഞു കൊണ്ടു സ്വയം പരിചയപ്പെടുത്തി . ചെന്നയില്‍ വിഷ്വല്‍ കമ്മ്യൂനിക്കേഷന്‍ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥി എന്നവനും പരിചയപ്പെടുത്തി . " ഏട്ടന്‍ അമര്ന്നിരുന്നോളൂ ... എനിയ്ക്ക് ബുദ്ധിമുട്ടില്ല ... " . അവനെ ബുധിമുട്ടിയ്കാതിരിയ്ക്കാന്‍ വേണ്ടി പരിശ്രമിയ്ക്കുകയായിരുന്നു ശ്രീ ഹരി ...

ഓണം വെക്കേഷന്‍ കഴിഞ്ഞു മടങ്ങുന്ന കുട്ടികളും , കുടുംബങ്ങളും ആയിരുന്നു വണ്ടി മുഴുവനും ... പെട്ടന്നാണ് ഒരു ബാഗും മാറോടു അടക്കിപ്പിടിച്ചിരുന്ന ഒരു പെണ്‍ കുട്ടിയെ അയാള്‍ കണ്ടത് . ഈ ബഹളങ്ങളൊന്നും അവള്‍ അറിഞ്ഞിട്ടില്ലെന്ന പോലെയാണ് അവളുടെ ഇരിപ്പ് . പുറത്തേയ്ക്ക് കണ്ണും നട്ടുകൊണ്ട് . ഏതായാലും നന്നായി ... ആ വയസ്സനോട്‌ കയര്‍ക്കാതിരുന്നത് ... അയാള്‍ ചിന്തിച്ചു .

ഭക്ഷണപ്പൊതി അഴിയ്ക്കാന്‍ തുങ്ങിയപ്പോള്‍ അയാള്‍ ഒരു ഒവ്പചാരികതയ്ക്കുവേണ്ടി ആ പെണ്‍കുട്ടിയോട് ചോദിച്ചു ." കഴിയ്ക്കുന്നില്ലേ ... ?". " ഇല്ല ഞാന്‍ കഴിച്ചു " . ചിരിച്ചു കൊണ്ടുള്ള അവളുടെ മറുപടി പെട്ടെന്നായിരുന്നു . ശ്രീ ഹരി സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ആ പെണ്‍കുട്ടിയും സ്വയം പരിചയപ്പെടുത്തി . പേര്‌ അശ്വതി .. ചെന്നയില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു . നാട് തൃശ്ശൂര് ... കഴിയ്ക്കുന്നതിനിടയില്‍ അവര്‍ ഒരുപാടു സംസാരിച്ചു . അപ്പോഴത്തെ അയ് . ടി മാന്ദ്യവും , ശമ്പള വര്‍ധനയും എങ്ങിനെ ഒരു പാടു കാര്യങ്ങള്‍ ...

" വിസിറ്റിങ്ങ് കാര്‍ഡ് ഉണ്ടെങ്കില്‍ തരൂ ... ഞാന്‍ എപ്പോഴെങ്ങിലും വിളിക്കാം ". ഇറങ്ങാന്‍ നേരത്ത് ശ്രീ ഹരി ഇതു പറഞ്ഞപ്പോള്‍ അവള്‍ മന്ദഹസിച്ചു കൊണ്ടു പറഞ്ഞു ." വിസിറ്റിംഗ് കാര്‍ഡില്ല . എന്‍റെ സെല്‍ നമ്പര്‍ തരാം ". ഒരു മിസ്സ്ഡ് കോളില്‍ കൂടെ തന്‍റെ നമ്പര്‍ അവള്‍ക്കും കൊടുത്തിട്ട് അയാള്‍ നടന്നു ...

ചെന്നയില്‍ കാല് കുത്തിയാല്‍ പിന്നെ തിരക്കാണ് . രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഉള്ള വര്‍ക്ക് . പ്രോജക്ടിന്റെ ഒരു ക്രിട്ടിക്കല്‍ റിസോര്‍സ് ആണ് ശ്രീ ഹരി . പലപ്പോഴും ഊണും ഉറക്കവും എല്ലാം ഓഫീസില്‍ തന്നെ . അങ്ങനെയിരിക്കെയാണ് ഒരിയ്ക്കല്‍ ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഒരു മിസ്ഡ് കോള്‍ കണ്ടത് . "അശ്വതി ... ട്രെയിന്‍ " എന്ന പേരില്‍ സ്റ്റോര്‍ ചെയ്ത നമ്പറില്‍ നിന്ന് . തിരിച്ചു വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞു ... "ഞാന്‍ കരുതി മറന്നിട്ടുണ്ടാകും എന്ന് ... എന്തായാലും തിരിച്ചറിഞ്ഞു തിരികെ വിളിച്ചല്ലോ ... സന്തോഷം ...".

അയാളെ സംബന്ധിച്ചെടുത്തോളം ആദ്യത്തെ അനുഭവമാണ് . ഒരു പെണ്‍ കുട്ടി അതും ട്രെയിനില്‍ വച്ചുള്ള മാത്രം പരിചയത്തില്‍ ഫോണ്‍ ചെയ്യുന്നു . പിന്നീടുള്ള പല സംസാരത്തില്‍ നിന്നും അയാള്‍ ഒരു കാര്യം തിരിച്ചറിഞ്ഞു . എവിടെയൊക്കെയോ അവരുടെ വേവ് ലെങ്ങ്തുകള്‍ മാച്ച് ചെയ്യുന്നു എന്ന് . ഒഴിവു സമയങ്ങളില്‍ , വാരാന്ത്യങ്ങളില്‍ അവര്‍ ഒരു പാടു സംസാരിച്ചു , ഫോണിലൂടെ .

അപ്പോള്‍ " അടുത്ത ഞായറാഴ്ച ... പബ്ലിക് ലൈബ്രറിയ്ക്കു മുനിപില്‍ വച്ചു .. കൃത്യം പത്തെ കാലിനു ... ഞാന്‍ അവിടെ കാത്തു നില്‍ക്കാം ". അവള്‍ പറഞ്ഞു തീരുമ്പോള്‍ അയാള്‍ പ്രാര്‍ത്ഥിച്ചു . "സൈറ്റില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകല്ലേ എന്ന് ". ഉണ്ടായാല്‍ കഴിഞ്ഞു എല്ലാം ... പത്തര കഴിഞ്ഞപ്പോള്‍ അയാള്‍ ഓടുകയായിരുന്നു . അയാളവിടെ എത്തുമ്പോള്‍ സ്ഥാലം ശൂന്യം . " ഒരു പക്ഷെ ട്രാഫിക് ജാമില്‍ പെട്ട് പോയിട്ടുണ്ടാകും ". അയാള്‍ കരുതി . പതിനോന്നായിട്ടും കാണാതായപ്പോള്‍ ഒന്നു ഫോണ്‍ ചെയ്തു കളയാമെന്നു കരുതി അവളെ വിളിച്ചു . മൂന്നു വട്ടവും ഡയല്‍ ചെയ്തപ്പോള്‍ കിട്ടിയ ഉത്തരം . നമ്പര്‍ നിലവിലില്ലെന്ന് ... പതിനൊന്നര വരെ കാത്തു നിന്ന് അയാള്‍ ഒരിക്കല്‍ കൂടി ദില്‍ ചെയ്തു . ഇല്ല മാറ്റമില്ല . അതെ ഉത്തരം ...നമ്പര്‍ നിലവിലില്ല .

ഒരു പക്ഷെ എന്തെങ്കിലും തിരക്കില്‍ പെട്ട് പോയിട്ടുണ്ടാകും . അല്ലെങ്കില്‍ അവിചാരിതമായി നാട്ടിലെങ്ങാനും ... പിന്നീടുള്ള അയാളുടെ മെയിലുകള്‍ക്ക് ഒന്നും ഒരു മറുപടിയും ഉണ്ടായില്ല . എങ്കിലും വാരാന്ത്യങ്ങളില്‍ വെറുതെ അയാള്‍ ആ നമ്പരില്‍ ഡയല്‍ ചെയ്തു നോക്കും . എന്തെങ്കിലും മാറ്റം ഉണ്ടോ എന്നറിയാന്‍ .ഇല്ല ഒരു മാറ്റവും ഇല്ല ... പോട്ടെ ... എവിടെ നിന്നോ വന്ന് ... എങ്ങോട്ടോ പോയി ... അയാള്‍ സ്വയം ആശ്വസിച്ചു ... പക്ഷെ തിരക്കുകള്‍ക്കിടയിലും അയാള്‍ വെറുതെ ആഗ്രഹിയ്ക്കുമായിരുന്നു . വീണ്ടും അതെ നമ്പറില്‍ നിന്നും കോള്‍ വരുമെന്ന് ...

വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞിരിയ്ക്കുന്നു ... ആ മെയിലില്‍ ഡിലീറ്റ് ചെയ്തു മെയില്‍ ബോക്സ് ക്ലോസ് ചെയ്തു അയാള്‍ പുറത്തേയ്ക്ക് നോക്കിയിരുന്നു ... പെട്ടന്നയാള്‍ക്ക് തോന്നി . എന്ത് കൊണ്ടു ഈ സംഭവം തന്നെ തന്‍റെ ബ്ലോഗില്‍ എഴുതിക്കൂടാ ... ടൈപ് ചെയ്തു പബ്ലിഷ് ചെയ്യുമ്പോള്‍ അയാള്‍ ഓര്‍ത്തു .. വേണോ ഇതെന്ന് ... പേരുകള്‍ വ്യാജം എന്ന അടിക്കുറിപ്പോടെ അയാള്‍ അത് പബ്ലിഷ് ചെയ്തു ... " ചെന്നൈ മെയില്‍ ..." എന്ന പേരില്‍ ...

ആഴ്ചകള്‍ രണ്ടു കഴിഞ്ഞു ... വെറുതെ തന്‍റെ ബ്ലോഗുകളില്‍ വായനക്കാര്‍ എഴുതിയ കമന്റ് കളിലൂടെ പോകുമ്പോള്‍. ചെന്നൈ മെയില്‍ എന്ന പോസ്റ്റിനു താഴെ ഡല്‍ഹിയില്‍ നിന്നും നിന്നും ഒരു അശ്വതി നായരുടെ ഒരു കമന്റ് ... അതിപ്രകാരമായിരുന്നു ...

"ഒന്നും മനപ്പൂര്‍വമല്ലായിരുന്നു ... സാഹചര്യങ്ങള്‍ ... ക്ഷമിയ്ക്കുക ... എന്നെങ്കിലും കണ്ടു മുട്ടാം എന്ന പ്രതീക്ഷയോടെ ... നിര്‍ത്തുന്നു ...

നോട്ട് : - തികച്ചും സാങ്കല്പികമാണ് ഇതിലെ കഥാപാത്രങ്ങള്‍ ...