Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, August 8, 2010

ഇരുപത്തിയൊന്നാം താള്‍ ... കൊണാട്ട് ഹില്‍സ്‌ എന്ന കോണത്തു കുന്ന് ...

ചൈനാ വാറിനു ശേഷം , അറുപതുകളില്‍ ...

പട്ടാള ട്രെയിനിംഗ് കഴിഞ്ഞ് കുഞ്ഞിരാമനു ആദ്യം കിട്ടിയ പോസ്റ്റിങ്ങ്, ലഡാക്കില്‍ . "ലെഫ്റ്റനന്‍റ് കുഞ്ഞിരാമന്‍ റിപ്പോര്‍ട്ടിംഗ് സര്‍" എന്നും പറഞ്ഞു കൊണ്ട് നീട്ടി വലിച്ചു ഒരു സല്യൂട്ട് കൊടുത്തു, അധികാരിക്ക് കക്ഷി .

പൊടി മീശക്കാരന്‍ കുഞ്ഞിരാമനെ അടിമുടി നോക്കി മുഖത്ത് ഒരു കൃത്രിമ ചിരി വരുത്തി അധികാരി പതുക്കെ അടുത്ത് വന്ന് ഒരു ചോദ്യം .

" സൊ ... കുഞ്ഞിരാമന്‍ വിച്ച് പാര്‍ട്ട്‌ ഓഫ് കേരള യു ആര്‍ ഫ്രം ? " .

അതുപിന്നെ ... " ഐ ആം വെരി വെരി ഇരിഞ്ഞാലക്കുട സാര്‍" . ഇംഗ്ലീഷ് ഗ്രാമര്‍ പഠിപ്പിച്ച തെങ്ങോല വരിയന്‍ മാഷെ മനസ്സില്‍ വിചാരിച്ച് , " വില്ലിം ശേഷപ്പയ്യര്‍ക്ക് ( വില്ലിം ഷേക്ക്‌ സ്പീര്‍ ) മനസ്സില്‍ ഒരു തേങ്ങ അടിച്ചു നമ്മുടെ കക്ഷി ഒരു കീറു കീറി .

കുഞ്ഞിരാമന്റെ മറുപടി കേട്ടതും അങ്ങേ തലയ്ക്കു അധികാരിയുടെ കണ്ണുകളില്‍ ഒരു തിളക്കം ...

" ഓഹോ ... ഐ ആം ആള്‍സോ ഫ്രം ഇരിഞ്ഞാലക്കുട . എഗാസ്റ്റ്‌ "കൊണാട്ട് ഹില്‍സ്‌" ". അധികാരി മൊഴിഞ്ഞു .

ഓക്കേ സര്‍ ... "സൊ ഹാപ്പി ടു സീ യു സര്‍ " എന്ന് പറഞ്ഞു ഒന്ന് കൂടി ഭൂമി ദേവിയുടെ മാറില്‍ ഒരു ചവിട്ടു കൂടെ വച്ച് കൊടുത്തു തിരിഞ്ഞു നടക്കുമ്പോള്‍ കുഞ്ഞിരാമന് ഒരു സംശയം ... ഇരിഞ്ഞാലക്കുടയില്‍ ഞാനറിയാത്ത ഒരു കുന്നോ ? ... , " കൊണാട്ട് ഹില്‍സ്‌ " ... ആ ... എന്തോ ആര്‍ക്കറിയാം . എന്നാലും ... കുഞ്ഞിരാമന്‍ തല പുകച്ചു .

കാന്റീനില്‍ ചായ കുടിച്ചു തിരിച്ചു നടക്കുമ്പോള്‍ തൊട്ടു പുറകില്‍ അധികാരി ... പാവം ഭൂമി ദേവിക്ക് ഒരു ചവിട്ടു കൂടി വെച്ച് കൊടുക്കുന്നതിനു മുന്‍പ് അധികാരി തടഞ്ഞു കൊണ്ട് പറഞ്ഞു ... പോട്ടെടോ ഇപ്പോഴും തറ ചവിട്ടി പോളിക്കണ്ട . അതൊക്കെ ഓഫീസില്‍ മാത്രം മതി . ഇപ്പോള്‍ നമ്മള്‍ നാട്ടുകാര്‍ . കുറച്ചു നാട്ടുവര്‍ത്തമാനം പറഞ്ഞു ഇരിക്കാം .

അധികാരിയുടെ ക്ഷണം സ്വീകരിച്ചു ഒരു ചായ കൂടെ കഴിക്കാന്‍ തീരുമാനിച്ച് ഓര്‍ഡര്‍ കൊടുത്തു ഇരിക്കുമ്പോള്‍ മനസ്സില്‍ മുന്‍പ് തോന്നിയ സംശയം മടിച്ചു മടിച്ചു ചോദിച്ചു കുഞ്ഞിരാമന്‍ .

""സര്‍ ക്ഷമിക്കണം ... ഇരിഞ്ഞാലക്കുടയുടെ ഒരു വിധം എല്ലാ ഭാഗങ്ങളും എനിക്കറിയാം . പക്ഷെ " കൊണാട്ട് ഹില്‍സ്‌ " ... അത് എവിടെയാ "

മറുപടിയൊന്നും പറയാതെ ചായ മുഴുവന്‍ കുടിച്ചു അധികാരി പതുക്കെ എഴുന്നേറ്റു . എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു ... " നമ്മുടെ കോണത്തു കുന്നു തന്നെയാടോ അത് ... ഒരു 'ഇത്' ഇരിക്കട്ടെ എന്ന് കരുതി "


---- കടപ്പാട് ഞങ്ങളുടെ പ്രിയ ക്യാപ്ടന്‍ ഡോക്ടര്‍ക്ക് ...

Sunday, June 21, 2009

പതിനേഴാം താള്‍ ... കവിതാ മോഷണം ...

മോഷണം ഒരു കുറ്റമാണോ ? അതും സാഹിത്യത്തില്‍ ... ?. അങ്ങനെ നോക്കിയാല്‍ തികച്ചും വ്യത്യസ്തമായ ഒരു സൃഷ്ടി എന്ന് പറയാന്‍ എത്ര എണ്ണം ഉണ്ടാകും ?... മോഷ്ടിച്ചാലും ശരി മൂല കൃതിയുടെ സ്വത്വം നഷ്ടപ്പെടാതെ അതിനെ കൂടുതല്‍ ഭംഗിയാക്കി അവതരിപ്പിക്കാന്‍ സാധിച്ചാല്‍ അതിനെയല്ലേ സര്‍ഗാത്മകത എന്ന് വിളിക്കുന്നത്‌ ?....മലയാള സാഹിത്യത്തിലെ മഹാരഥന്മാര്‍ തന്നെ എത്ര വാദ പ്രദിവാദങ്ങള്‍ നടത്തിയിരിക്കുന്നു ഇതിനെപ്പറ്റി ... ഇങ്ങനെയുള്ള ചിന്തകളാണ് മോഹന കൃഷ്ണനെ വര്‍ഷങ്ങള്‍ക്കു മുന്‍പേ അങ്ങനെയൊരു പാതകത്തിന്‌ മുതിരാന്‍ പ്രേരിപ്പിച്ചത് ...

എഴുപതുകളുടെ അവസാനം ... അല്പം സാഹിത്യാസ്വാദനം ശീലമുള്ളവരെല്ലാം മാതൃഭൂമി, കലാകൌമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ സ്ഥിരമായി വീട്ടില്‍ 'വരുത്തുകയെങ്കിലും' ചെയ്യുന്ന കാലം . അല്പം സാഹിത്യാസ്വാദനം കൂടിയ ഇനത്തില്‍ പെട്ട ഒരാളായതിനാല്‍ മോഹനകൃഷ്ണന്റെ അച്ഛന്‍ മേല്‍പ്പറഞ്ഞ വാരികകളുടെ പഴയ ലക്കങ്ങള്‍ ബയന്ട് ചെയ്തു സൂക്ഷിക്കാറുണ്ട് എന്ന് പറഞ്ഞാല്‍ അതില്‍ അല്‍പം പോലും അതിശയോക്തിഇല്ലെന്നു ദയവു ചെയ്തു വിശ്വസിക്കണം ... വീട്ടിലെ കാര്യസ്ഥന്‍ രാമന്‍ നായര്‍ക്കെങ്കിലും അതുകൊണ്ട് പലപ്പോഴും പ്രയോജനം ഉണ്ടായിട്ടുണ്ട് ... ' ക്ഷമിക്കണം .. രാമന്‍ നായര്‍ അത് വായിച്ചു വള്ളത്തോള്‍ ഇടശ്ശേരി തുടങ്ങിയവര്‍ക്കോ , എം ടി ക്കോ , നാലാപ്പാട്ടിലെ സര്‍ഗ പ്രതിഭകള്‍ക്കോ ഒരു ഭീഷണിയായ ചരിത്രമില്ല ...' മറിച്ച് നാരായണന്‍ നായരുടെ ചായപ്പെടികയിലെ പറ്റു തീര്‍ക്കാനായി മാതൃഭൂമിയും കലാകൌമുദിയും ഭാഷാപോഷിണിയും പലവട്ടം അവതാരം എടുത്തിട്ടുണ്ട് . ...

മലയാള സാഹിത്യത്തിന്‍റെ ആധാരവും , നെടും തൂണും എല്ലാം കഥകള്‍ തന്നെയെന്ന്‌ പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന എഴുത്തുകാരോട് നിസ്സംശയം കൂറ് പുലര്‍ത്തുമ്പോള്‍ തന്നെ കവിതകളോട് വലാതൊരു മമതയും നമ്മുടെ കഥാ നായകനുണ്ടായിരുന്നു . പ്രത്യേകിച്ച് കവിതയാകണമെങ്കില്‍ വൃത്തവും പ്രാസവും വേണമെന്ന് നിര്‍ബന്ധമിലെന്നു ഘോരഘോരം വാദിക്കുന്ന ഒരു സാഹിത്യ വൃന്ദം അയാളുടെ മേല്‍പ്പറഞ്ഞ കൂറ് വളര്‍ത്താന്‍ ഇടയാക്കി .ഏത് ഗദ്യത്തെയും നിഷ്പ്രയാസം പദ്യമാക്കാന്‍ സാധിക്കും എന്നൊരു ധൈര്യവും മോഹന കൃഷ്ണന് ബലമേകി .

ആദ്യത്തെ കൃതി ഒരു കവിത തന്നെ ആകട്ടെ എന്ന് കരുതി എഴുത്ത് തുടങ്ങി . എഴുത്ത് കഴിഞ്ഞു നോക്കിയപ്പോള്‍
അതിനിനി സാഹിത്യ അക്കാദമിക്കാര്‍ നേരിട്ട് വന്നു തല്ലുമോ അതോ ആളെ വിട്ട്‌ തല്ലുമോ എന്നുള്ള സംശയം ഉടനടി ഉടലെടുത്തതിനാല്‍ ( അത്രക്കും ഗംഭീരമായിരുന്നു പ്രമേയവും അവതരണവും ) ആ കൃതിയെ അയാള്‍ ' 'നിഷ്കരുണം' കൊന്നു കളഞ്ഞു ...

എഴുതാനിരുന്നു രണ്ടാമതും ... പക്ഷെ ഇപ്പ്രാവശ്യം നെപ്പോളിയന്റെ ചിലന്തി പ്രചോദിതമായ കഥയോ ബൈബിളിലെ മുട്ടുവിന്‍ തുറക്കപ്പെടും എന്ന വാക്യമോ അയാള്‍ക്ക്‌ മനോധൈര്യം ഏകിയില്ല . എന്തായാലും ഒരു കവിത മാത്രുഭുമിക്ക് അയച്ചു കൊടുത്തേ അടങ്ങൂ എന്ന ശക്തമായ ഒരു ആഗ്രവും ഉയര്‍ന്നു നിന്നു .

ഇങ്ങനെയൊരു സാഹചര്യത്തിലാണ് മോഹന്‍ കൃഷ്ണന്‍ ആ മഹാപാതകത്തിനു മുതിര്‍ന്നത് ... പഴയ മാതൃഭൂമി ബയന്ട് കെട്ടുകള്‍ നിന്നു അറുപതുകളുടെ തുടക്കത്തിലെ ചില കെട്ടുകള്‍ അയാള്‍ പരത്താന്‍ തുടങ്ങി . അതില്‍ നിന്നും മോശമല്ലാത്ത ഒരു കവിതയെ 'മോഷ്ടിച്ച് ' അല്പസ്വല്പം ചില മാറ്റങ്ങള്‍ വരുത്തി . മോഷണം തറവാട്ടിലെ മറ്റു സാഹിത്യ കുതുകികള്‍ കണ്ടു പിടിക്കാതിരിക്കാന്‍ ആ പേജ് ചീന്തിക്കളയാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു . ഒരു കാരണവശാലും അത് തിരസ്കരിക്കപെടില്ലെന്നു ഉറപ്പുണ്ടായിരുന്നു എങ്കിലും ശരി മടക്കതപാലിനു ഒരു കവര്‍ കൂടെ വച്ച് അത് മാത്രുഭുമിക്കയച്ചു .

കാത്തിരുപ്പ് ...

അവസാനം ... ഒരു നാള്‍ , മോഹന കൃഷ്ണനെയും ഒരു കവി എന്ന പദത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു ആ കവിത പ്രസിദ്ധീകരിക്കപ്പെട്ടു മാതൃഭുമിയില്‍ ... അതൊരു ചില്ലരക്കര്യമാണോ ... അത് വരെ അവഗണിച്ചവരുടെ ബഹുമാനം അയാള്‍ ആഘോഷിച്ചു . പക്ഷെ ആ ആഘോഷത്തിനു തിരശ്ശീല ഇട്ടു കൊണ്ടാണ് അടുത്ത വാരത്തിലെ മാതൃഭുമി വന്നത് . അതിലെ വായനക്കാരുടെ കത്തുകള്‍ എന്ന പംക്തിയില്‍ ഒരു കത്ത് ചുവടെ കൊടുത്ത പ്രകാരത്തില്‍ ആയിരുന്നു ...

കഴിഞ്ഞ ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മോഹന കൃഷ്ണന്‍റെ ' നിറങ്ങള്‍ ' കവിത 1965 മാര്‍ച്ച് പത്തിന് പ്രസിദ്ധീകരിച്ച ലക്കത്തിലെ സേതുമാധവന്റെ 'ചായങ്ങള്‍' എന്ന കവിതയുടെ പകര്‍പ്പല്ലേ എന്നൊരു സംശയം , പത്രാധിപര്‍ ഇനിമേല്‍ ശ്രദ്ധിക്കുമല്ലോ ...

എല്ലാം അതോടെ അവസാനിച്ചു ... അച്ഛനെപ്പോലെ മാതൃഭൂമി പഴയ ലക്കങ്ങള്‍ സൂക്ഷിക്കുന്ന 'സാഹിത്യ കുതുകികള്‍ നിലനില്‍ക്കുന്ന ഈ ലോകത്തില്‍, സാഹിത്യ ലോകത്തില്‍ കാലെടുത്തു കുത്താന്‍ വെമ്പി നില്‍ക്കുന്ന തന്നെപോലുള്ളവര്‍ക്ക് അവസരമില്ല എന്നൊരു പ്രസ്താവനയും ഇറക്കി കവിയാകുക എന്നൊരു ഉദ്യമത്തില്‍ നിന്നും തല്‍ക്കാലം വിടുതല്‍ പറഞ്ഞു നമ്മുടെ കഥ നായകന്‍ .

Saturday, December 13, 2008

പതിനഞ്ചാം താള്‍ ... "പിങ്ക് സ്ലിപ് .... "

കാര്‍ത്തിക് പരമാവധി പറഞ്ഞു നോക്കി . തന്നെ അയക്കരുതെന്ന്‌ . പക്ഷെ കമ്പനിക്കും ക്ലൈന്റിനും ഒരേ നിര്‍ബന്ധം , കാര്‍ത്തിക് തന്നെ വേണമെന്നു ... ഐ . ടി ഭാഷയില്‍ പറഞ്ഞാല്‍ അയാള്‍ ടീമിലെ ഒരു ക്രിടിക്കല്‍ റിസോര്‍സ് ആണ് . ഒരു മാനേജറില്‍ ഉപരി സുഹൃത്ത് കൂടി ആയ ആനന്ദ് കൂടി പറഞ്ഞപ്പോള്‍ പിന്നെ മനസ്സില്ലാ മനസ്സോടെ അയാള്‍ സമ്മതം മൂളി ...

"നാല് മാസത്തെ കാര്യമല്ലേ കാര്‍ത്തിക് .. അത് കഴിഞ്ഞാല്‍ തിരിച്ചു വരാമല്ലോ . താന്‍ തന്നെ പോകണം .. എന്നാലേ ശരിയാകൂ ..." ആനന്ദ് പറഞ്ഞു ...

"പക്ഷെ ആനന്ദ് എന്‍റെ വിവാഹ നിശ്ചയം അടുത്തടുത്ത്‌ വരികയാണ് . ഞാനെല്ലാം മുന്പേ പറഞ്ഞതല്ലേ .. അതിനിടയില്‍ ഇങ്ങനെ ഒരു ട്രിപ്പ്‌ ... " കാര്‍ത്തികിന് ആധിയേറി ...

"ഞാനല്ലെടോ പറയുന്നത് .. ധൈര്യമായി പോകണം ... ഏറിയാല്‍ നാലും മാസം .. അതില്‍ക്കൂടുതല്‍ വേണ്ടേ വേണ്ട ..." ... ആനന്ദ് കാര്‍ത്തിക്കിനെ സമാധാനിപ്പിച്ചു ..

ആനന്ദ് പറഞ്ഞാല്‍ പിന്നെ മറു വാക്കില്ല കാര്‍ത്തിക്കിന് ... എന്നിരുന്നാലും ഇപ്പ്രാവശ്യം ...

യു. എസ് യാത്ര പുതിയതല്ല കാര്‍ത്തിക്കിന് ... കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ പല പല പ്രോജക്ടുകള്‍ക്ക് വേണ്ടി പല വട്ടം അയാള്‍ പോയി വന്നിട്ടുണ്ട് ... പണ്ടൊക്കെ ഒരു ത്രില്ലായിരുന്നു യു.എസ് യാത്ര . പിന്നെടെന്നോ അതൊരു മടുപ്പുളവാക്കുന്നതായി മാറി ... പക്ഷെ ഇപ്പോള്‍ ആനന്ദ് കൂടി നിര്‍ബന്ധിച്ചപ്പോള്‍ പിന്നെ എന്ത് ചെയ്യും ...

ഊഷ്മള സ്വീകരണം ....

പല സാരമായ പ്രശ്നങ്ങള്‍ക്കും നിമിഷ നേരങ്ങള്‍ കൊണ്ടു ഉത്തരം നല്കിയ കാര്‍ത്തിക്കിനെ നേരില്‍ കണ്ടപ്പോളുണ്ടായ ആനന്ദവും , അല്‍ഭുതവും നിറഞ്ഞ മുഖങ്ങള്‍ ആയിരുന്നു അയാള്‍ക്ക്‌ ചുറ്റിലും . ദിവസം കേള്‍ക്കുന്ന ശബ്ദത്തിനു ഉടമയായവരെ നേരിട്ടു കാണുമ്പോള്‍ ഉണ്ടായ അത്ഭുതം കാര്‍ത്തിക്കിനും ...

"എവിടെ ടോണി സ്ട്യുവെര്ട് ... " കാര്‍ത്തിക് കൂടി നിന്നവരോട് അന്വേഷിച്ചു ...
തന്നോടു എല്ലാം തുറന്നു സംസാരിക്കുന്ന , സാരമായ എല്ലാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്‍ത്തികിന്റെ സഹായിയാണ് ടോണി .നേരിട്ടു കണ്ടിട്ടില്ലെന്കിലും രണ്ടു പേരും അടുത്ത സുഹൃത്തുക്കളാണ് ... കാര്‍ത്തിക് വരുന്ന ഷിഫ്ട് തന്നെ തനിക്കും വേണമെന്നു ടോണി വാശി പിടിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട് ...

ടോണി അന്ന് ലീവ് ആണെന്ന് പിനീടാരോ പറഞ്ഞു കേട്ടു ...

ടീം മീറ്റിംഗില്‍ പലപ്പോളായി അയാളുടെ പേര്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു . പിന്നീടുള്ള ആഴ്ചകളില്‍ തുടങ്ങാന്‍ പോകുന്ന മൈഗ്രശേഷന് കാര്‍ത്തിക് ആണ് നേതൃത്വം കൊടുക്കേണ്ടത് ...

പിറ്റേന്നു ടീം മീറ്റിങ്ങ് കഴിഞ്ഞു ക്യുബിക്കിളില്‍ വന്നിരുന്നപ്പോള്‍ ആണ് അയാള്‍ ആ വെല്‍ക്കം കാര്‍ഡ് കണ്ടത് ... അതിലെ കുറിപ്പ് ഇപ്രകാരം ആയിരുന്നു ...

"ഇവിടെ വന്നു എന്നറിഞ്ഞു .... സ്വാഗതം ... നമുക്കു നേരില്‍ കാണാം .... "

സസ്നേഹം "ടോണി ..."

ഇന്ത്യയില്‍ നിന്നുള്ള കൂടുകാരോട് സംസാരിച്ചു ഫോണ്‍ താഴെ വച്ചപ്പോഴാണ് പുറകില്‍ നിന്നു ആരോ തന്നെ വിളിച്ചതായി തോന്നിയത് ... തിരിഞ്ഞു നോക്കുമ്പോള്‍ ഉയരം കുറഞ്ഞു ... കണ്ണട വച്ച് കുറെയൊക്കെ കഷണ്ടിയായ ... ഒരാള്‍ ...സംശയിച്ചു നിന്ന കാര്‍ത്തിക്കിനെ അയാള്‍ സ്വയം പരിചയപ്പെടുത്തി . "കാര്‍ത്തിക് ... അല്ലെ ... ? "
" ഞാന്‍ ടോണി .. ടോണി സ്ട്യുവെര്ട് ..."

പക്ഷെ ടോണി ... നിങ്ങള്‍ പാടെ മാറിയിരിക്കുന്നു ... പണ്ടയച്ചു തന്ന ഫോട്ടോയില്‍ കണ്ട ആളെ അല്ല ... , എന്തെങ്കിലും അസുഖമോ മറ്റോ ... ? " കാര്‍ത്തിക് ചോദിച്ചു ...

"അതൊക്കെ പോട്ടെ കാര്‍ത്തിക് ... എങ്ങനെയുണ്ട് ഹൂസ്ടന്‍ ... ഇഷ്ടപ്പെട്ടോ ? " .. ഭക്ഷണവും താമസവും എല്ലാം ... ?"

"എല്ലാം നന്നായിരിക്കുന്നു .... " കാര്‍ത്തിക് മറുപടി പറഞ്ഞു ...

" ടോണിയുടെ ഫാമിലി ... എല്ലാവരും സുഖമായി ഇരിക്കുന്നോ ... ?"

" സുഖമായിരിക്കുന്നു എല്ലാവരും ... " . അത് പറയുമ്പോള്‍ എന്തോ ടോണിയുടെ മുഖം മ്ലാനമായിരുന്നു ..." കാര്‍ത്തിക് ശ്രദ്ധിച്ചു ...

"അപ്പോള്‍ ശരി കാര്‍ത്തിക് ... നമുക്കിനിയും കാണാം ... ഇനിയിപ്പോള്‍ ഫോണിന്‍റെ സഹായമില്ലാതെ തന്നെ ... " ടോണി ചിരിച്ചു ... ഒപ്പം കാര്‍ത്തിക്കും ...

പിന്നീടാരോ പറയുന്നതു കേട്ടു ... ടോണിയെക്കുറിച്ച് ... ടോണിയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന ആ ചെറു സന്തുഷ്ട കുടുംബത്തോട് ഈശ്വരന് എന്ത് തോന്നി എന്നറിയില്ല . മരണം ഒരു കാര്‍ അപകടത്തിന്‍റെ രൂപത്തില്‍ ഭാര്യയേയും ഒരു മകനെയും കവര്ന്നെടുത്തപ്പോള്‍ ടോണി തകര്ന്നുപോയി ...

ശരിയാണ് മുന്‍പെന്നോ കുറച്ചു ദിവസം ടോണി ലീവില്‍ ആയിരുന്നു . അതിനെന്തോ കാരണവും അന്ന് പറഞ്ഞിരുന്നു ... പക്ഷെ അത് ഇതിനാലായിരുന്നെന്നു തിരിച്ചറിഞ്ഞത് ഇപ്പോള്‍ .

" സുഹൃത്തേ ... ... ഞാനൊന്നും അറിഞ്ഞിരുന്നില്ല ... കാര്‍ത്തിക് മനസ്സില്‍ പറഞ്ഞു ...

പിന്നീടുള്ള ദിവസങ്ങള്‍ തിരക്കുള്ളതായിരുന്നു . ദിവസവും പതിനാറു മണിക്കൂറോളം ഓഫീസില്‍ . രണ്ടാഴ്ച്ചകളോളം നീണ്ടു നിന്ന ജോലി ഭംഗിയായി തീര്‍ന്നപ്പോള്‍ അഭിനന്ദനങ്ങളുടെ ശരവര്‍ഷം . അന്ന് മീറ്റിംഗില്‍ അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ ടോണിയും ഉണ്ടായിരുന്നു ...

മീറ്റിങ്ങിനു ശേഷം പുറത്തു കടന്നപ്പോഴാണ് ആനന്ദ് വിളിച്ചത് ...

"കാര്‍ത്തിക് നമുക്കൊരു കാപ്പി കഴിക്കാം ... എനിക്ക് തന്നോടു കുറച്ചു സംസാരിക്കാനുണ്ട് ..."

കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ മുഖവുരയോടെ ആനന്ദ് തുടങ്ങി .

"കാര്‍ത്തിക് തനിക്ക് ഞാന്‍ പറയാന്‍ പോകുന്ന കാര്യം ഒരു പക്ഷെ തനിക്കിഷ്ടമാകില്ലെന്നറിയാം .. എന്നാലും എനിക്ക് വേറെ വഴിയില്ല . ഈ അവസരത്തില്‍ ഒരാറ് മാസം കൂടി താന്‍ ഇവിടെ നില്‍ക്കണം എന്നാണ് ക്ലൈന്റ് ആവശ്യപ്പെടുന്നത് ... എനിക്കറിയാം തന്‍റെ വിവാഹ നിശ്ചയം അങ്ങനെ ... എല്ലാം .... പക്ഷെ ... നമുക്കവരെ പിണക്കാന്‍ കഴിയില്ല ..." . " ഒരാറ് മാസം എങ്ങിനെയെങ്കിലും .. പ്ലീസ് .... "

കാര്‍ത്തിക്കിന് ഉറക്കെ ചീത്ത വിളിക്കാനാണ് തോന്നിയത് . ഇതെല്ലാം ആദ്യമേ പറഞ്ഞതാണ് ...എന്നിട്ടിപ്പോള്‍ ... അയാള്‍ പരമാവധി പറഞ്ഞു നോക്കി ... ഒടുവില്‍ ആനന്ദിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ സമ്മതിച്ചു .

"പക്ഷെ ആറ് മാസം ... അതില്‍ കൂടുതല്‍ നില്‍ക്കാന്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ ജോലി രാജി വച്ച് എന്‍റെ പാട്ടിനു പോകും ... ആദ്യമേ പറയാം ... " . കാര്‍ത്തിക് ഓര്‍മ്മിപ്പിച്ചു ...

"ഇല്ലെടോ ആറ് മാസം അതില്ക്കൊടുതല്‍ ഇല്ല ... എനിക്ക് വളരെ വിഷമമുണ്ട് ... പക്ഷെ ... വേറെ ഒരു വഴിയും ഇല്ലെടോ .... " അല്ലെങ്കിലും നമ്മളൊക്കെ മറ്റാര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുകയാനെടോ ... എന്ത് ചെയ്യാം ... " ആനന്ദ് ദീര്‍ഖ നിശ്വാസത്തോടെ പറഞ്ഞു ...

ഈ വേദാന്തം ഒന്നും കാര്‍ത്തിക്കിന്റെ തലയില്‍ കയറിയില്ല ... ഒടുവില്‍ , കാര്‍ത്തിക് ശരിയെന്നു പറഞ്ഞപ്പോള്‍ ആണ് ആനന്ദിന്‍റെ ശ്വാസം നേരെ വീണത്‌ ... അയാള്‍ കാര്‍ത്തിക്കിന് നന്ദി പറഞ്ഞു ...

" ഹൈ കാര്‍ത്തിക് ... അപ്പോള്‍ എല്ലാം ഭംഗിയായി കഴിഞ്ഞു അല്ലെ ?. ഇനി എന്നാണു തിരിക്കുന്നത് " ... അന്ന് വൈകിട്ട് കാപ്പി കഴിക്കാന്‍ കാന്റീനില്‍ ഇരിക്കുമ്പോള്‍ ടോണി ചോദിച്ചു ...

" ഇല്ല ടോണി ... ഇനിയും ഒരാറ് മാസം കൂടി ഇവിടെ നില്‍ക്കാനാണ് കമ്പനി പറയുന്നതു . എന്ത് ചെയ്യാം ... വേറെ ഒരു രക്ഷയും ഇല്ല .. നിന്നെ പറ്റൂ ... "

ഇതു കേട്ടപ്പോള്‍ ടോണിയുടെ മുഖം ഒന്നു വിളറിയതായി കാര്‍ത്തിക് ശ്രദ്ധിച്ചു ...

"അപ്പോള്‍ ശരി കാര്‍ത്തിക് .. എന്തായാലും സന്തോഷം കുറച്ചു കാലം കൂടെ താങ്കളെ ഇവിടെ കാണാമല്ലോ ... " യാത്ര പറഞ്ഞു ടോണി നടന്നു നീങ്ങി ...

വാരാന്ത്യം മുഴുവന്‍ ഉറങ്ങിയും , സിനിമ കണ്ടും തീര്‍ത്തു . പ്രോജക്റ്റ് തീര്‍ന്നതിനാല്‍ ഒരു ശൂന്യത ... അലസമായ ദിവസങ്ങള്‍ ... കാര്യമായ പണിയൊന്നും ഇല്ല . കാര്‍ത്തിക്കിന് വല്ലാതെ മടുപ്പ് തോന്നി ...

ഒരിക്കല്‍ കാര്‍ത്തിക് വരുമ്പോള്‍ ഒരു കുറിപ്പ് ...

" സുഹൃത്തേ നന്ദി ... ഞാന്‍ പോവുകയാണ് ... എന്നെങ്കിലും കാണാം ... "

സസ്നേഹം ടോണി ...

കാര്‍ത്തിക്കിന് ഒന്നു മനസ്സിലായില്ല ...ടോണിയെ കാണാനായി അയാള്‍ ഇരിക്കുന്നിടത്ത് പോയപ്പോള്‍ അവിടം ശൂന്യമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ടോണിയെ കണ്ടില്ല ...

പിന്നീടെന്നോ ടോണിയുടെ അടുത്ത സീറ്റില്‍ ഇരിക്കുന്ന ഒരു സ്ത്രീയാണ് കാര്യം പറഞ്ഞത് ... കഴിഞ്ഞ മാസം പിങ്ക് സ്ലിപ് കിട്ടിയവരുടെ കൂട്ടത്തില്‍ ടോണിയും ഉണ്ടായിരുന്നു ... അവസാനം വരെ ടോണി ലിസ്റ്റില്‍ ഇല്ലായിരുന്നു ... പക്ഷെ ഇന്ത്യയില്‍ നിന്നുള്ള മറ്റാരോ അയാള്‍ക്ക് പകരക്കാരനായി വന്നെന്നും ഒരു പക്ഷെ അതായിരിക്കാം ടോണിയെ പറഞ്ഞയക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു നിര്‍ത്തി .


കാര്‍ത്തിക് ഒന്നും മിണ്ടിയില്ല ... അയാള്‍ നടന്നു ... ഒന്നു കൂടി ടോണിയുടെ സീറ്റിലേക്ക് നോക്കി . ഇല്ല അവിടെ ശൂന്യം ... അയാള്‍ വരില്ല ... അതിന് കാരണക്കാരന്‍ ... താനാണോ ? ...

പിറ്റേന്നുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ പ്രത്യേക നേട്ടത്തിനുള്ള കമ്പനി അവാര്‍ഡ് വാങ്ങുമ്പോള്‍ അയാള്‍ക്കെന്തോ സന്തോഷമൊന്നും തോന്നിയില്ല . മനസ്സില്‍ മുഴുവനും ടോണിയുടെ മുഖമായിരുന്നു ....

ടോണി മാപ്പ് .. ഞാന്‍ അറിഞ്ഞില്ല ... ഒന്നും ...

Wednesday, November 12, 2008

പതിന്നാലാം താള്‍ " അനിതയുടെ ... താളുകള്‍ "

ഒന്നാം ചരമ വാര്‍ഷികം
അനിത
ജനനം 15-09-1980 മരണം 10-3-2007
സന്തപ്ത കുടുംബങ്ങങ്ങള്‍ ...

ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടിയെ അയാള്‍ക്ക്‌ നേരിട്ടു പരിച്ചയമില്ലെന്കിലും അയാള്‍ക്കറിയാം അവരെ . ആ ഫോട്ടോ അയാള്‍ ആദ്യമായി കാണുന്നത് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു മാട്രിമോണി സൈറ്റില്‍ . അവസാനമായി കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇതേ പത്രത്തില്‍ ... ചരമക്കോളത്തില്‍ ... ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയോടു കൂടി ...

മാട്രിമോണി സൈറ്റിലെ ആ പ്രൊഫൈല്‍ അയാള്‍ ഇപ്പോളും ഓര്‍ക്കുന്നു . അന്നയാള്‍ ഓഫീസിനടുത്തുള്ള ഒരു ഫ്ലാറ്റില്‍ കൂട്ടുകാരോടൊത്ത് താമസിക്കുന്ന കാലം . ഒരു രസത്തിനു വേണ്ടി രെജിസ്ടര്‍ ചെയ്ത മാട്രിമോണി സൈറ്റില്‍ നിന്നും അപ്രതീക്ഷിതമായാണ് അയാള്‍ക്ക്‌ ഒരു മെയില്‍ കിട്ടിയത് ... " എനിക്ക് നിങ്ങളുടെ പ്രൊഫൈലില്‍ താത്പര്യം ഉണ്ട് , തിരിച്ചു താത്പര്യം ഉണ്ടെങ്കില്‍ ഈ മെയില്‍ ഐ. ഡിയില്‍ മറുപടി അയക്കുക " . ഇതായിരുന്നു മെയിലിന്‍റെ ഉള്ളടക്കം .

കൂട്ടുകാരുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ അയാള്‍ ആ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ തുറന്നു നോക്കി . കാണാന്‍ അത്ര ആകര്‍ഷകമാല്ലാതിരുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു അതില്‍ ...

ആ റിക്വസ്റ്റ് റിജക്റ്റ് ചെയ്യാന്‍ അത് മാത്രമായിരുന്നില്ല കാരണം . അച്ഛനും അമ്മയും ഇന്റര്‍ കാസ്റ്റ് മാര്യേജ് ചെയ്തവര്‍ , ചൊവ്വാദോഷം , പതിവിലും കവിഞ്ഞ തടി ( അല്പം തടി കൂടുതല്‍ എന്ന് പ്രൊഫൈലില്‍ എഴുതിയിരിയ്ക്കുന്നു ) , പരിമിതമായ വിദ്യാഭ്യാസം എന്നീ കാരണങ്ങളാല്‍ ആകണം അയാള്‍ക്ക്‌ മുന്പേ മറ്റു പലര്ക്കും അവരെ ഇഷ്ടപ്പെടാതെ പോയത് ...

ഭംഗി ഒരു പ്രശ്നമല്ലെങ്കിലും തനി യാഥാസ്ഥികര്‍ ആയ കുടുംബാംഗങ്ങള്‍ അംഗീകരിയ്ക്കുന്ന കാര്യങ്ങള്‍ അല്ല മറ്റൊന്നും . എന്നിരുന്നാലും തന്നെക്കുറിച്ച് ആ കുട്ടി എഴുതിയിരുന്ന കാര്യങ്ങള്‍ അയാളെ വല്ലാതെ സ്പര്‍ശിച്ചു ... സാധാരണ പെണ്‍കുട്ടികള്‍ എഴുതാറുള്ള സ്വയ വര്‍ണനകള്‍ അയാള്‍ക്കറിയാം . പക്ഷെ എന്തോ അതില്‍ നിന്നും വ്യത്യസ്തമായിരുന്നു അത് .

എന്നെക്കുറിച്ചു കൂടുതലറിയാന്‍ എന്‍റെ ബ്ലോഗ് വായിയ്ക്കുക ... ബ്ലോഗിന്‍റെ പേര് താഴെ കൊടുക്കുന്നു ...
" അനിതയുടെ താളുകള്‍ "
ഇങ്ങനെ അവസാനിയ്ക്കുന്നു ആ പ്രൊഫൈല്‍ .

പിന്നെടെന്നോ ആണെന്ന് തോന്നുന്നു അയാള്‍ ആ ബ്ലോഗ് വായിയ്ക്കാന്‍ ഇടയായത് . കൃത്യമായി ഓര്‍ക്കുന്നില്ല . ഒരു പക്ഷെ അയാള്‍ ആദ്യമായി വായിച്ചിട്ടുള്ള ബ്ലോഗും അനിതയുടെ തന്നെ . കഥകളും , കവിതകളും , നിരൂപണങ്ങളും , യാത്രാ വിവരണങ്ങളും ആയി ഒരുപാടു പോസ്റ്റുകള്‍ ഒരു വര്‍ഷത്തിനിടയ്ക്ക് . പക്ഷെ ആ കഥകളിലും കവിതകളിലും അയാള്‍ ഒന്നു ശ്രദ്ധിച്ചു . നൈരാശ്യം , ഒറ്റപ്പെടല്‍ ഇതൊക്കെയായിരുന്നു എല്ലാത്തിന്‍റെയും ഇതി വൃത്തം . എന്തേ എല്ലാത്തിലും നൈരാശ്യം കലര്‍ന്നിരിക്കുന്നെതെന്നു ഒരിക്കല്‍ അയാള്‍ ഒരു കമന്റായി എഴുതി . മറുപടി , ഒരു ചിരിക്കുന്ന മുഖം ... പിന്നെപ്പിന്നെ അയാള്‍ അവ വായിക്കുക എന്നല്ലാതെ ഒന്നും കമന്റായി എഴുതാതെയായി .

പിന്നീട് കുറെ മാസങ്ങളോളം അനിതയുടെ ബ്ലോഗില്‍ പുതുതായി ഒന്നും പോസ്റ്റു ചെയ്തു കണ്ടില്ല . അങ്ങനെയിരിക്കെ ഒരു ദിവസം " ദീര്‍ഘ യാത്ര " എന്ന പേരില്‍ ഒരു കവിത പോസ്റ്റ് ചെയ്തു കണ്ടു . പതിവു തെറ്റിച്ചു അയാള്‍ അന്നതിനൊരു കമന്റെഴുതി ...

"നന്നായിരിക്കുന്നു .. പക്ഷെ എങ്ങോട്ടാണ് യാത്ര ... " . ഒരു പക്ഷെ അനിത അയാള്‍ക്ക്‌ ആദ്യമായും അവസാനമായും അയച്ച മറുപടിയും അതായിരുന്നു ... അതിപ്രകാരമായിരുന്നു ...

" എങ്ങോട്ടെന്നു അറിയാത്ത ഒരു ദീര്‍ഘ യാത്ര ... " .

പക്ഷെ അത് എങ്ങോട്ടാണെന്ന് അയാള്‍ക്ക്‌ പിടി കിട്ടിയത് പിറ്റേ ദിവസത്തെ ചരമക്കോളത്തില്‍ നിന്നും ...

അന്നയാള്‍ വൈകിയിട്ടു അനിതയുടെ ബ്ലോഗില്‍ അവസാനത്തെ പോസ്റ്റില്‍ കമന്റായി അയാള്‍ എഴുതി .

" അറിഞ്ഞില്ല ഞാന്‍ ... അറിഞ്ഞിരുന്നെന്കില്‍ ... " . അയാള്‍ കാത്തിരുന്നു ... മറുപടിക്കായി ... വരില്ലെന്ന് അറിയാമെന്കിലും ...